മനംകുളിർപ്പിച്ച് മലയോര ടൂറിസം കേന്ദ്രങ്ങൾ
സ്വന്തം ലേഖകന്‍
Friday, April 12, 2024 2:43 PM IST
കനത്ത ചൂടിൽ നാട് ചുട്ടുപൊള്ളുമ്പോൾ കുളിര്‍മ തേടി കോഴിക്കോട്ടെ മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ കുടുംബ ടൂറിസ്റ്റുകളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും.
കോടമഞ്ഞ് പുതച്ച, കാട്ടരുവികൾ ഒഴുകുന്ന മലനിരകളും കൃഷിയിടങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പ്രകൃതിരമണീയമായ കക്കാടംപൊയില്‍, തോട്ടപ്പളളി, കോഴിപ്പാറ വെളളച്ചാട്ടം, പൂവാറന്‍തോട്, ഉറുമി, അരിപ്പാറ വെളളച്ചാട്ടം, ഒലിച്ചുചാട്ടം, പതങ്കയം വെളളച്ചാട്ടം, തുഷാരഗിരി, തിരുവമ്പാടി തുമ്പക്കോട്ട്മല, മറിപ്പുഴ എന്നിവിടങ്ങളിലേക്കാണ് വിദൂരങ്ങളില്‍നിന്നടക്കം ആളുകളെത്തുന്നത്.
ബൈക്കുകളിലും കാറുകളിലും ടൂറിസ്റ്റ് ബസുകളിലുമായാണ് സഞ്ചാരികളുടെ വരവ്. എല്ലായിടങ്ങളിലും ഗതാഗത സൗകര്യവും റിസോര്‍ട്ട്, ഹോം സ്റ്റേ സംവിധാനങ്ങളുമുളളതാണ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വന്യമൃഗ ഭീതികള്‍ക്കിടയിലും സഞ്ചാരികളുടെ ഒഴുക്കിന് പഞ്ഞമില്ല.
ഫാം വിസിറ്റ് പാക്കേജ്
ഫാം ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന വിനോദ സഞ്ചാര മേഖല കൂടിയാണിത്. കാര്‍ഷിക സമ്പദ് സമൃദ്ധിയും പ്രകൃതിരമണീയതയും വളര്‍ത്തുമൃഗങ്ങളേയും നേരില്‍ അറിയാന്‍, വിഭവങ്ങള്‍ വാങ്ങാന്‍ തിരുവമ്പാടി പഞ്ചായത്തില്‍ ഫാം വിസിറ്റ് പാക്കേജ് ടൂര്‍ ആരംഭിച്ചിട്ടുണ്ട്.
രാവിലെ 8.30ന് ആരംഭിക്കുന്ന ട്രിപ്പ് വൈകിട്ട് 6.30ന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544039294 (അജു എമ്മാനുവല്‍). കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മുതൽ കൊടുവളളി ബ്ലോക്ക്തലത്തില്‍ മലയോര ഫാം ടൂറിസം പദ്ധതി ആരംഭിച്ചിട്ടുണ്ട്. വിവിധ ഫാമുകള്‍ സന്ദര്‍ശിക്കാന്‍ വിസിറ്റിംഗ്പാക്കേജിലൂടെ സാധിക്കും.
മലബാറിലെ ഊട്ടി: കുടുംബ ടൂറിസ്റ്റുകളുടെ പറുദീസ
അത്യുഷ്ണം തുടരുന്നത് കക്കാടംപൊയിലിലേക്കുളള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയ്ക്കിടയാക്കി. കോടമഞ്ഞുമൂടിയ അന്തരീക്ഷമാണ് സഞ്ചാരികളുടെ മനസും ശരീരവും കുളിര്‍പ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലുമാണ് കക്കാടംപൊയില്‍ പ്രദേശം. മലനിരകളും പുല്‍മേടുകളും കൃഷിയിടങ്ങളും വെളളച്ചാട്ടങ്ങളും പാറക്കെട്ടുകളുമെല്ലാമടങ്ങിയ കക്കാടംപൊയില്‍ മലബാറിലെ ഊട്ടി എന്നാണറിയപ്പെടുന്നത്.
വിദൂര ജില്ലകളില്നിന്നടക്കമാണ് ഇവിടേക്ക് കുടുംബ ടൂറിസ്റ്റുകളെത്തുന്നത്. റിസോര്‍ട്ടുകള്‍ ഏറെയുളളത് സഞ്ചാരികള്‍ക്ക് അനുഗ്രഹമാകുന്നു. പലരും ദിവസങ്ങള്‍ തങ്ങിയാണ് തിരിച്ചുപോകുന്നത്.
പഴശിരാജ ഗുഹ (പഴശിരാജ വയനാട്ടില്‍നിന്ന് നിലമ്പൂരിലേക്കുളള യാത്രയില്‍ ഇടത്താവളമാക്കിയ കോട്ട): കക്കാടംപെയിലില്നിന്ന് നാല് കിലോമീറ്റര്‍ അകലെ നായാടംപൊയിലിന് സമീപത്തായാണ് ഈ ഗുഹ.
കോഴിപ്പാറ വെളളച്ചാട്ടം
കക്കാടംപൊയില്‍ അങ്ങാടിയില്‍നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെ കുറുവന്പുഴയിലാണിത്. കുളിക്കാനും നീന്താനും സൗകര്യമുണ്ട്. കേരള വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ശുചിമുറി എന്നിവയുമുണ്ട്.
കോഴിപ്പാറ ഫാം ടൂറിസം
ഫാം ടൂറിസത്തിന്റെ സാധ്യകളത്രയും ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ കര്‍ഷകരുണ്ടിവിടെ. വൈവിധ്യമാര്‍ന്ന പഴങ്ങളടക്കം സഞ്ചാരികള്‍ക്ക് സ്വന്തമാക്കാം. കോഴിപ്പാറയില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വനവിഭവങ്ങളും ഇവിടെ ലഭ്യമാണ്.
കക്കാടംപൊയലില്നിന്നു നായാടംപൊയില്‍ റോഡില്‍ അഞ്ച് കിലോമീറ്റര്‍ അകലെയുളള കുരിശുമല, എട്ടാം ബ്ലോക്കിലെ ആദിവാസി ഗുഹ, നിലമ്പൂര്‍ റോഡിലെ എസ് വളവ്, സൂര്യാസ്തമയങ്ങള്‍. ദൃശ്യവിരുന്നുകളുടെ പട്ടിക നീളുന്നു.
ജനകീയ ടൂറിസം ഭൂപടത്തില്‍ ഇടംതേടി പൂവാറന്‍തോട്
കാര്‍ഷിക സമ്പദ്സമൃദ്ധികൊണ്ടും പ്രകൃതി മനോഹാരിതകൊണ്ടും ജനകീയ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് പൂവാറന്‍തോട്. കോടമഞ്ഞും പുല്‍മേടുകളും പശ്ചിമഘട്ട മലനിരകളുമെല്ലാം വയനാട് യാത്രയുടെ പ്രതീതി ജനിപ്പിക്കുന്നു.
ഇക്കോ ടൂറിസത്തിന്റെയും ഫാം ടൂറിസത്തിന്റെയും ഈറ്റില്ലമാണിവിടം. പൂവാറന്‍തോടിന്റെ താഴ് വാരത്തിലുളള ഉറുമി വെളളച്ചാട്ടമാണ് പ്രധാന ആകര്‍ഷണം. പുഴ വരളാന്‍ തുടങ്ങിയതോടെ വെളളച്ചാട്ടം നിലച്ചെങ്കിലും സഞ്ചാരികളുടെ തിരക്ക് കൂടിവരികയാണ്.
തണുത്ത അന്തരീക്ഷം തന്നെ കാരണം. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്ത് അധീനതയിലാണ് ഈ പ്രദേശം. പൂവാറന്തോടിലേക്ക് വരുന്ന വഴിയിലെ ആദ്യ കാഴ്ചയാണ് ഉറുമി ഡാം. ഡാമിനോടു ചേര്‍ന്നാണ് കൊച്ചുകൊച്ചു വെളളച്ചാട്ടങ്ങള്‍. മേടപ്പാറ, ഉടുമ്പ്പാറ എന്നിവ പ്രകൃതിയുടെ ദൃശ്യവിരുന്നൊരുക്കുന്നു.
പച്ചപുതച്ചുകിടക്കുന്ന കൂറ്റന്‍ മലനിരകള്‍, ഉരുളന്‍ പാറക്കെട്ടുകളിലൂടെ നുരഞ്ഞുപതഞ്ഞു വരുന്ന കാട്ടുചോല, ശില്പഭംഗിയാര്ന്ന പാറക്കെട്ടുകള്‍ തുടങ്ങി തണുപ്പും ഇളംകാറ്റുമൊക്കെ സഞ്ചാരികളെ മനം കവരും.
ആഴം തിട്ടപ്പെടുത്താന്‍ കഴിയാത്ത കിണര്‍ ആകൃതിയില്‍ വന്‍ കയങ്ങളുണ്ടിവിടെ. ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ ജാതി കൃഷിയുള്ള പ്രദേശമാണിത്. വനിത സൗഹൃദ ഹോം സ്റ്റേ സൗകര്യമുള്‍പ്പെടെ ഒട്ടേറെ റിസോര്‍ട്ടുകളാണ് ഇവിടെ സഞ്ചാരികള്ക്കായുളളത്.

അരിപ്പാറ വെളളച്ചാട്ടം
വേനല്‍ കാഠിന്യത്താല്‍ ഇരുവഴിഞ്ഞുപ്പുഴയില് ജലവിതാനം കുത്തനെ കുറഞ്ഞതിനാല്‍ അരിപ്പാറ വെളളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇത് കാരണം സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ട്. ചാലിയാറിന്റെ പോഷക നദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ വരദാനമാണ് അരിപ്പാറ വെള്ളച്ചാട്ടം.
വെളളരിമലയുടെ നെറുകയില്നിന്നുത്ഭവിക്കുന്ന പുഴയുടെ ആനക്കാംപൊയില്‍ ഭാഗത്താണ് അപൂര്‍വദൃശ്യവിരുന്ന്. ഭീമന് പാറക്കെട്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന ജലദൃശ്യം സഞ്ചാരികളുടെ മനം കവരുന്നു.
സമൃദ്ധമായ കാടുകള്‍ക്കും തോട്ടങ്ങള്‍ക്കുമിടയിലൂടെ പതഞ്ഞൊഴുകി വരുന്ന പുഴയാണ് മനോഹര വെളളച്ചാട്ടം സൃഷ്ടിക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ കുറുകെയുളള തൂക്കുപാലത്തില്‍ കയറി വെളളച്ചാട്ടം ദര്‍ശിക്കാം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അധീനതയിലുളള വിനോദ സഞ്ചാര കേന്ദ്രമാണിത്. തിരുവമ്പാടിയില്‍നിന്നു 11 കിലോമീറ്റര്‍ അകലെയാണിത്. സ്ഥിരം അപകടമേഖലയായതിനാല്‍ സഞ്ചാരികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഉള്‍വനങ്ങളിലുണ്ടാകുന്ന മഴയില്‍ അപ്രതീക്ഷിതമായെത്തുന്ന മലവെളളപ്പാച്ചില്‍ ഇതിനകം ഒട്ടേറെ ജീവനുകളാണ് അപഹരിച്ചത്. ഒട്ടേറെ മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പതങ്കയം വെളളച്ചാട്ടം സമീപമാണ്.
തുഷാരഗിരി വെളളച്ചാട്ടം
കോടഞ്ചേരി തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. കടുത്തവേനലില്‍ ചാലിപ്പുഴ വരളാന്‍ തുടങ്ങിയതോടെ അഞ്ച് വെളളച്ചാട്ടങ്ങളിലും ശക്തി കുറഞ്ഞതാണ് കാരണം.
അതേസമയം ചൂടില്‍നിന്നു രക്ഷതേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. സാഹസികപ്രിയരായിട്ടുളളവരുടെ ഇഷ്ട ട്രക്കിംഗ് സെന്ററാണ് നിബിഡ വനത്തിനുളളിലെ ഹണി റോക്ക്.
ചാലിപ്പുഴയിലെ പത്താംകയം, പുലിക്കയം കയാക്കിംഗ് സെന്റര്‍ എന്നിവ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. വനത്തിനുളളിലെ മഴവില്‍ വെളളച്ചാട്ടം, തുമ്പിതുളളുംപാറ വെളളച്ചാട്ടം എന്നിവ സന്ദര്‍ശിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പ്രവേശനം. തുഷാരഗിരി തോണിക്കയം ട്രക്കിംഗ് ആണ് പ്രധാന ആകര്‍ഷണം. തോണിക്കയം ട്രക്കിംഗിന് അഞ്ച് പേരുളള ഒരു ഗ്രൂപ്പിന് 1,450 രൂപയാണ് നിരക്ക്. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ട്.
ആവശ്യത്തിന് ലൈഫ് ഗാര്‍ഡുകളും ഫസ്റ്റ് എയ്ഡ് ബോക്സുകളും ലൈഫ് ജാക്കറ്റുകളും ഉള്‍പ്പെടെ സര്‍വ സുരക്ഷാ സന്നാഹങ്ങളുമുളള ടൂറിസ്റ്റ് കേന്ദ്രമാണിത്.
ഓര്‍ക്കുക അപകടം പതിയിരിക്കുന്നു
അപകടങ്ങള്‍ എറെ പതിയിരിക്കുന്നവയാണു മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ. വെളളച്ചാട്ട കേന്ദ്രങ്ങള്‍തന്നെ ഒന്നാമത്തേത്. അരിപ്പാറയില്‍ മാത്രം ഇതിനകം 25 ലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വഴുവഴുപ്പുളള പാറക്കൂട്ടങ്ങളും അപ്രതീക്ഷിതമായെത്തുന്ന മലവെളളപ്പാച്ചിലുമാണ് പ്രധാന വില്ലൻ. കക്കാടംപൊയില്‍, പൂവാറന്‍തോട് പ്രദേശങ്ങള്‍ ചുരം കണക്കെയുളള ചെരിവുകളും വളവുകളുമുളള മേഖലയാണ്.
ഇവിടങ്ങളിലെ കൊക്കകള്‍ അപകടക്കെണികളാണ്. ഒട്ടേറെ വാഹന അപകടങ്ങളാണ് അടുത്തിടെയുണ്ടായത്.