ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജോയി കിഴക്കേല്‍
Wednesday, May 1, 2024 12:28 PM IST
ജില്ല: ഇടുക്കി
കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂലമറ്റം പവര്‍ഹൗസിന്റെ നാട്ടിലെ ദൃശ്യവിസ്മയം. നാടുകാണി, വലകെട്ടി മലകള്‍ക്കു നടുവിലാണ് ത്രിവേണിസംഗമം. കടുത്ത വേനലിലും ജലസമൃദ്ധം. ഇളംതെന്നലും സുഖശീതളിമയും ആരെയും ആകര്‍ഷിക്കും.
ത്രിവേണിയെന്നാല്
മൂലമറ്റം പവര്‍ഹൗസില്‍നിന്നു വൈദ്യുതി ഉത്പാദനത്തിനു ശേഷം കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളവും വലിയാറും നാച്ചാറും കൂടിച്ചേരുന്ന വശ്യസുന്ദരമായ ഇടമാണ് ത്രിവേണീസംഗമം. ഇതിനു തൊട്ടുതാഴെയായി തൂക്കുപാലമുണ്ട്. ഇവിടെനിന്നാല്‍ ത്രിവേണിയുടെ നയനമനോഹാരിത ആസ്വദിക്കാം.
ചങ്ങാടയാത്ര
കോട്ടയം, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍നിന്നു പ്രതിദിനം ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. വലിയാര്‍ വിയര്കെട്ട് ഭാഗത്തു കയാക്കിംഗ്, കുട്ടവഞ്ചി, മുളംചങ്ങാട യാത്ര എന്നിവയ്ക്കും സൗകര്യമുണ്ട്.
ജലസമൃദ്ധമായ മലങ്കര ജലാശയത്തില്‍നിന്നു ത്രിവേണി സംഗമത്തിലേക്കു സോളാര്‍ ബോട്ടിംഗിന് സാധ്യതയേറെയാണ്. ഇതാരംഭിച്ചാല് പുഴയോരക്കാഴ്ച കണ്ട് ത്രിവേണിയിലെത്താം.
യാത്ര
തൊടുപുഴമൂലമറ്റം റൂട്ടില്‍ എസ്എച്ച് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിനു സമീപം എകെജി ജംഗ്ഷനിലുള്ള ത്രിവേണിയിലേക്ക് 300 മീറ്റര്‍ ദൂരം. വാഹന പാര്‍ക്കിംഗിന് സൗകര്യം.