എടക്കോം പള്ളിയും പരിസരവും പ്ലാസ്റ്റിക്മുക്ത മേഖലയാക്കും
1478075
Sunday, November 10, 2024 7:57 AM IST
എടക്കോം: എടക്കോം ഉണ്ണി മിശിഹാ പള്ളിയും പരിസരവും പ്ലാസ്റ്റിക് മുക്ത മേഖലയാക്കി മാറ്റാനുള്ള തീരുമാനവുമായി ഇടവകാ സമൂഹം. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടവക വികാരി ഫാ. ജോസഫ് പൗവത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന പാരിഷ് കൗൺസിൽ യോഗത്തിൽ പള്ളിയോടനുബന്ധിച്ച് നടക്കുന്ന ഒരു പരിപാടികളിലും നിരോധിത പേപ്പർ ഗ്ലാസ്, പ്ലേറ്റുകൾ എന്നിവ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
പള്ളിയിൽ വരുന്നവർ പ്ലാസ്റ്റിക് കവർ, കുടിവെള്ള കുപ്പികൾ എന്നിവയൊന്നും അലക്ഷ്യമായി ഉപേക്ഷിക്കരുത്. മൃതസംസ്കാര വേളകളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ റീത്തുകൾ, ബൊക്കെകൾ എന്നിവ ഉപയോഗിക്കില്ല. എന്നാൽ, ആദരവ് അർപ്പിക്കാൻ പൂക്കൾ ഉപയോഗിക്കുന്ന രീതി തുടരും.
പ്ലാസ്റ്റിക് കവർ, മിനറൽ വാട്ടർ കുപ്പികൾ എന്നിവ അലക്ഷ്യമായി ഉപേക്ഷിക്കരുത്. ഈ തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് പാരിഷ് കൗൺസിൽ അഭ്യർഥിച്ചു