എടൂർ ടൗണിലെ ആൽമര മുത്തശി ഓർമയാകുന്നു
1467776
Saturday, November 9, 2024 7:24 AM IST
എടൂർ: എടൂർ ടൗണിലെത്തുന്നവർക്ക് വർഷങ്ങളായി തണലേകിയ ആൽമര മുത്തശി ഓർമയാകുന്നു. കുടിയേറ്റ കാലഘട്ടത്തിൽ 1950 കളിൽ പുളിയാനിക്കാട്ട് കൊച്ചേട്ടൻ നട്ടുപിടിപ്പിച്ച ആൽമരമാണ് മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി മുറിച്ചു മാറ്റുന്നത്. വിവിധ കോണുകളിൽ നിന്ന് ആൽമരം മുറിക്കുന്നതിന് എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും റോഡ് വികസനത്തിന് മറ്റ് മാർഗമില്ലാത്ത സാഹചര്യത്തിലാണ് മുറിക്കുന്നത്.
ഇന്നലെ രാവിലെ ഒമ്പതരയോടെ ആൽമരം മുറിച്ചുമാറ്റൽ പ്രവൃത്തി ആരംഭിച്ചത്. ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് മരം മുറിക്കുന്നത്. ആദ്യദിവസം മരത്തിന്റെ ചില്ലകൾ ഇറക്കുന്ന പ്രവൃത്തിയാണ് നടത്തിയത്. ആറളം പോലീസ് ഉൾപ്പെടെ സ്ഥലത്തെത്തിയാണ് ഗതാഗത നിയന്ത്രണത്തിന് മേൽനോട്ടം വഹിച്ചത്.