എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​ദ്യ വെ​ങ്ക​ല ശി​ല്പം കാ​നാ​യി​യി​ൽ ഒ​രു​ങ്ങു​ന്നു
Tuesday, June 25, 2024 1:05 AM IST
പ​യ്യ​ന്നൂ​ര്‍: ശി​ല്പി ഉ​ണ്ണി കാ​നാ​യി​യു​ടെ ക​ര​വി​രു​തി​ല്‍ ഇ​തി​ഹാ​സ ഗാ​യ​ക​ന്‍ പ​ദ്മ​ശ്രീ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യം പു​ന​ർ​ജ​നി​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ത്തി​ന്‍റെ ആ​രാ​ധ​ക​ര്‍​ക്കാ​യി പാ​ല​ക്കാ​ട് ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ശി​ല്പം നി​ർ​മി​ക്കു​ന്ന​ത്. കാ​നാ​യി​യി​ലെ ശി​ല്പി​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് പ​ത്ത​ടി ഉ​യ​ര​മു​ള്ള വെ​ങ്ക​ല​ശി​ല്പം പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. മ​ല​യാ​ള ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക സം​ഘ​ട​ന​യാ​യ "സ​മം' ആ​ണ് ഉ​ണ്ണി കാ​നാ​യി​യെ ശി​ല്പ നി​ര്‍​മാ​ണ ചു​മ​ത​ല​യേ​ല്‍​പ്പി​ച്ച​ത്.

എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ശി​ല്പ​മാ​ണ് ഉ​ണ്ണി കാ​നാ​യി​യു​ടെ പ​ണി​പ്പു​ര​യി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​ത്.

വെ​ങ്ക​ല ശി​ല്പ​നി​ർ​മാ​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​ളി​മ​ണ്ണി​ൽ നി​ർ​മി​ച്ച രൂ​പം കാ​ണാ​ന്‍ സ​മം സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളും മ​ല​യാ​ള​ത്തി​ലെ പ്രി​യ ഗാ​യ​ക​രു​മാ​യ സു​ദീ​പ്കു​മാ​ര്‍, ര​വി​ശ​ങ്ക​ര്‍, അ​ഫ്‌​സ​ല്‍, അ​നൂ​പ് ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. വെ​ങ്ക​ല​ശി​ല്പ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ണി കാ​നാ​യി. ആ​യി​രം കി​ലോ​യോ​ളം വെ​ങ്ക​ലം ശി​ല്പ​ത്തി​ന് വേ​ണ്ടി​വ​രും.