പറമ്പിലുണ്ടായ സ്ഫോടനത്തില്‍ യുവതിയുടെ വിരലുകള്‍ അറ്റു
1478479
Tuesday, November 12, 2024 7:00 AM IST
രാജപുരം (കാസര്‍ഗോഡ്): സ്വകാര്യവ്യക്തിയുടെ പറമ്പില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കൂലിതൊഴിലാളിയായ യുവതിക്ക് ഗുരുതരപരിക്ക്. പനത്തടി ഓട്ടമാളത്തെ സുകുമാരന്റെ ഭാര്യ സി. വാസന്തിക്കാണ് (42) പരിക്കേറ്റത്.
ഇടതുകൈയിലെ രണ്ടു വിരലുകള്‍ അറ്റുപോയി. ഇടതുകൈ മുഴുവന്‍ പൊള്ളിയനിലയിലാണ്. വലതുകൈയ്ക്കും സാരമായ പരിക്കുണ്ട്. വലതുകാലിനും മുഖത്തും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. വാസന്തിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബളാന്തോട് അടുക്കത്തെ കവുങ്ങിന്തോട്ടത്തില് ജോലി ചെയ്യുന്നതിനിടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. വാസന്തിയും ഓട്ടമാളത്തെ ഷീജയും പണിയെടുക്കുകയായിരുന്നു.
പറമ്പില്‍നിന്നു ചാണകം മാറ്റുന്നതിനിടെ പുല്ലിനിടയില്‍ കണ്ട സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച സാധനം വാസന്തിയുടെ കണ്ണില്‍പ്പെട്ടു. നീല നിറത്തില്‍ കാണപ്പെട്ട ഈ വസ്തു കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആള്ത്തമസമില്ലാത്ത ഈ സ്ഥലത്ത് നായാട്ടുസംഘം പന്നിപ്പടക്കം കൊണ്ടുവച്ചതാകാമെന്നാണ് സംശയിക്കുന്നത്.