മലപ്പട്ടം അഡൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളപ്പൊക്കം!
1478488
Tuesday, November 12, 2024 7:00 AM IST
ശ്രീകണ്ഠപുരം: മലപ്പട്ടം-കണ്ണൂർ മെക്കാഡം റോഡിൽ അഡൂരിലും കോട്ടൂർ പഞ്ചാമൂലയിലും പന്നിയോട്ടുമൂലയിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. ശക്തമായ ചോർച്ചയെത്തുടർന്നുണ്ടായ വെള്ളെത്തിന്റെ കുത്തൊഴുക്കു കണ്ട് നാട്ടുകാരും ഞെട്ടി.
റോഡിലൂടെ ശക്തിയായി വെള്ളം ഒഴുകി നടന്നുപോകാൻപോലും കഴിയാത്ത അവസ്ഥയായിരുന്നു. പഴശി പദ്ധതി സൈറ്റിൽ നിന്ന് കൂനത്തെ ടാങ്കിലേക്ക് വെള്ളം കൊണ്ടുപോകുന്ന പ്രധാന പൈപ്പാണ് ഇന്നലെ രാവിലെ പൊട്ടിയത്. വെള്ളം കുത്തിയൊലിച്ച് നാലു വീട്ടുകാരുടെ പച്ചക്കറികളും ചെടികളും നശിച്ചു. മതിലും ഒഴുകിപ്പോയി.
വെള്ളത്തിന്റെ സമ്മർദ്ദം കൊണ്ടായിരിക്കും പൈപ്പ് പൊട്ടിയതെന്ന് സ്ഥലത്ത് എത്തിയ ജല അഥോറിറ്റി ഉദ്യോസ്ഥർ പറഞ്ഞു. 10 ഓടെ വെള്ളം നിർത്തി അറ്റകുറ്റപ്പണി നടത്തി. വിവരമറിഞ്ഞ് പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.