ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം വഞ്ചിച്ചുവെന്ന് പരാതി
1478082
Sunday, November 10, 2024 7:57 AM IST
പയ്യന്നൂര്‍: വിദേശത്ത് ജോലിയും വര്‍ക്ക് വീസയും വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കെ. സുനില്‍കുമാറിന്റെ പരാതിയില്‍ തൃശൂര്‍ കൊക്കാലയിലെ കാസില ഓവര്‍സീസ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരേയും പാര്‍ട്ണര്‍മാരായ രാഹുല്‍, കണ്ണന് എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തത്.
കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ എന്നുപരിചയപ്പെടുത്തി ഓസ്ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിയും വര്‍ക്ക് വീസയും ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് വഞ്ചിച്ചതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ രണ്ട്, അഞ്ച് ദിവസങ്ങളിലായി ഒന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം നല്കിയ പണമോ ജോലിയോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.