ചുണ്ണാന്പുകല്ലിൽ തീർത്ത സൂര്യക്ഷേത്രം
അജിത് ജി. നായർ
Monday, October 16, 2023 6:08 PM IST
ലോകത്തെ ഒട്ടുമിക്ക പ്രാചീന സംസ്കാരങ്ങളിലും സൂര്യനെ ദേവനായി കണ്ട് ആരാധിച്ചു പോരുന്ന രീതിയുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ ഇപ്പോഴുമുള്ള സൂര്യക്ഷേത്രങ്ങള്‍ ഇതിലേക്കു വിരൽ ചൂണ്ടുന്നു.
ഒഡീഷയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രമാണ് ഇന്ത്യയിലുള്ളവയില്‍ ഏറ്റവും പ്രശസ്തം. എന്നാല്‍, വിസ്മൃതിയിലാണ്ടു പോയതും കൊണാര്ക്കിലേതിനേക്കാൾ പഴക്കമേറിയതുമായ ഒരു സൂര്യക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ നമുക്ക് ജമ്മു കാഷ്മീരില്‍ ചെന്നാല്‍ കാണാം.
കാഷ്മീര്‍ താഴ്വരയിലെ അനന്തനാഗില്‍ സ്ഥിതി ചെയ്യുന്ന മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം കാര്കോട്ട രാജവംശത്തിലെ ലളിതാദിത്യ മുഖ്താപിദ എന്ന രാജാവ് എട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണെന്നു കരുതുന്നു.
എന്നാല്‍, ബിസി 3007ല്‍ പാണ്ഡവ രാജവംശത്തില്‍പ്പെട്ട രാജാ രാംദേവാണ് ഈ ക്ഷേത്രത്തിന്റെ ആദ്യരൂപം നിര്‍മിച്ചതെന്നും വാദമുണ്ട്. നിരവധി രാജാക്കന്മാര് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയെന്നും എട്ടാം നൂറ്റാണ്ടില്‍ ലളിതാദിത്യയാണ് ക്ഷേത്രനിര്‍മാണം പൂര്‍ത്തീകരിച്ചതെന്നുമാണ് പറയപ്പെടുന്നത്.
മൂന്നു കവാടങ്ങൾ
കാഷ്മീരി വാസ്തുകലയുടെ ഉദാത്ത ഉദാഹരണമായാണ് ഈ ക്ഷേത്രം വിലയിരുത്തപ്പെടുന്നത്. കൂടാതെ ഗാന്ധാര, ഗുപ്ത, ചൈനീസ് വാസ്തുകലകളുടെ സ്വാധീനവും ഇവിടെ കാണാം. തൂണുകളാല്‍ ചുറ്റപ്പെട്ട വിശാലമായ നടുമുറ്റമാണ് ക്ഷേത്രത്തിനുള്ളത്. 220 അടി നീളം, 142 അടി വീതി. ക്ഷേത്രമുറ്റത്തിന്റെ മധ്യഭാഗത്തു പ്രധാന പ്രതിഷ്ഠ. ഇതിനൊപ്പം 84 ഉപപ്രതിഷ്ഠകളും ഇവിടെ ഉണ്ടായിരുന്നു.
ഇഹലോകത്തെയും പരലോകത്തെയും പാതാളലോകത്തെയും പ്രതിനിധാനം ചെയ്യുന്ന മൂന്നു കവാടങ്ങള്‍ ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വാസ്തുവിദ്യാ പ്രകാരമുള്ള കണക്കുകളുടെ കണിശതയും ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നു.
ചുണ്ണാന്പുകല്ല്
ചാരനിറത്തിലുള്ള ചുണ്ണാമ്പു കല്ലുകളാണ് ക്ഷേത്രനിര്‍മാണത്തിനു പ്രധാനമായി ഉപയോഗിച്ചിരുന്നത്. ബൈസന്റൈന്‍ വാസ്തുകലാ വിദഗ്ധരെ എത്തിച്ചാണ് ക്ഷേത്രനിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും കരുതപ്പെടുന്നു.
എന്നാല്‍, ഭാരതത്തിലുണ്ടായ ഇസ്ലാമിക അധിനിവേശം മാര്‍ത്താണ്ഡ് ക്ഷേത്രത്തിനും വിനയായി. സിക്കന്ദര്‍ ഷാ മിരി(13891413) എന്ന ഭരണാധികാരി 15ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ക്ഷേത്രം തകര്‍ത്തു കളയുകയായിരുന്നു.
ഇന്ന് ആകെ നാമാവിശേഷമായ അവസ്ഥയിലാണ് ക്ഷേത്രം. ഇന്ത്യയിലെ പുരാവസ്തു കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം വിലയിരുത്തപ്പെടുന്നത്. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് പ്രദേശം.