കണ്ണൂർ കോട്ടയിലെ പീരങ്കികൾ
Monday, March 18, 2024 5:36 PM IST
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്ചലോസ് ഫോർട്ട് എന്ന കണ്ണൂർ കോട്ട. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ നിർമിത കോട്ട. ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ്കോ ഡി അല്‍മേഡ 1505ലാണ് ഈ ചെങ്കല്‍ വിസ്മയം നിര്‍മിച്ചത്.
ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍നിന്ന് 1663ല്‍ കോട്ട പിടിച്ചടക്കി. അറയ്ക്കല്‍ രാജ്യത്തെ അലി രാജയ്ക്കു വിറ്റു. 1790ല്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചു. ഇതു മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി. കോട്ടയ്ക്കുള്ളില്‍ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കാഴ്ചകൾ: കടൽ തീരത്തെ പാറയ്ക്കു മുകളിൽ ത്രികോണആകൃതിയില് നിർമാണം. തെക്കുപടിഞ്ഞാറ് ഭാഗത്തേക്കു നോക്കിയാൽ മാപ്പിള ബേ എന്നറിയപ്പെടുന്ന മത്സ്യബന്ധന തുറമുഖം കാണാം. അറബിക്കടലിലേക്ക് നോക്കി നില്ക്കുന്ന പീരങ്കികൾ പ്രധാന ആകർഷണം.
കോട്ടയുടെ നിര്‍മിതിയുടെ പിന്നില്‍ വാസ്കോഡ ഗാമ ആണെന്ന വാദവും നിലവിലുണ്ട്. കോട്ടയ്ക്കകത്തെ നെടുനീളന്‍ കുതിരലായം ആരെയും ആകർഷിക്കും.
പ്രവേശനം: രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവേശനം. പ്രവേശന ഫീസ് 35 രൂപ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ എത്തുന്നവർക്ക് ഓട്ടോ മാർഗം കോട്ടയിലെത്താം. സ്വന്തം വാഹനത്തിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്. ടൂറിസം പോലീസ് സേവനവും ലഭ്യമാണ്.
അനുമോൾ ജോയ്