കാണാതായ യുവാവ് പുഴയില്‍ മരിച്ചനിലയിൽ; പോലീസിനെതിരേ ജനരോഷം
1478769
Wednesday, November 13, 2024 6:34 AM IST
പരിയാരം: കഴിഞ്ഞ ദിവസം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂരിലെ തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ. മെഹ്റൂഫിന്റെ (27) മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ തിരുവട്ടൂര്‍ കുറ്റേരി പുഴയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10ന് രാത്രി 11.50 ന് പരിയാരം ഗ്രേഡ് എസ്ഐ വിനയന് ചെല്ലരിയന്റെ നേതൃത്വത്തില്‍ കുറ്റ്യേരി കടവില്‍ മണല്‍ കടത്തിനെതിരെ പരിശോധന നടത്തിയിരുന്നു.
അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ പ്രകാശന്, രാജേഷ് കുമാര്‍, സീനിയര്‍ സിപിഒ രതീഷ് എന്നിവരുമുണ്ടായിരുന്നു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ മെഹ്റൂഫ് അടയ്ക്കമുള്ള നാലംഗസംഘം ടിപ്പര്‍ ലോറിയില്‍ മണൽ കയറ്റുകയായിരുന്നുവെന്നു പറയുന്നു. പോലീസിനെ കണ്ടതോടെ മണല്‍കടത്ത് സംഘം പുഴയിലേക്കു ചാടുകയായിരുന്നു. ഇതിനു പിന്നാലെ മെഹ്റൂഫിനെ കാണാതാകുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് കൂട്ടുകാർ മെഹ്റൂഫിനെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ചപ്പോള്‍ സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരങ്ങാട് ഉണ്ടെന്ന വിവരമാണ് ലഭിച്ചതെന്നു പോലീസ് അവരോട് പറഞ്ഞിരുന്നു.
കാണാതായതിന് കേസെടുക്കണമെങ്കില്‍ ബന്ധുക്കള്‍ വരണമെന്നും പോലീസ് നിര്‍ബന്ധം പിടിച്ചതായി മെഹ്റൂഫിന്റെ സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ രാവിലെ 10.30 നാണ് മകനെ കാണാനില്ലെന്ന മെഹ്റൂഫിന്റെ ഉപ്പ മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. സുഹൃത്തുക്കള്‍ പുഴയിൽ തെരച്ചില്‍ നടത്തി വരുന്നതിനിയിലാണു മൃതദേഹം തിരുവട്ടൂര്‍ കുറ്റേരി പുഴയില്‍ പൊങ്ങിയത്. തുടർന്ന് പരിയാരം പോലീസ് സ്ഥലത്തെത്തിയപ്പോൾ രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ സമ്മതിച്ചില്ല.
പോലീസിനെതിരായ പ്രതിഷേധം രൂക്ഷമായതോടെ പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. തളിപ്പറമ്പ് ആര്‍ഡിഒ ടി.വി. രഞ്ജിത്ത്, തഹസില്‍ദാര്‍ പി. സജീവന്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ, വില്ലേജ് ഓഫീസര്‍ പി.വി. വിനോദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. പോലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ആര്‍ഡിഒ ഉറപ്പുനല്കിയശേഷമാണു ഇന്‍ക്വസ്റ്റിന് നാട്ടുകാര്‍ സമ്മതിച്ചത്. തിരുവട്ടൂര്‍ അങ്കണവാടിക്കു സമീപത്തെ മുഹമ്മദ്കുഞ്ഞി-റംല ദമ്പതികളുടെ മകനാണ് മെഹ്റൂഫ്. മുസ്ഫിറ, തന്‍സീറ എന്നിവര്‍ സഹോദരങ്ങളാണ്.