പഴശി ഡാമിന്റെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങി
1478755
Wednesday, November 13, 2024 6:34 AM IST
മട്ടന്നൂർ: പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങി. അണക്കെട്ടിന്റെ 16 ഷട്ടറുകളുമാണ് ഇന്നലെ വൈകുന്നേരത്തോടെ അടച്ചത്. വേനൽ ചൂട് കഠിനമാകുകയും കുടിവെള്ള വിതരണം നടത്തുന്നതിനു വെള്ളത്തിന്റെ ക്ഷാമം ഒഴിവാക്കുന്നതിനുമാണു ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങിയത്.
ഇന്നലെ രാവിലെ മുഴുവൻ ഷട്ടറുകളും അടയ്ക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് ഷട്ടറുകൾക്ക് ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനാൽ വൈകുന്നേരത്തോടെ ഷട്ടറുകളുടെ ചോർച്ച പരിഹരിച്ചാണ് അടച്ചത്. ജില്ലയിലെ മിക്ക കുടിവെള്ള വിതരണ പദ്ധതിയിലേക്കും വെള്ളം ശേഖരിക്കുന്നതും പഴശി ഡാമിൽ നിന്നാണ്. മഴക്കാലത്ത് ഷട്ടറുകൾ തുറന്നാൽ നവംബർ മാസത്തോടെയാണു ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാറുള്ളത്.
കുടിവെള്ള വിതരണത്തിനും കൃഷി ആവശ്യത്തിനായി പഴശി കനാലിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുമാണു ഷട്ടറുകൾ അടച്ചത്. പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് ജലസംഭരണം നടത്തുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലഅഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചിരുന്നു.