നെല്ലിയാമ്പതി: പാവങ്ങളുടെ ഊട്ടി!
എം.വി. വസന്ത്
Tuesday, May 14, 2024 12:13 PM IST
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല കയറിയെത്തുന്ന നെല്ലിയാമ്പതി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. അവധി ദിനങ്ങളിൽ സഞ്ചാരികളുടെ പ്രവാഹം. പാവങ്ങളുടെ ഊട്ടി എന്ന വിശേഷണം തന്നെ വിനോദസഞ്ചാരികളും നെല്ലിയാന്പതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.
467 മീറ്റര്‍ മുതല്‍ 1,572 മീറ്റര്‍ വരെയാണ് സമുദ്ര നിരപ്പില്‍നിന്ന് ഉയരം. ഇത് എല്ലായിടത്തും ഒരു പോലെയല്ല.
പ്രത്യേകതകൾ
വേനൽച്ചൂട് ജില്ലയിൽ തുടരുന്നെങ്കിലും നെല്ലിയാമ്പതിയിൽ സമതലപ്രദേശങ്ങളെക്കാൾ 6 മുതൽ 10 ഡിഗ്രി വരെ ചൂട് കുറവ്. ഭാഗ്യമുണ്ടെങ്കിൽ രാവിലെ ചെറിയ കോടമഞ്ഞും കാണാം.
നെന്മാറയിൽ നിന്നു പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെയാണ് നെല്ലിയാന്പതിയിലേക്കുള്ള പ്രവേശനം. പോത്തുണ്ടി ഡാമിനോടു ചേർന്ന ഉദ്യാനം ഉല്ലാസത്തിനൊപ്പം നല്ലൊരു വിശ്രമകേന്ദ്രവുമാണ്.
പത്തോളം ഹെയർപിൻ വളവുകൾ കയറി വേണം നെല്ലിയാമ്പതിയിലെത്താൻ. മുകളിലേക്ക് കയറുംതോറും വിവിധ കമ്പനികളുടെ തേയിലത്തോട്ടങ്ങൾ ദൃശ്യമാകും.
ഓറഞ്ച് തോട്ടങ്ങൾ
ഓറഞ്ച് തോട്ടങ്ങൾക്കും പ്രസിദ്ധമാണ് നെല്ലിയാന്പതി. ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധി. ബ്രിട്ടീഷുകാരുടെ കാലത്തുള്ള എസ്റ്റേറ്റുകളിൽ പലതിലും പ്രവേശനവും സ്വകാര്യ റിസോർട്ട് സംവിധാനവുമുണ്ട്. സീതാർകുണ്ട് വെള്ളച്ചാട്ടം ആകർഷകം.
കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന് തുടങ്ങി വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ പ്രദേശം. പക്ഷികളുടെ വൈവിധ്യവും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്.
തേയില കൂടാതെ ഏലം, കാപ്പി തോട്ടങ്ങളുമുണ്ട്. സീതാർകുണ്ട് വ്യൂ പോയിന്റും കേശവൻ പാറയും കാരപ്പാറ വഴിയുള്ള ഡ്രൈവും മിന്നാംപാറ ഓഫ് റോഡ് ഡ്രൈവും ഒക്കെ മനോഹരമായ അനുഭവങ്ങളാണ്.
കാപ്പിത്തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിലൂടെ സഞ്ചരിക്കുമ്പോൾ ചിറകടിയുടെ ശബ്ദം കേട്ട് നിശബ്ദമായി ശ്രദ്ധിച്ചു പോയാൽ ഒരുപക്ഷേ വേഴാമ്പലുകളെയും കാണാനാകും.
വഴി
തൃശൂർ വഴി വരുന്നവർ വടക്കഞ്ചേരിയിലൂടെ നെന്മാറയിലെത്താം. പാലക്കാട് ഭാഗത്തുനിന്നു വരുന്നവർ കൊല്ലങ്കോട് വഴി നെന്മാറയിലെത്താം.