Travel
Back to home
പടയോട്ടങ്ങളും യുദ്ധങ്ങളും നടന്ന ഒരു പാത
Wednesday, September 13, 2023 2:26 PM IST
കോട്ടൂർ സുനിൽ
അനിഴം തിരുനാൾ മാർത്താണ്ഡവർമ രാജാവ് തന്‍റെ നീട്ടിൽ ഇങ്ങനെ കുറിച്ചു. "വേണാട്ട് നിന്നും പടക്കോപ്പുകളും പടയാളികളുമായി പുറപ്പെടുക. നെടുമങ്ങാട് വഴി ആര്യനാട് എത്തി അവിടെ നിന്നു ഭണ്ഡാരതമ്പുരാൻ വാണ കോട്ടൂരിൽ തമ്പടിക്കുക. അവിടെ നിന്നു ചാരന്മാരുടെ നിർദേശാനുസരണം തിരുവിതാംകൂർ പാണ്ഡ്യപാതയിൽ കടക്കുക.

വനത്തിലൂടെ കടന്നുപോകുന്ന ഈ പാതയിലൂടെ അതിരുമലയിൽ എത്തി സേനാധിപന്‍റെ നിർദേശാനുസരണം തമിഴ്നാട്ടിലെ അംബാസമുദ്രത്തിൽ നിന്നും വരുന്ന മറവന്മാർ എന്ന കാട്ടുജാതിക്കാരെ കൊന്നൊടുക്കുക. അത് വഴി തിരുവിതാംകൂർ രാജ്യത്തെ അവരുടെ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടുത്തുക.'

തിരുവിതാംകൂറിന്‍റെ ചരിത്രവും മറ്റും തയാറാക്കാൻ നിയോഗിച്ച നാഗമയ്യ രചിച്ച 1932 ലെ ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ഇവിടെ ഒരു പാത ഉണ്ടായിരുന്നു. തിരുവിതാംകൂറിനെയും തമിഴ്നാട്ടിനെയും ബന്ധിപ്പിക്കുന്ന പാത. അംബാസമുദ്രത്തിൽ നിന്നു തുടങ്ങി അഗസ്ത്യവനത്തിലൂടെ കടന്ന് ബോണക്കാട്, കോട്ടൂർ വഴി അനന്തപുരിയിലും മറ്റും എത്താൻ കഴിയുന്ന പാത. ഇതിപ്പോൾ അടച്ചതായി കാണുന്നു.

ഇതൊരു രാജപാതയുടെ ചരിത്രമാണ്. ഒരു കാലത്ത് ഇരുസംസ്ഥാനങ്ങളെ ബന്ധിപ്പിച്ചിരുന്നതും നിരവധി പടയോട്ടങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച, ബ്രിട്ടീഷുകാർ ട്രാവൻകൂർപാസ് വേ എന്നു വിളിച്ച തിരുവിതാംകൂർ പാണ്ഡ്യ പാത. പിന്നീട് കോട്ടൂർ അംബാസമുദ്രം റോഡ് എന്ന് അറിയപ്പെട്ട റോഡ് പിന്നീട് ചരിത്രത്തിലേക്ക് ഒതുങ്ങുകയും അത് പുനരുദ്ധരിക്കാൻ നീക്കങ്ങൾ നടക്കുകയും ചെയ്യുകയാണ്.

ചരിത്രത്തിലേക്ക്

തിരുവിതാംകൂർ രാജ്യം ഉണ്ടാകുന്നതിനും വളരെ മുൻപ് ഈ റോഡ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒരു കാലത്ത് ബൗദ്ധന്മാരുടെ ആവാസകേന്ദ്രമായിരുന്നു അങ്ങ് തമിഴ്നാട്ടിലെ മധുരയിൽ തുടങ്ങി ഇങ്ങ് അഗസ്ത്യമലയിൽ അവസാനിക്കുന്ന ഭാഗങ്ങൾ.

ഈ വനത്തിൽ നിരവധി ബുദ്ധക്ഷേത്രങ്ങൾ ഇപ്പോഴും കാടുമൂടി കിടക്കുന്നു. അന്ന് ഈ പാത വഴി ധാരാളം ബുദ്ധഭിക്ഷുക്കൾ സഞ്ചരിച്ചതായും ഈ പാതയുടെ ഇരുവശത്തും ധാരാളം പേർ താമസിച്ചിരുന്നതായും നിരവധി കച്ചവടകേന്ദ്രങ്ങൾ ഉണ്ടായിരുന്നതായും അവരുടെ പുസ്തകങ്ങൾ സൂചിപ്പിക്കുന്നു.

ഇവിടെ കൃഷി ഉണ്ടായിരുന്നതായും കാർഷികവിഭവങ്ങൾ കിട്ടുമായിരുന്നെന്നും വിരാടസൂചിക എന്ന ഗ്രന്ഥം പറയുന്നു. പാണ്ഡ്യദേശത്തുനിന്നും കച്ചവടക്കാർ ഈ റോഡ് വഴിയാണ് സാധനങ്ങൾ വിൽക്കാൻ നെടുമങ്ങാട്ടും തലസ്ഥാനത്തേക്കും പോയിരുന്നത്. ഇവിടെ നിന്നും കച്ചവടക്കാർ പാണ്ഡ്യദേശത്തു പോയിരുന്നതും ഇതു വഴിയാണ്.



മാർത്താണ്ഡവർമ്മയുമായി ബന്ധം

തിരുവിതാംകൂറിന്‍റെ ശിൽപിയായ മാർത്താണ്ഡവർമ്മയുമായും ഈ റോഡിന് ബന്ധമുണ്ട്. എട്ടുവീട്ടിൽ പിള്ളമാരെ പേടിച്ച് കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാജാവിനെ ശത്രുക്കൾ വളഞ്ഞു എന്ന് അറിഞ്ഞതിനെ തുടർന്ന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് ഈ പാത വഴിയാണ്.

ആദിവാസികളായ കാണിക്കാർ രാജാവിന് സംരക്ഷണം ഒരുക്കിയിരുന്നു. എന്നാൽ രാജാവ് അവിടെ ഉണ്ട് എന്നറിയാവുന്ന എട്ടുവീട്ടിൽപിള്ളമാർ കാട് വളഞ്ഞു. ഇതറിഞ്ഞ കാണിക്കാർ രാജാവിനെ ചാണകം കയറ്റിയ കാളവണ്ടിയിൽ കയറ്റി സംശയം തോന്നാതിരിക്കാൻ ആൾ സഞ്ചാരമുള്ള ഈ റോഡ് വഴിയാണ് കടത്തി വിട്ടത്.

രക്ഷപ്പെട്ട രാജാവ് അധികാരം ഏറ്റപ്പോൾ കാണിക്കാർക്ക് അരയൻ പട്ടവും ഏക്കറുകണക്കിന് ഭൂമി കരം ഒഴിവായി നൽകുകയും ചെയ്തു. രാജാവിന്‍റെ കാലത്ത് റോഡ് നവീകരിക്കാൻ തുക ചിലവഴിച്ചതായി കൊട്ടാരം കണക്കുകളിൽ കാണാം. ഈ റോഡിൽ കാവൽപ്പുരകൾ നിർമിക്കുകയും കുതിര പട്രോളിംഗ് നടത്തുകയും ചെയ്തിരുന്നു.

ഒടുവിൽ സംഭവിച്ചത്

ഭരണകാലത്ത് നിരവധി പടയോട്ടങ്ങൾ നടത്തിയിരുന്ന രാജാവിന് ശത്രുക്കൾ ഏറെയായിരുന്നു. തങ്ങൾക്കും ഇദ്ദേഹം ഭീഷണിയാകുമെന്ന് ഭയന്ന പാണ്ഡ്യമന്നൻ തിരുവിതാംകൂറിനെ തകർക്കാൻ ഈ റോഡ് വഴി മറവന്മാർ എന്നു വിളിക്കുന്ന ആയുധധാരികളായവരെ കടത്തിവിട്ടു. റോഡിലൂടെ കടന്നു വരുന്നവരെ പാണ്ഡ്യദേശത്ത് എത്തുമ്പോൾ ആക്രമിക്കുക പതിവായി.

ക്രമേണ തിരുവിതാംകൂറിലും എത്തി. ചന്തകളിൽ ആളില്ലാതായി. കച്ചവടക്കാർ വരാതായി. മറവന്മാർ നാട്ടുകാർക്കും ഭീഷണിയായി. രാജ്യവിസ്തൃതി കൂട്ടുന്ന തിരക്കിലായ രാജാവ് അന്നത്തെ ദിവാനായ രാമയ്യൻദളവയെ കാര്യം തിരക്കാൻ നിയോഗിച്ചു. വിദഗ്ധനായ ദളവ ഈ പാത രാജ്യത്തിന് ഭീഷണിയാകുമെന്ന് കരുതി പാത അടയ്ക്കാൻ നിർദേശിച്ചു. വിശ്വസ്തനായ ദളവയുടെ വാക്ക് കേട്ട് രാജാവ് ആയിരത്തിലേറെ ആൾക്കാരെ വച്ച് 1748 ൽ വൻ കല്ലുകൾ വച്ച് പാത അടച്ചു. തുടർന്ന് പാത കാടുമൂടി കിടന്നു.

ബ്രിട്ടീഷ്കാലത്ത്

ബ്രിട്ടീഷ് കാലത്ത് കാട് മുഴുവൻ അവർ കൈയടക്കി. കാട്ടിൽ തേയില തോട്ടങ്ങളും കാപ്പി തോട്ടങ്ങളും അവർ നിർമിച്ചു. അവരാണ് കാടുമൂടിയ പാത കണ്ടതും കല്ല് വച്ച് അടച്ചതായും ശ്രദ്ധിച്ചത്. കല്ല് മാറ്റി അവർ അവർ പാത വെട്ടിത്തെളിച്ചു. തോട്ടങ്ങളിൽ നിന്നു തേയിലയും മറ്റും തുറമുഖങ്ങളിൽ എത്തിക്കാൻ ഈ പാത ഉപയോഗിച്ചു.

ബോണക്കാട്, അതിരുമല, കളക്കാട് തുടങ്ങി നിരവധി തോട്ടങ്ങളിലെ ഉൽപ്പന്നങ്ങൾ കടത്തി കൊണ്ടുപോകാൻ ഈ പാത അവരെ സഹായിച്ചു. എന്നാൽ പുറംനാട്ടുകാരെ ഇവർ കടത്തി വിട്ടതുമില്ല.

ജനാധിപത്യം വന്നപ്പോൾ

ജനാധിപത്യം വന്നപ്പോൾ ഈ പൗരാണികപാതയുടെ കാര്യം ജനപ്രതിനിധികളും കണ്ടെത്തി. ഈ പാത പിന്നീട് കണ്ടെത്തിയത് പൊന്നറ ശ്രീധറാണ്. നാട്ടുകാരോടൊപ്പം കാട്ടിൽ എത്തിയ എംഎൽഎ കൂടിയായ ശ്രീധർ ഈ റോഡിനെക്കുറിച്ച് അന്നത്തെ പി.എസ്.പി മന്ത്രിസഭയിലെ മന്ത്രിയായ പി.എസ്. നടരാജപിള്ളയുടെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം സർവേ നടത്താൻ നടപടിയെടുത്തു. അത് പാതിവഴിയിലായി.

തുടർന്ന് ടി.കെ. ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായപ്പോൾ 1972 ൽ ബജറ്റിൽ രണ്ടുലക്ഷം രൂപ ഉൾക്കൊള്ളിച്ചു. സർവേ പൂർത്തിയാക്കി സ്കെച്ചും തയാറാക്കി. പണി ഏതാണ്ട് 20 കിലോമീറ്റർ വരെ പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് പണി നിലച്ചു. തുടർന്ന് വനനിയമം കർശമായപ്പോൾ റോഡ് പലരും മറന്നു.

എന്നാൽ ഈ റോഡ് പണി ആരംഭിക്കണമെന്ന് കാട്ടി അന്നത്തെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രിക്ക് തമിഴ്നാട് സർക്കാർ നിവേദനം നൽകി. കേരളത്തിൽ എത്താൻ ഇപ്പോഴുള്ളതിനെക്കാൾ 80 കിലോമീറ്റർ കുറവായ പഴയ റോഡ് അറ്റകുറ്റപ്പണികൾ നടത്തി തുറന്ന് തരണമെന്ന് കാണിച്ചാണ് നിവേദനം നൽകിയത്.

തമിഴ്നാട് സർക്കാർ തങ്ങളുടെ ഭാഗത്ത് നടത്തിയ സർവേ അടക്കമുള്ളവ നിവേദനത്തിൽ കാണിച്ചിരുന്നു. ഇതറിഞ്ഞ് കേരളവും ഉണർന്നു. അവരും നിവേദനം നൽകി. രണ്ടു സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന റോഡിനായി തത്വത്തിൽ സമ്മതം മൂളിയിരിക്കുകയാണ് കേന്ദ്രം.
<