റെയിൽവേ ഗേറ്റ് തുറന്നില്ല; ഗേറ്റ്മാൻ അറസ്റ്റിൽ
1478081
Sunday, November 10, 2024 7:57 AM IST
കണ്ണൂർ: മദ്യപിച്ച് അടച്ചിട്ട റെയിൽവേ ഗേറ്റ് തുറക്കാതെ ഗതാഗത തടസം സൃഷ്ടിച്ച ഗേറ്റ്മാൻ അറസ്റ്റിൽ. പിണറായി എരുവെട്ടി സ്വദേശി കെ.വി. സുധീഷിനെയാണ് (48) കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി 8.30 തോടെ നടാൽ ഗേറ്റിലായിരുന്നു സംഭവം. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഗേറ്റിന് സമീപം പിടിച്ചിട്ടു.
കൂടാതെ സിഗ്നൽ ലഭിക്കാതെ താഴെചൊവ്വ, താഴെചൊവ്വ- സിറ്റി റോഡ്, മുഴപ്പിലങ്ങാട് കുളംബസാർ, എടക്കാട് ബീച്ച് റോഡ്, മഠം എന്നീ റെയിൽവേ ഗേറ്റുകളും ഏറെ സമയം അടഞ്ഞുകിടന്നു. കോയന്പത്തൂർ - കണ്ണൂർ എക്സ്പ്രസിന് കടന്നുപോകാനാണ് റെയിൽവേ ഗേറ്റ് അടച്ചിട്ടത്. പാസഞ്ചർ കടന്നുപോയി 10 മിനിറ്റ് കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാതായതോടെ യാത്രക്കാർ കാബിനിലെത്തി നോക്കിയപ്പോഴാണ് മദ്യലഹരിയിൽ കിടക്കുന്ന ഗേറ്റ്മാനെ കണ്ടത്. തുടർന്ന് എടക്കാട് പോലീസിനെ വിവരം അറിയിച്ചു.
തുടർന്ന് പോലീസ് എടക്കാട് റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായെത്തിയാണ് മാവേലി എക്സ്പ്രസിന് സിഗ്നൽ നൽകിയത്. വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതിനാൽ ഗേറ്റുകൾ തുറന്നശേഷവും ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.