കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞിട്ട് ആറുമാസം; കലുങ്ക് പണി ഇനിയും തീർന്നില്ല
1478214
Monday, November 11, 2024 5:29 AM IST
ഇരിട്ടി: കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും കലുങ്ക് നിർമാണം പൂർത്തിയായായില്ല. കലുങ്ക് പണി പൂർത്തിയാകാത്തത് കാരണം പടിയൂർ പഞ്ചായത്തിലെ നിടിയോടി-അയ്യൻ കോവിൽ, നിടിയോടി-എയ്യൻമട പ്രദേശത്തേക്കുള്ള വാഹന ഗതാഗതവും ദുഷ്കരമായി തുടരുകയാണ്.
ആറു ലക്ഷം രൂപയിൽ നിർമിക്കേണ്ട കലുങ്കിന്റെ പണിയാണ് നീണ്ടു പോകുന്നത്.
മഴക്കാലത്തിന്റെ തുടക്കത്തിൽ കരാറുകാരൻ പണി ആരംഭിച്ചിരുന്നെങ്കിലും കോൺക്രീറ്റ് പണി മാത്രമാണ് ഇതിനകം പൂർത്തിയായത്. അപ്രോച്ച് റോഡിന്റെ പണിയും അനുബന്ധ ഓവുചാൽ നിർമാണവും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മാസങ്ങൾ കാത്തിരുന്നിട്ടും നിർമാണം നടക്കാതെ വന്നപ്പോൾ പ്രദേശവാസികൾ കലുങ്കിനു ഇരുപുറവും മണ്ണ് നിരത്തി ഓട്ടോറിക്ഷകൾക്കും ബൈക്കുകൾക്കും പോകാനായി താത്കാലിക വഴി നിർമിക്കുകയായിരുന്നു.
എന്നാൽ, സ്കൂൾ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ കഴിയാത്തത് സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരെ വലയ്ക്കുകയാണ്. കലുങ്ക് നിർമിച്ച റോഡിനോട് ചേർന്നുള്ള നിടിയോടി-എയ്യൻമട റോഡിലേക്കുള്ള വാഹന ഗതാഗതവും നിലച്ചിരിക്കുകയാണ്. കരാറുകാരനോട് പലതവണ പണി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ് നിർമാണം വൈകിപ്പിക്കുകയാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.