യൂത്ത് ഫ്രണ്ട്-എം നിവേദനം നൽകി
1478766
Wednesday, November 13, 2024 6:34 AM IST
കണ്ണൂർ: ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി ഒട്ടേറെ വായ്പാ പദ്ധതികൾ നൽകിവരുന്ന കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ ജില്ലാതല ഓഫീസ് കണ്ണൂരിൽ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട്-എം നേതാക്കൾ കോർപറേഷൻ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജിന് നിവേദനം നൽകി.
ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്ക് ന്യൂനപക്ഷ ധനകാര്യ കോർപറേഷന്റെ സേവനങ്ങൾക്കായി കാസർഗോഡ് ജില്ലയിലെ ചെർക്കളയിലുള്ള റീജണൽ ഓഫീസിനെയാണു സമീപിക്കേണ്ടത്. വിദ്യാഭ്യാസ വായ്പ, ചികിത്സാ വായ്പ, വിവാഹ വായ്പ, വീട് നിർമാണ വായ്പ, സ്വയം തൊഴിലിനുള്ള വായ്പ അടക്കമുള്ള കോർപറേഷന്റെ സേവനങ്ങൾ ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭ്യമാകാൻ കണ്ണൂർ ആസ്ഥാനമായി ജില്ലാതല ഓഫീസ് വരുന്നത് ഗുണകരമാകും.
കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കലിന്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ, ജനറൽ സെക്രട്ടറി റോഷൻ ഓലിക്കൽ, പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷിന്റോ കൈപ്പനാനിക്കൽ എന്നിവർ ചേർന്നാണു നിവേദനം നൽകിയത്.