മടവൂര്‍ പാറയിലെ കുളിർമ!
തോമസ് വർഗീസ്
Tuesday, April 9, 2024 3:05 PM IST
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം, എന്നാൽ നഗരത്തിരക്കുകളില്ല. ശ്രദ്ധ നേടുകയാണ് മടവൂര്‍ പാറ ടൂറിസ്റ്റ് കേന്ദ്രം.
ശ്രീകാര്യം ചെങ്കോട്ടുകോണം റൂട്ടിലാണ് ഈ മടവൂർ പാറ. അറബിക്കടലിന്റെ വിദൂര ദൃശ്യങ്ങള്‍ കാണാനും പട്ടണക്കാഴ്ച അകലെ നിന്നാസ്വദിക്കാനും പറ്റിയ ഇടം.
മുളപ്പാലം: ചരിഞ്ഞു കിടക്കുന്ന പാറയിലൂടെ മുകളിലേക്കു കയറിയാല്‍ മുളകൊണ്ട് നിര്‍മിച്ച ബാംബൂ ബ്രിഡ്ജ്. സമീപത്തുതന്നെ വിശ്രമത്തിന് മുളംകുടിലുകള്‍.
മടവൂര്‍ പാറയുടെ പ്രവേശനകവാടം വരെ കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനവുമെത്തും. ബസിൽ വരുന്നവർക്കും നടന്നു കയറാനുള്ള ദൂരം മാത്രം. പുരാവസ്തുവകുപ്പിനു കീഴിലുള്ള പ്രാചീന ഗുഹാക്ഷേത്രവും ഇവിടെ കാണാം.
മുകളിൽ: പാറയ്ക്കു മുകളിൽ നിരപ്പായ സ്ഥലത്തും മുളംകുടിലുകളുണ്ട്. കുളിര്‍മ പകരുന്ന ചെറുകാറ്റ് എപ്പോഴുമുണ്ടാകും. ആകാശക്കാഴ്ചകളും സൂര്യാസ്തമയവും കാണാം.
രാവിലെയും വൈകുന്നേരവുമാണ് ഉചിതമായ സമയം. കുട്ടികളുടെ ചെറിയ പാര്‍ക്കും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും മടവൂര്‍ പാറയുടെ മുകളിലുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 300 അടിയാണ് ഉയരം.
ഒന്‍പതാം നൂറ്റാണ്ടില്‍ പാറയില്‍ വെട്ടിയെടുത്ത ഗുഹാക്ഷേത്രത്തിൽ പ്രാചീന മലയാള ലിപിയായ വട്ടെഴുത്ത് ലിഖിതങ്ങളുള്ള തൂണുണ്ട്. 100 മീറ്റര്‍ നീളമുള്ള മുളപ്പാലത്തിലൂടെയുള്ള യാത്ര രസകരം.
പാറയുടെ മുകളിലുള്ള മുളങ്കാടുകള്‍, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളുടെ വിശാലദൃശ്യം എന്നിവയും ശാന്തസുന്ദരമായ ഈ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രത്യേകതയാണ്.