ആറളത്ത് ആർആർടിയെക്കാൾ കൂടുതൽ ആനകൾ
1478770
Wednesday, November 13, 2024 6:34 AM IST
ഇരിട്ടി: ആനയെ തുരത്താൻ ആറളം ഫാമിലെത്തി ഒടുവിൽ തിരിച്ചുപോകാൻ കഴിയാതെ ഫാമിനുള്ളിൽ ആസ്ഥാന മന്ദിരം നിർമിച്ച് സ്ഥിരതാമസമാക്കിയ കഥയാണ് ആറളം ഫാമിലെ ആർആർടിക്ക് പറയാനുള്ളത്. രാപകൽ വ്യത്യാസമില്ലാതെ പുനരധിവാസ മേഖലയിൽനിന്ന് ഒരു ദിവസം എത്ര ആനകളെ തുരത്തുന്നുവെന്ന് ചോദിച്ചാൽ ആർആർടിക്ക് പോലും കണക്കുകൾ ഉണ്ടാവില്ല. നൂറോളം ആനകളെ മെരുക്കാൻ ദ്രുതകർമസേനയ്ക്ക് 12 സ്ഥിരം സ്റ്റാഫുകളും ഒൻപത് വാച്ചർമാരുമാണുള്ളത്. കണ്ണൂർ ജില്ലയിൽ മുഴുവൻ ജോലിചെയ്യണ്ട ആർആർടി അംഗങ്ങളാണ് വർധിച്ച ആനശല്യം കൊണ്ട് ആറളം ഫാമിൽ മാത്രം ഒതുങ്ങിപ്പോയത്.
യന്ത്രവാളും തെങ്കാശി
പടക്കവും
ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാറിന്റെ നേതൃത്വത്തിലാണ് ആർആർടി പ്രവർത്തിക്കുന്നത്. ടീമിന്റെ പ്രധാന ആയുധങ്ങൾ യന്ത്രവാളും തെങ്കാശി പടക്കങ്ങളുമാണ്. കൂടാതെ പോയിന്റ് 315 റൈഫിൾ അഞ്ചെണ്ണം, വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാൻ രാത്രിയും പകലും ഉപയോഗിക്കാവുന്ന തെർമൽ ഇമേജ് ഡ്രോൺ, പമ്പ് ആക്ഷൻ ഗൺ രണ്ടെണ്ണം, ഒരു വാഹനം എന്നിവയാണ് ആർആർടി ക്ക് സ്വന്തമായുള്ളത്.
ഇപ്പോൾ പുതുതായി കടുവകളെ അടക്കം പിടികൂടാൻ കഴിയുന്ന രണ്ട് കൂടുകൾ കൂടി ആർആർടിക്ക് ലഭിച്ചിട്ടുണ്ട് . ശിവകാശി പടക്കത്തിന്റെ ശബ്ദം സുപരിചിതമായതോടെ അറക്കവാളിന്റെ ശബ്ദമുണ്ടാക്കി ഭീഷണിപ്പെടുത്തിയാണ് ആനകളെ ഓടിക്കുന്നത്. എങ്കിലും പലപ്പോഴും ആനകൾ ആർആർടി ക്ക് നേരെ തിരിയും. കൂകിയും ഉച്ചത്തിൽ കരഞ്ഞും വാഹനത്തിൽ അടിച്ചുമാണ് പലപ്പോഴും ആനകളെ പിന്തിരിപ്പിക്കുന്നത്.
ജീവകാരുണ്യത്തിന്റെ കരങ്ങൾ
ആർആർടി അംഗങ്ങൾ വന്യമൃഗങ്ങളെ തുരത്തുന്നതിൽ മാത്രമല്ല ഫാമിലെ താമസക്കാരുടെ അടിയന്തര ആവശ്യങ്ങൾക്ക് ഓടിയെത്തുന്നതും പതിവാണ്. രാത്രി വൈകി എത്തുന്നവരെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുക, ഗർഭിണികളെയും രോഗികളെയും രാത്രിയിൽ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കുക തുടങ്ങി നിരവധി ജീവകാരുണ്യ പ്രവൃത്തികൾ നടത്തുന്നു. ഏഴുപേർ അടങ്ങുന്ന മൂന്ന് ബാച്ചുകളായാണ് ഇവരുടെ ഡ്യൂട്ടി . മരം വീണ് വഴി തടസപ്പെടുന്നതും ആന തകർക്കുന്ന ഫെൻസിംഗും ശരിയാക്കുന്നത് ആർആർടി അംഗങ്ങളാണ്. പലപ്പോഴും തൊഴിലുറപ്പ് ജോലിക്കാർക്ക് കാവൽ നിൽക്കേണ്ട സാഹചര്യവുമുണ്ട്.
അനുഭവപരിചയം കൊണ്ട് മാത്രമാണ് ആർആർടി ഫാമിനുള്ളിൽ പ്രവർത്തിക്കുന്നത്. ഫാമിനുള്ളിൽ തമ്പടിക്കുന്ന ഓരോ ആനകളെക്കുറിച്ചും അവയുടെ സ്വഭാവത്തെകുറിച്ചും കൃത്യമായ പഠനം നടത്തിയാണ് ഇവരുടെ പ്രവർത്തനം. ആന ഇറങ്ങുന്ന വഴികൾ, തമ്പടിക്കുന്ന പ്രദേശം തുടങ്ങിയവ ആർആർടിക്ക് മനഃപാഠമാണ്.
ജീവൻ പണയംവച്ച് ആനകളെ തുരത്തുമ്പോൾ ഇവർക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നത് പുനരധിവാസ മേഖലയിലെ കാടുകളാണ്. കാടുകൾ വെട്ടിമാറ്റിയാൽ ആനകൾ വനത്തിലേക്ക് പിൻവലിയുമെന്നാണ് ഇവർ പറയുന്നത്. കാടുകൾ അടിയന്തരമായി വെട്ടിമാറ്റാൻ ആർഡിഎമ്മിന് കത്ത് നൽകിയിരിക്കുകയാണ് ആർആർടി.