സഞ്ചാരികളുടെ മനം കവർന്ന് വാഗമൺ പാലൊഴുകുംപാറ
Tuesday, July 23, 2024 12:27 PM IST
ഉപ്പുതറ: നല്ലതണ്ണി മലയുടെ നെറുകയിൽനിന്നു പാറക്കെട്ടിലൂടെ താഴ്വാരത്തേക്ക് തുള്ളിച്ചാടി ഒഴുകുന്ന അരുവിക്ക് നാട്ടുകാരിട്ട പേരാണ് പാലൊഴുകുംപാറ. കുളിരുള്ള ശുദ്ധമായ കാറ്റും ഇടവിട്ട നേരങ്ങളിൽ ഓടിമറയുന്ന കോടമഞ്ഞും മലനിരകളുടെ വിദൂര ദൃശ്യങ്ങളും പാലൊഴുകുംപാറയുടെ വശ്യതയ്ക്ക് മാറ്റുകൂട്ടിയതോടെ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തി.
അങ്ങനെ വാഗമണിലെ കാഴ്ചവിരുന്നിൽ വിനോദ സഞ്ചാരികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഇഷ്ട ഇടമായി മാറുകയായിരുന്നു പാലൊഴുകും പാറ. അരുവിയുടെ ദൃശ്യഭംഗിക്കൊപ്പം പൈൻ മരക്കാടിന്റെ കാഴ്ചകൂടി ചേർന്നതോടെ പാലൊഴുകുംപാറ ടൂറിസം മാപ്പിൽ അറിയപ്പെടുന്ന സ്ഥലമായി.
ഏലപ്പാറ വാഗമൺ റൂട്ടിൽ കാവക്കുളം ജംഗ്ഷനിൽനിന്നു മൊട്ടക്കുന്നിലേക്കുള്ള ഗ്രാമീണ റോഡിലാണ് പാലൊഴുകുംപാറ അരുവിയും വെള്ളച്ചാട്ടവും. നല്ലതണ്ണി മലമുകളിലെ ആലഞ്ചിയിലാണ് അരുവിയുടെ ഉത്ഭവം. രണ്ടു കിലോമീറ്റർ താഴെ അരുവിയെ തടഞ്ഞ് കോൺക്രീറ്റ് തടയണയുണ്ട്.
ഇൻഡോ സ്വിസ് പ്രോജക്ടിനു വേണ്ടി മൃഗസംരക്ഷണ വകുപ്പും സാമൂഹിക വനവത്കരണത്തിനായി വനംവകുപ്പും ചേർന്ന് വർഷങ്ങൾക്കു മുൻപ് നിർമിച്ചതാണ് ചെക്ക് ഡാം. ജലസമൃദ്ധമായ അരുവി ചെക്ക് ഡാമും കവിഞ്ഞ് മലനിരകളിലൂടെ താഴേക്ക് ഒഴുകിയാണ് കാണികളുടെ ഹരമാകുന്നത്.
പിന്നീട് കൊച്ചുകരിന്തരുവിയിലൂടെ ചിന്നാർ പുഴയുടെ ഭാഗമാകും. അവിടെനിന്നു ചപ്പാത്തിനു മുകളിലെ മൂന്നാർമുക്കിൽ പെരിയാറിൽ ലയിക്കും. കൊടുംവേനലിൽ മാത്രമാണ് അരുവി വരളുന്നത്. അല്ലാത്തപ്പോഴെല്ലാം സഞ്ചാരികൾക്ക് ദൃശ്യവിസ്മയമായി പാലാഴുകും പാറയിലൂടെ തുള്ളിച്ചാടി ഈ അരുവിയുണ്ടാകും.
മലയുടെ നിരകളിൽ വെള്ളം കുത്തിച്ചാടുന്ന സ്ഥലങ്ങളിൽ ആഴമുള്ള വിസ്തൃതമായ മൂന്നു കയങ്ങളുണ്ട്. ഇവിടെ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടും ചുഴിയിൽ താഴ്ന്നും മുൻപ് പലർക്കും ജീവൻ നഷ്ടമായിട്ടുണ്ട്.
ഇതിനു ശേഷം ആളുകൾ പോകുന്നത് തടഞ്ഞ് ഇവിടെ വേലി കെട്ടി. ഇപ്പോൾ അരുവിയുടെ അടുത്തേക്ക് ആർക്കും പോകാൻ കഴിയില്ല. അകലെ നിന്നാണെങ്കിലും വെള്ളിക്കൊലുസിട്ട് തുള്ളിച്ചാടി കുതിക്കുന്ന അരുവിയുടെ സൗന്ദര്യം നുകരാൻ നൂറുകണക്കിന് സന്ദർശകരാണ് പാലൊഴുകും പാറയിലേക്ക് ഒഴുകിയെത്തുന്നത്.