ഭൂമിയിലെ വിള്ളൽ: കൈലാസംപടിയിൽ കേന്ദ്ര ഭൗമശാസ്ത്ര പഠന സംഘമെത്തി
1467538
Friday, November 8, 2024 8:17 AM IST
കേളകം: ശാന്തിഗിരി കൈലാസംപടിയിലെ ഭൂമിയിലെ വിള്ളൽ സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര ഭൗമ ശാസ്ത്ര പഠന സംഘമെത്തി. ഉപദേശക സമിതി ചെയർമാൻ സി. മുരളീധരൻ, ലാൻഡ്സ് ലൈഡ് അഡ്വൈസറി കമ്മറ്റി അംഗവും ശാസ്ത്രജ്ഞനുമായ ജി. ശങ്കർ, കേരള സർവകലാശാല മണ്ണിടിച്ചിൽ ഉപദേശക സമിതി അംഗം ഡോ.ബി നന്ദകുമാർ, യൂണിവേഴ്സിറ്റി അസി. പ്രഫ. ഡോ.സജൻകുമാർ, ഹസാർഡ് റിസ്ക് അനലിസ്റ്റ് ജി.എസ് പ്രദീപ്, ഹസാർഡ് അനലിസ്റ്റ് കണ്ണൂർ ഡി ഡിഎംഎ എസ്. ഐശ്വര്യ, ശാസ്ത്രഞ്ജൻ സുരേഷ്, ടെക്നീഷ്യൻ എൽദോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉപദേശക സമിതിയിലെ അംഗങ്ങളാണ് പഠനവുമായി ബന്ധപ്പെട്ട് മേൽനോട്ടം നടത്തുന്നത്. മൂന്നു മാസം മുമ്പ് സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി ശാസ്ത്രജ്ഞന്മാർ ഇവിടെ വിശദമായ പഠനം നടത്തിയിരുന്നു. വിള്ളൽ രൂപപ്പെടുന്നതിന്റെ യഥാർഥ കാരണം കണ്ടെത്താൻ പ്രദേശത്ത് ഇലക്ട്രോ റെസ്റ്റിവിറ്റി സർവേ നടത്തണമെന്ന് പഠന റിപ്പോർട്ടിൽ നിർദേശിച്ചുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭൗമ ശാസ്ത്ര പഠനം നടത്തിയത്. പഠന സംഘത്തോടൊപ്പം കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, വാർഡ് മെംബർ സജീവൻ പാലുമ്മി എന്നിവരും ഉണ്ടായിരുന്നു.