കർഷകർക്ക് പണം നല്കണം: കൊട്ടിയൂർ പഞ്ചായത്ത്
1478754
Wednesday, November 13, 2024 6:34 AM IST
കൊട്ടിയൂർ: ചപ്പമലയിലെ കുടിയൊഴിയാൻ സന്നദ്ധരായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ അപേക്ഷ നല്കിയ കർഷകർക്ക് സർക്കാർ പറഞ്ഞ വ്യവസ്ഥ പ്രകാരം എത്രയും പെട്ടെന്ന് പണം നല്കണമെന്ന് കർഷകരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ പഞ്ചായത്ത് ആവശ്യപ്പെട്ടു.
കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭരണസമിതിയുടെ നിർദേശം അറിയിച്ചത്.
പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയോടെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഒന്പതംഗ ഉപഭോക്തൃസമിതിയേയും തെരഞ്ഞെടുത്തു. സമിതിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തി ന്റെ തീരുമാനങ്ങളോടെയും സഹകരണത്തോടെയും മാത്രമായിരിക്കും.
യോഗത്തിൽ പദ്ധതി സംബന്ധിച്ച് കർഷകർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും ഉത്തരം ലഭ്യമായില്ല. റീച്ച് തിരിച്ച് ഭൂമി ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് വനം വകുപ്പ് മറുപടി നല്കി. വനത്തോട് ചേർന്നു കിടക്കുന്ന ഭൂമി ഏറ്റെടുക്കാതെ അകലെയുള്ള ഭൂമി ഏറ്റെടുത്ത് പണം നല്കിയതിലെ സാങ്കേതികത്വം വിശദീകരിക്കാൻ വനം വകുപ്പിനായില്ല. അളവും രേഖ തയാറാക്കലും ലാൻഡ് റവന്യു വകുപ്പിന്റെ ചുമതലയാണെന്നു പറഞ്ഞ് ചില ചോദ്യങ്ങളിൽ നിന്ന് വനം വകുപ്പ് ഒഴിഞ്ഞുമാറി. ഇതുവരെയുള്ള നടപടികൾക്കായി പഞ്ചായത്തിനെ ചേർക്കാതെ കമ്മിറ്റിയെ നിശ്ചയിച്ചതും ഫെസിലി റ്റേറ്ററെ നിയോഗിച്ചതും ആരെന്നും, ആരുടെ താത്പര്യപ്രകാരമെന്നും വനം വകുപ്പ് വിശദീകരിച്ചില്ല. 2026 മുൻപ് പദ്ധതിയിൽ ചേർന്നവർക്ക് പണം നല്കണമെന്ന് പഞ്ചായത്ത് നിർദേശിച്ചു.
ഭൂമി ഏറ്റെടുക്കുന്നത് വനം വകുപ്പല്ലെന്നും ലാൻഡ് റവന്യൂ വകുപ്പാണെന്നും നടപടി ക്രമങ്ങൾ സുഗമമാക്കുക മാത്രമാണ് വനം വകുപ്പിന്റെ ഉത്തരവാദിത്വമെന്നും പറഞ്ഞ് വനംവകുപ്പ് ഒഴിഞ്ഞു മാറുകയായിരുന്നു. യോഗത്തിനിടെ ബഹളമുണ്ടായെങ്കിലും പഞ്ചായത്തംഗങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ ശമിപ്പിച്ചു.
ഭൂമി ഏറ്റെടുക്കാൻ നേരത്തെ രൂപീകരിച്ച കമ്മിറ്റി പ്രസിഡന്റ് വൻതോതിൽ ക്രമക്കേട് നടത്തിയെന്ന് ആരോപണത്തെ തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയിലാണ് പഞ്ചായത്ത് ഹാളിൽ ഇന്നലെ യോഗം ചേരാൻ തീരുമാനിച്ചത്.
കർഷക സംഘത്തിന്റെ നേതൃത്വത്തിൽ മുൻപ് രൂപീകരിച്ച കമ്മിറ്റി ഗുണഭോക്താക്കളെ കണ്ടെത്തു ന്നതിലും, അർഹതപ്പെട്ടവർക്ക് അവരുടെ ഭൂമി ഏറ്റെടുക്കുന്നതിലും ഗുരുതര വീഴ്ച ഉണ്ടായെന്നായി രുന്നു ആരോപണം. ഇതേ തുടർന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ ചപ്പമലയിൽ നടത്തിയ യോഗത്തിലും പ്രദേശവാസികളും പാർട്ടി അനുഭാവികളും ശക്തമായ പ്രതിഷേധവും വാക്കേറ്റവും പാർട്ടി നേതൃത്വത്തിനെതിരേ നടത്തിയിരുന്നു.