പതിനായിരങ്ങളും ലക്ഷങ്ങളും പ്രതിമാസ ശന്പളം വാങ്ങുന്ന രണ്ടു കോളജ് പ്രഫസർമാരും മൂന്ന് ഹയർ സെക്കന്‍ഡറി അധ്യാപകരും, നിരവധി ഗസറ്റഡ് ഉദ്യോഗസ്ഥന്മാരും അടക്കം കേരളത്തിലെ 1458 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഇത്രയും കാലം പാവപ്പെട്ടവർക്കു നൽകുന്ന സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങിയിരുന്നു എന്ന വാർത്ത വായിച്ചപ്പോൾ വാസ്തവത്തിൽ ഞെട്ടിപ്പോയി.
“കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി” എന്ന മട്ടിലാണ് നമ്മുടെ പൊതുഖജനാവിലെ പണം ചോർന്നുകൊണ്ടിരിക്കുന്നത് എന്നല്ലേ ഇതിൽനിന്നു മനസിലാക്കേണ്ടത്? ഇതെല്ലാം കർശനമായി പരിശോധിക്കാൻ ഇവിടെ ഉത്തരവാദപ്പെട്ടവർ ആരുമില്ലേ? ഇത്രമാത്രം കെടുകാര്യസ്ഥതയാണോ സംസ്ഥാനത്തിന്റെ ഭരണയന്ത്രത്തിൽ നടമാടുന്നത്? അവർ അനർഹമായി വാങ്ങിയ പണം തിരിച്ചുപിടിക്കുക മാത്രമല്ല, ഇത്രയും കാലം സർക്കാരിനെ വഞ്ചിച്ച അവരെ സർവീസിൽനിന്നു പിരിച്ചുവിടാനും ബന്ധപ്പെട്ടവർ തയാറാവണം.
കുറുവ സംഘത്തെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ ഇത്രയും കാലം പൊതുഖജനാവ് കൊള്ളയടിച്ചിരുന്ന മാന്യന്മാരുടെ പേരു വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാൻ അധികൃതർ തയാറാവണം. ഇവിടത്തെ സാധാരണക്കാരും ഒന്നു തിരിച്ചറിഞ്ഞോട്ടെ ഈ പകൽ മാന്യന്മാരെ.
രാജീവ് മുല്ലപ്പിള്ളി, ഇരിങ്ങാലക്കുട