മനസ് നിറയ്ക്കുന്ന നെല്ലറച്ചാല്‍
ജോജി വർഗീസ്
Saturday, November 9, 2024 7:07 PM IST
കണ്ടതും കാണാത്തതുമായി നിരവധി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളാൽ നിറഞ്ഞതാണ് വയനാട്. ഉള്ളിലേക്ക് പോകുംതോറും കൂടുതല്‍ മനോഹരിയാകുന്ന വയനാട്ടില്‍ വിനോദ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ഒരുപാടുണ്ട്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയവരായിരിക്കും. പക്ഷേ, ചിലതെല്ലാം വയനാട് ഒളിപ്പിച്ച് വയ്ക്കാറുണ്ട്.
അങ്ങനെ പെട്ടന്നൊന്നും ആരുടെയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് അമ്പലവയലിനടുത്ത നെല്ലറച്ചാല്‍. ചില നേരങ്ങളില്‍ നൂല്‍മഴ... ചിലപ്പോള്‍ മനോഹരമായ കോട മഞ്ഞിനാല്‍ കുളിച്ചു നില്ക്കുന്ന കാഴ്ച.
ഇനി ഇതൊന്നുമില്ലെങ്കിലോ അസ്തമയത്തിന്റെ അരുണാഭമായ കാഴ്ചകളായിരിക്കും നിങ്ങളെ വരവേല്‍ക്കുക. ഭൂമിശാസ്ത്രപരമായി, നെല്ലറച്ചാല്‍ ഉപദ്വീപിന്റെ ഒരു ഭാഗം പോലെയാണ്. അതായത് നെല്ലറച്ചാലിന്റെ മൂന്ന് വശം കാരാപ്പുഴ അതിരിടുന്നു. കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ട കാഴ്ചകളാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ടൂറിസം വകുപ്പിന്റെ കണ്ണില്‍ പെടാതെ
ഔദ്യോഗിക ടൂറിസം കേന്ദ്രമല്ലെങ്കിലും സന്ദര്‍ശകരുടെ ഇഷ്ടയിടമായി ഇവിടം മാറിയിരിക്കുകയാണ്. വയനാട്ടിലെ തണുപ്പും മഴയും കോടമഞ്ഞും ആസ്വദിക്കാനെത്തുന്നവരുടെ യാത്ര ഇവിടേക്ക് കൂടി നീണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ടൂറിസം വകുപ്പിന് ഇതുവരെ ഈ സ്ഥലം കണ്ണില്പ്പിടിച്ചിട്ടില്ലെന്ന പരിഭവം സഞ്ചാരികള്‍ പങ്കുവയ്ക്കുന്നു.
കാരാപ്പുഴ ഡാം റിസര്‍വോയറും പച്ചപ്പ് നിറഞ്ഞ കുന്നുകളുമെല്ലാം സന്ദര്‍ശകരുടെ മനം നിറക്കുന്ന കാഴ്ച്കളാണ്. സൂര്യാസ്തമയ കാഴ്ചക്കും പ്രശസ്തമാണ് നെല്ലാറച്ചാല്‍ വ്യൂ പോയിന്റ്. വേണ്ടത്ര വിവരങ്ങള്‍ ഈ സ്ഥലത്തെപ്പറ്റി സഞ്ചാരികള്‍ക്ക് ലഭിക്കാത്തതിനാല്‍ തന്നെ വയനാട്ടില്‍ താരതമ്യേന തിരക്ക് കുറവുള്ള സ്ഥലം കൂടിയാണ് നെല്ലറച്ചാല്‍.
സമീപ പ്രദേശങ്ങളിലെ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും താമസിക്കാനെത്തുന്നവര്‍ മാത്രാണ് നിലവില്‍ ഇവിടെ സന്ദര്‍ശകരായി എത്തുന്നത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വന്നിരിക്കാനും സമയം ചെലവഴിക്കാനും പറ്റിയ സ്വസ്ഥത നിറഞ്ഞ ഇടം കൂടിയാണിവിടം.
താടകത്തിലെ മത്സ്യബന്ധനവും പച്ചപരവതാനി വിരിച്ച കുന്നുകളുടെ ഭംഗിയും എത്ര കണ്ടാലും മതിവരാത്തതാണ്. തടാകക്കരയില്‍ നിങ്ങള്‍ക്ക് നല്ല ശുദ്ധജല മത്സ്യം വാങ്ങാം.

നെല്ലറച്ചാലിന്റെ ചരിത്രം
നെല്ലറച്ചാല്‍ യുദ്ധങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട്. കുറിച്യ ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരേ യുദ്ധം നയിച്ച മലബാർ സിംഹം പഴശി രാജയ്ക്കൊപ്പം നെല്ലറച്ചാലില്നിന്നുള്ള അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന് യുദ്ധം നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്പ് ശേരഖങ്ങളും മറ്റു വിവരങ്ങളുമെല്ലാം നെല്ലറച്ചാല്‍ യാത്രയില്‍ പരിചയപ്പെടാന്‍ അവസരമുണ്ട്.
വയനാട്ടിലെ പണിയ ഗോത്രക്കാര്‍ നിര്‍മിക്കുന്ന തുടി എന്ന സംഗീതോപകരണത്തിന്റെ പ്രവര്‍ത്തനവും വിൽപനയുമെല്ലാം ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി ആദിവാസികള്‍ നിര്‍മിക്കുന്ന ഈ ഉപകരണത്തിന്റെ വിൽപന ഗ്രാമീണരുടെ ഉപജീവന മാര്‍ഗം കൂടിയാണ്. മാത്രമല്ല ഇവിടെ യൂക്കാലിപ്റ്റസിന്റെ ഗുണങ്ങളും അതിന്റെ ഔഷധ മൂല്യവും അറിയാനുള്ള അവസരവുമുണ്ട്.
ഏതൊക്കെ വഴിയെത്താം
മേപ്പാടിയില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് നെല്ലറച്ചാല്‍. നെടുമ്പാല വഴി ഇവിടേക്കെത്താം. മേപ്പാടിയില്‍നിന്ന് നെല്ലറച്ചാലിലേക്കുള്ള വഴിയില്‍ ഇരുവശവും വിശാലമായ തേയിലത്തോട്ടങ്ങളാണെന്നതും മറ്റൊരു കാഴ്ചയാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണെങ്കില്‍ അമ്പലവയല്‍ ടൗണ്‍ വഴി വടുവന്‍ചാല്‍ റോഡിലേക്ക് പ്രവേശിച്ച് അല്‍പ്പദൂരം പിന്നിട്ട് വലത്തോട്ട് തിരിഞ്ഞാല്‍ നെല്ലറച്ചാല്‍ വ്യൂ പോയിന്റ് എത്താം. അമ്പലവയല്‍ മുതല്‍ ഇവിടെ വരെ ലോക്കല്‍ ബസ് സര്‍വീസുകള്‍ ഉണ്ട്. എടക്കല്‍ ഗുഹ, ഹെറിറ്റേജ് മ്യൂസിയം, മഞ്ഞപ്പാറ വ്യൂ പോയിന്റ്, ഫാന്റം റോക്ക്, കാന്തന്‍പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് തുടങ്ങിയ മനോഹരമായ വിനോദ സഞ്ചാര സ്പോട്ടുകളും നിങ്ങള്‍ക്ക് നെല്ലറച്ചാലിനടുത്തായി ഉണ്ട്.
നിലവില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് നെല്ലറച്ചാലിലെത്തുന്ന സഞ്ചാരികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അണക്കെട്ടായതിനാല് തന്നെ ഒരു കാരണവശാലും പ്ലാസ്റ്റിക് കവറുകള്‍ വ്യൂ പോയിന്റില്‍ തള്ളരുത്.