എഴുമാന്തുരുത്തിന്റെ അഴക്!
ജിബിൻ പാലാ
Wednesday, May 8, 2024 1:04 PM IST
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശികളും വിദേശികളുമടക്കമുള്ള നിരവധി സഞ്ചാരികൾ. ഗ്രാമങ്ങളെ തൊട്ടറിയാം എന്ന പദ്ധതിയുടെ ഭാഗമായി അടുത്ത കാലത്ത് ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച എഴുമാന്തുരുത്ത് വളരെപ്പെട്ടെന്നാണ് സഞ്ചാരികളുടെ പ്രിയ ഇടമായത്.
പ്രത്യേകതകൾ: തോണി യാത്രയും ബോട്ട് സവാരിയും വിവിധങ്ങളായ ഗ്രാമീണ കാഴ്ചകളും സ്വാദിഷ്ടമായ ഭക്ഷണ വൈവിധ്യങ്ങളും ഒരുക്കി ഉത്തരവാദിത്വ ടൂറിസം ക്ലബ് സഞ്ചാരികളെ സ്വീകരിക്കുന്നു.
വൈക്കം കായലിന്റെ കൈവഴിയായ കരിയാറിലൂടെ ശിക്കാര വള്ളങ്ങളിൽ യാത്ര ആരും മറക്കില്ല. ദേശാടനപ്പക്ഷികളെയും കണ്ടൽക്കാടുകളെയും അടുത്തറിഞ്ഞു കാന്താരിക്കടവിൽനിന്നു തുടങ്ങി കരയാറിലൂടെയുള്ള യാത്ര വളരെ രസകരം.
അടുത്തറിയാം: കാർഷിക, മത്സ്യബന്ധന രീതികൾ, പാരന്പര്യ കുലത്തൊഴിലുകളായ കള്ളുചെത്ത്, തഴപ്പായ നെയ്ത്ത്, കാർഷിക ഉപകരണങ്ങളും ഗാർഹിക ആയുധങ്ങളും നിർമിക്കുന്ന ആലകൾ എന്നിവയും പരിചയപ്പെടുന്നതിനുള്ള അവസരമുണ്ട്.
കാവുകളും ക്ഷേത്രങ്ങളും കാണാനും ആചാരാനുഷ്ഠാനങ്ങൾ മനസിലാക്കാനും യാത്രികർക്കു കഴിയും. വളരെ കുറഞ്ഞ ചെലവിൽ കുടുംബാംഗങ്ങളോടൊപ്പം കുടുംബശ്രീ, ആർടി സ്ട്രീറ്റ് ഫുഡ് യൂണിറ്റുകൾ ഒരുക്കുന്ന സ്വാദിഷ്ടമായ നാടൻ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷിത യാത്രയ്ക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വഴി: ഏറ്റുമാനൂർ എറണാകുളം റോഡിൽനിന്ന് ആപ്പാഞ്ചിറ കാന്താരിക്കടവ് റോഡ് വഴി എഴുമാന്തുരുത്തിലേക്കു വരാം. തലയോലപ്പറന്പ് കോരിക്കൽ റോഡ്, മുട്ടുചിറ ആയാംകുടി റോഡു വഴിയും എഴുമാന്തുരുത്തിലേക്കെത്താം.