മടമ്പത്തുകാരെ മറക്കരുതേ...
1478223
Monday, November 11, 2024 5:29 AM IST
മടമ്പം: ശ്രീകണ്ഠപുരം നഗരസഭയിലെ കുടിയേറ്റ മേഖലയായ മടമ്പം വഴി ബസ് സർവീസുകൾ നിലച്ചിട്ട് 10 വർഷമായി. ഹൈസ്കൂളും ബാങ്കും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുള്ള മടമ്പം, അലക്സ് നഗർ, പാറക്കടവ് മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം ഇന്നും പ്രതീക്ഷയായി തുടരുകയാണ്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ പത്തു ബസുകൾ സർവീസ് നടത്തിയ മേഖലയാണിത്. പൊടിക്കളം-മടമ്പം അലക്സ് നഗർ-പാറക്കടവ് വഴിയാണ് ബസ് സർവീസുണ്ടായിരുന്നത്.
പയ്യാവൂർ പഞ്ചായത്തിന്റെ അതിർത്തിയായ പാറക്കടവ് മുതൽ അലക്സ് നഗർ, മടമ്പം ഭാഗത്തുള്ളവർക്ക് ശ്രീകണ്ഠപുരം, പയ്യാവൂർ ടൗണുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള സൗകര്യമാണ് ബസ് സർവീസ് നിലച്ചതോടെ ഇല്ലാതായത്.
പയ്യാവൂർ-അലക്സ് നഗർ -മടമ്പം വഴി കണ്ണൂർ ഭാഗത്തേക്കായിരുന്നു 10 വർഷം മുമ്പ് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയിരുന്നത്. മടമ്പത്തിനും-അലക്സ് നഗറിനുമിടയിൽ കരയിടിഞ്ഞപ്പോഴാണ് കെഎസ്ആർടിസി ബസ് റൂട്ട് മാറ്റി ഓടിക്കാൻ തുടങ്ങിയത്. സ്വകാര്യ ബസുകളും ക്രമേണ സർവീസുകൾ അവസാനിപ്പിച്ചു.
മടമ്പം മേഖലയിൽനിന്ന് മറ്റ് ടൗണുകളിലേക്ക് പോകേണ്ട നാട്ടുകാർക്കും വിദ്യാർഥികൾക്കും ഓട്ടോറിക്ഷകളും ടാക്സികളും മാത്രമാണിപ്പോൾ ഏക ആശ്രയം. സ്ഥിരമായി പോകുന്നവർ ശ്രീകണ്ഠപുരം-ഇരിട്ടി സംസ്ഥാനപാതയിലെ തുമ്പേനിയിലേക്ക് കാൽനടയായിച്ചെന്ന് ബസ് കയറണം.
നിലവിൽ മടമ്പം മേരിലാൻഡ് സ്കൂളിലെ വിദ്യാർഥികളടക്കം ദിവസേന രണ്ടു കിലോമീറ്ററോളം നടന്നാണ് സ്കൂളിലെത്തുന്നത്. മടമ്പം പാറക്കടവ് റോഡിലെ കാഞ്ഞിലേരി-അലക്സ് നഗർ പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായി ഇതുവഴി കണിയാർവയൽ, കാഞ്ഞിലേരി, ഇരുഡ് ഉളിക്കൽ, ഐച്ചേരി, പയ്യാവൂർ ഭാഗങ്ങളിൽ നിന്നെല്ലാം മടമ്പം വഴി പുതിയ ബസ് സർവീസുകൾ തുടങ്ങാവുന്നതാണെന്നും ഇപ്പോൾ കാഞ്ഞിലേരി വരെ സർവീസ് നടത്തുന്നത് മടമ്പം വരെ നീട്ടിയാൽ ജനങ്ങൾക്ക് കൂടുതൽ സൗകര്യമായിരിക്കുമെന്നും നാട്ടുകാർ പറയുന്നു.
അലക്സ് നഗർ-മടമ്പം ശ്രീകണ്ഠപുരം റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് മടമ്പം സ്വയംസഹായ സംഘം ആവശ്യപ്പെട്ടു. രാവിലെയും ഉച്ചക്കും വൈകുന്നേരം സർവീസ് നടത്തുന്ന രീതിയിൽ ഒരു കെഎസ്ആർടിസി ബസെങ്കിലും അനുവദിക്കണം എന്നത് ഈ നാടിന്റെ കാലങ്ങളായുള്ള പ്രതീക്ഷയാണ്. ശ്രീകണ്ഠപുരം പയ്യാവൂർ സ്റ്റാൻഡുകളിൽ നിന്ന് രാവിലെയും വൈകുന്നേരവും കെഎസ്ആർടിസിയോ, സ്വകാര്യ ബസോ ഓടിക്കാൻ ജനപ്രതിനിധികൾ മുന്നോട്ട് വരണം. ഒരു ജനകീയ ഇടപെടൽ ഇക്കാര്യത്തിൽ അനിവാര്യമാണ്.
കിലോമീറ്ററുകളോളം നടന്നാണ് ഇവിടുത്തുകാർ ഒരു ബസ് സ്റ്റോപ്പിൽ പോലും എത്തുന്നത്. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലേക്ക് മടമ്പം, അലക്സ് നഗർ എന്നീ പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികൾ കാൽനടയായാണ് ഇന്നും യാത്ര ചെയ്യുന്നത്. യാത്രാ പ്രശ്നത്തിനു പരിഹാരമായില്ലെങ്കിൽ പ്രതിഷേധത്തിന് പുതിയ സമര മുറകൾ സ്വീകരിക്കേണ്ടിവരുമെന്ന് മടമ്പം സ്വയംസഹായ സംഘം ഭാരവാഹികളായ റെജി സ്റ്റീഫൻ, ജോബി തോമസ്, ബിനോയി എന്നിവർ പറഞ്ഞു.