തളിപ്പറന്പിലെ വഖഫ് ആശങ്കകൾ പരിഹരിക്കണം
1478076
Sunday, November 10, 2024 7:57 AM IST
തളിപ്പറന്പ്: തളിപ്പറന്പ് പ്രദേശത്തെ ചില സ്ഥലങ്ങളിൽ വഖഫ് നിയമ പ്രകാരമുള്ള തർക്കങ്ങൾ ഉണ്ടാകുമെന്നുള്ള ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ അധികാരികൾ ഉടൻ ഉടപെടണമെന്ന് തളിപ്പറന്പ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ചേർന്ന പാരിഷ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സെന്റ് മേരീസ് ഫൊറോന പള്ളി, രാജരാജേശ്വരി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും മുനിസിപ്പൽ ഓഫീസ്, കോളജ്, സഹകരണ ആശുപത്രി തുടങ്ങിയ പൊതുസ്ഥാപനങ്ങളും നിരവധി വീടുകളും ഈ നിയമത്തിന്റെ അധിനിവേശ ഭീഷണിയിലാണെന്ന വാർത്തകൾ ജനങ്ങളെ ആകുലപ്പെടുത്തുന്നു.
മതസൗഹാർദത്തിനും കൂട്ടായ്മയ്ക്കും മാതൃകയായ ഒരു നഗരത്തിലെ ജനതയെ ഭിന്നിപ്പിക്കുവാനും അതിലൂടെ മുതലെടുപ്പ് നടത്തുവാനുമുള്ള ദുഷ്ടശക്തികളുടെ ലക്ഷ്യം ഇത്തരം വിവാദങ്ങളിലുണ്ടോ എന്ന് പരിശോധിക്കണം.
വിശദമായ പഠനങ്ങൾ നടത്തി യഥാർഥ വസ്തുതകൾ മനസിലാക്കുന്നതിനും കർമപദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി ഫാ. മാത്യു ആശാരിപറന്പിൽ ചെയർമാനും ഡായി മാത്യു പ്ലാത്തോട്ടത്തിൽ കൺവീനറും ടോമി കുരിശുംമൂട്ടിൽ, സിബി പൈകട, മാർട്ടിൻ കൊട്ടാരത്തിൽ, മാത്യു വട്ടക്കുന്നേൽ, രാജു ചൂരനോലി എന്നിവർ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ചു.