യുവജനങ്ങൾ ജീവിതവിജയം ലക്ഷ്യമിട്ട് ജീവിക്കണം: മോൺ. ആന്റണി മുതുകുന്നേൽ
1478222
Monday, November 11, 2024 5:29 AM IST
ചെറുപുഴ: യുവജനങ്ങൾ അവർക്കു ലഭിച്ചിരിക്കുന്ന കഴിവുകളാകുന്ന "താലന്തുകൾ' ലക്ഷ്യബോധത്തോടെയും ഉത്തരവാദിത്വത്തോടെയും ഉപയോഗപ്പെടുത്തി ജീവിതവിജയത്തിനായി പരിശ്രമിക്കണമെന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ. ചെറുപുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന പ്ലസ്ടു വിദ്യാർഥികളുടെ സംഗമം സോൾട്ട്- 2024 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൺ. ആന്റണി മുതുകുന്നേൽ.
ജീവിതത്തിൽ വിജയം വരിക്കണമെങ്കിൽ കഠിനാധ്വാനം ആവശ്യമാണ്. വിജയം നേടിയ മഹാന്മാരുടെ ജീവചരിത്രങ്ങൾ കാണിച്ചുതരുന്നത് ലഭിച്ച താലന്തുകൾ അവർ ഇരട്ടിയാക്കി എന്ന സന്ദേശമാണ്. ബുദ്ധിശക്തിയും കഴിയും ദൈവാശ്രയബോധത്തോടെ ഉപയോഗിക്കുമ്പോൾ വിജയിക്കാനാകും. -അദ്ദേഹം പറഞ്ഞു.
ഫാ. അഖിൽ മുക്കുഴി, ഡോ. അലക്സ് ജോർജ് കാവുകാട്ട്, ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ലിബിൻ എഴുപറയിൽ എന്നിവർ ക്ലാസുകൾ നയിച്ചു. തലശേരി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ സ്വാഗതവും വിമലഗിരി പരപ്പ സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ സന്തോഷ് വട്ടപ്പറമ്പിൽ നന്ദിയും പറഞ്ഞു.
ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. മാത്യു കോട്ടുചേരാടിയിൽ , ഫാ. ജിതിൻ വയലുങ്കൽ, ഫാ. എബിൻ മടപ്പാംതോട്ടുകുന്നേൽ, സജി തുരുത്തേൽ, ബിജു ചൊവ്വാറ്റുകുന്നേൽ, സജി വള്ളോപ്പിള്ളിൽ, റെജീസ് ചെറുപറമ്പിൽ, ജോൺസൺ കിഴക്കേചെത്തിപ്പുഴ, സിസ്റ്റർ റോസിലിയ എൻഎസ്, ബ്രദർ സ്കറിയ പായിക്കാട്ട് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. പാടിച്ചാൽ സൺഡേ സ്കൂൾ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കണ്ണൂർ ജില്ലയിലെ ചെറുപുഴ, വെള്ളരിക്കുണ്ട് മേഖലകളിൽ നിന്നുള്ള എഴുന്നൂറോളം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു.