കണ്ണടച്ച് മണിക്കല്‍ പാലത്തിലെ വൈദ്യുത വിളക്കുകള്‍
1467780
Saturday, November 9, 2024 7:24 AM IST
തടിക്കടവ്: മണിക്കല്‍ പാലം ഇരുട്ടില്‍. പാലത്തില്‍ ആകെയുണ്ടായിരുന്ന മൂന്ന് സോളാര്‍ വിളക്കുകളിൽ ഒന്ന് തകരുകയും മറ്റു രണ്ടെണ്ണം പ്രവർത്തന രഹിതമാവുകയും ചെയ്തിട്ട് നാളേറെയായി. ഇതോടെ പ്രദേശം പൂർണമായും ഇരുട്ടിലായി. 10 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം 2017 മാര്‍ച്ച് 23 നാണ് ഉദ്ഘാടനം ചെയ്തത്. എരുവാട്ടി-മണിക്കല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് എരുവാട്ടി പുഴയ്ക്ക് കുറുകെ മലയോരത്തെ ആറു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു നേരിട്ട് ഉപകാരപ്പെടുന്ന രീതിയിലാണു പാലം നിര്‍മിച്ചത്.
പഴയങ്ങാടി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍, ഏഴിമല നാവിക അക്കാദമി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് മലയോരത്തു നിന്ന് ഇതുവഴി എളുപ്പത്തില്‍ എത്താനാകും. പാലം വന്നതോടെ തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ നിന്നു മീമ്പറ്റി, തടിക്കടവ് വഴി മണിക്കലിലേക്ക് പോകാനാവും.
ചപ്പാരപ്പടവ് പഞ്ചായത്തില്‍ പ്രകൃതി സുന്ദരമായ ദൃശ്യങ്ങള്‍ നിറഞ്ഞ പാലത്തിലും പരിസരങ്ങളിലും ഫോട്ടോഷൂട്ടിനായും വൈകുന്നേരങ്ങളില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും നിരവധിപേര്‍ എത്തിച്ചേരുന്നുണ്ട്.
എന്നാല്‍, സന്ധ്യയാകുന്നതോടെ ഇരുട്ട് മൂടുന്ന പാലത്തിലും പരിസരത്തും സമൂഹവിരുദ്ധരുടെ ശല്യം വധിച്ചിരിക്കയാണ്. പാലത്തില്‍ വൈദ്യുതി വിളക്കുകള്‍ ഏര്‍പ്പെടുത്തിയാല്‍ ടൂറിസം സാധ്യത ഏറെയാണ്. ഒപ്പം പാലത്തിന്റെ ഭാഗമായ എരുവാട്ടി-തലവിൽ റോഡ് നവീകരണം നടത്തി യാത്ര യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.