Travel
Back to home
അരിക്കൊമ്പൻ വാഴുന്ന കോതയാർ മല
Sunday, July 23, 2023 4:55 PM IST
സുനിൽ കോട്ടൂർ
അരിക്കൊന്പന്‍റെ പുതിയ വാസസ്ഥലമെന്ന് സ്വദേശത്തും വിദേശത്തും വരെ പ്രശസ്തിയാർജിച്ച കോതയാർ മല. സ്വർഗം താണിറങ്ങി വന്ന ഇടമാണിവിടം. അഗസ്ത്യമലയ്ക്ക് അടിവാരത്ത് പ്രകൃതി ഒരുക്കിയ മനോഹരമായ ചിത്രരചന പാടവം എത്ര കണ്ടാലും മതിയാവില്ല.

നട്ടുച്ചയ്ക്കും ശരീരത്തെ മൂടുന്ന തണുപ്പ്. കോടമഞ്ഞിൻ താഴ്വരകളും ഇരുൾ മൂടിയ അഗാധമായ കൊക്കകളും ഇളംപച്ചപ്പണിഞ്ഞ മലമടക്കുകളും ചെങ്കുത്തായ മലനിരകളും നിമിഷനേരംകൊണ്ട് മഞ്ഞ് വന്നണയുകയും ഉടനെ മറയുകയും ചെയ്യുന്ന അന്തരീക്ഷവും വന്യമനോഹാരിത നൽകുന്നു. പശ്ചിമഘട്ടത്തിലെ അവസാന മലയായ അഗസ്ത്യമലയ്ക്ക് അടുത്താണ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം. അതിലാണ് കോതയാർ വരിക.

കോതയാറിന് പഴയ ചരിത്രമുണ്ട്

കോതയാർ അണക്കെട്ടിന്‍റെ കഥ ഒരു പ്രതികാരത്തിന്‍റെയും കൂടിയാണ്. വീരമാർത്താണ്ഡൻ അരയൻ പാണ്ഡ്യനാടിനെ വിറപ്പിച്ചിരുന്ന കഥകൾ. കൊല്ലവർഷം 300ന് ഇടയ്ക്ക് അഗസ്ത്യമലയുടെ അപ്പുറത്ത് കോതയാറിൻ തീരത്ത് വാണ കാട്ടുരാജാവാണ് വീരമാർത്താണ്ഡനരയൻ.

കോത, പറളി, മണിമുത്തി, ചെമ്പരുത്തി എന്നീ നദികളുടെ സംഗമസ്ഥാനത്ത് കോതയാർ ആസ്ഥാനമാക്കിയാണ് നാട്ടുരാജാവ് ഭരിച്ചിരുന്നത്. അന്നത്തെ നാടുവാഴി ആറ്റിങ്ങൽ തമ്പുരാൻ ആയിരുന്നു. ആറ്റിങ്ങൽ തമ്പുരാനാണ് വീരമാർത്താണ്ഡന് അരയൻ പട്ടസ്ഥാനം നൽകുകയും പൊന്നും പൊരുളും കൽപ്പിച്ച് നൽകുകയും അടിപാണ്ടി, നടുപാണ്ടി, തലപാണ്ടി എന്നീ ദേശങ്ങളിലെ കരവും മറ്റ് അവകാശവും അധികാരവും നൽകുകയും ചെയ്തത്.

അടുത്തുള്ള പാണ്ഡ്യ രാജ്യത്തിൽ നിന്നുള്ള ആക്രമണം തടയാനും ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കാനും വീരമാർത്താണ്ഡനരയൻ ഒരു കോട്ട കെട്ടി ഭരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മകൾ കരുമ്പാണ്ടിക്ക് ആലുന്തരയിലുള്ള കൊച്ചാതിച്ചനോട് പ്രണയം. അവരുടെ വിവാഹവും നിശ്ചയിച്ചു. വിവാഹത്തിന് പാണ്ഡ്യരാജാവിനെയും കൂട്ടരെയും ക്ഷണിച്ചു.

എന്നാൽ ക്ഷണം നിരസിച്ച പാണ്ഡ്യരാജാവ് കരുമ്പാണ്ടിയെ തന്‍റെ കൊട്ടാരത്തിൽ ദാസ്യപണിക്കാരിയായി വിട്ടുതരണമെന്ന് പറയുകയും ചെയ്തു. ജാതി പറഞ്ഞ് അധിക്ഷേപിച്ച് വിവാഹത്തിൽ പങ്കെടുക്കാതെ പാണ്ഡ്യ രാജാവ് മാറിനിന്നു.

അരയനും കാണിക്കാരും ഇതിന് പ്രതികാരം തീർത്തത് പാണ്ഡ്യരാജ്യത്തെ വറുതിയുടെ മുൾമുനയിൽ നിറുത്തിയാണ്. പാണ്ഡ്യ രാജ്യത്ത് വെള്ളം എത്തുന്നത് അഗസ്ത്യമലയിൽ നിന്നും ഉത്ഭവിക്കുന്ന കോതയാറിൽനിന്നാണ്. കാണിക്കാർ ദിവസങ്ങളോളം പണിയെടുത്ത് കോതയാറ്റിൽ കല്ലുകൾ ചേർത്ത് അണകെട്ടി വെള്ളം തടഞ്ഞു നിറുത്തി. നദിയുടെ ഗതി കിഴക്കു നിന്ന് പടിഞ്ഞാറോട്ടേക്ക് ആക്കി.

പാണ്ഡ്യ രാജ്യത്ത് വെള്ളം എത്താതായതോടെ അവിടെ ജനങ്ങൾ പ്രശ്നമുണ്ടാക്കി. വെള്ളം കിട്ടാതെ കർഷകർ വലഞ്ഞു. ദാഹജലവും മുടങ്ങിയതോടെ പാണ്ഡ്യ രാജ്യത്ത് കലഹം മൂത്തു. ഒടുവിൽ രാജാവ് കല്ലണ മാറ്റി തരാൻ കൽപ്പിച്ചു. എന്നാൽ ഇത് ആറ്റിങ്ങൽ രാജാവിന്‍റെ വകയാണെന്നും പാണ്ഡ്യ രാജ്യത്തിന് അവകാശമില്ലെന്നും പറഞ്ഞ് അരയൻ ഉറച്ചു നിന്നു. അങ്ങിനെ കിഴക്കോട്ടു ഒഴുകിയിരുന്ന നദിയുടെ ഗതി പടിഞ്ഞാറോട്ടു തിരിച്ചുവിട്ട കാണിക്കാരെ തറപറ്റിക്കാൻ ഒടുവിൽ യുദ്ധവുമായി പാണ്ഡ്യരാജ്യം എത്തി.

യുദ്ധത്തിൽ പരാജയപ്പെടുമെന്ന് മനസിലാക്കിയ അരയൻ കല്ലണയിൽ തന്നെ ജീവനൊടുക്കി. കരുമ്പാണ്ടി പാണ്ഡ്യരാജാവിന്‍റെ അടിമയാകുമെന്ന് കണ്ടതിനാൽ മകൾ മാടൻ ദൈവത്തിന്‍റെ മുന്നിൽ ബലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഈ ദേശം പാണ്ഡ്യ രാജ്യത്തിന്‍റെ വകയായി മാറി. ഒടുവിൽ കല്ലണ മാറ്റി വെള്ളം പാണ്ഡ്യരാജ്യത്ത് എത്തിച്ചു. കാലം മാറിയതോടെ വീരമാർത്താണ്ടൻ കാണിക്കാരുടെ ദൈവമായി മാറി.

മുൻ ചീഫ് സെക്രട്ടറിയായിരുന്ന സി.പി. നായരുടെ പിതാവും ഗ്രന്ഥകാരനുമായിരുന്ന എൻ.പി. ചെല്ലപ്പൻപിള്ള തന്‍റെ ജോലി സംബന്ധമായി വനത്തിൽ അതിരു സംബന്ധിച്ച് സർവേ നടത്താൻ വന്നപ്പോഴാണ് കല്ലണയുടെ ദൃശ്യങ്ങൾ കണ്ടതും അത് പുറംലോകത്തെ അറിയിച്ചതും. ഈ കല്ലണയുടെ സ്മരണയ്ക്കായാണ് ഇവിടെ കോതയാർ അണക്കെട്ട് പണിതത്.

ഇതു വഴി ഒരു റോഡുമുണ്ടായിരുന്നു

തിരുവിതാംകൂർ രാജ്യം ഉണ്ടാകുന്നതിനും വളരെ മുൻപ് ഈ മലനിരകൾ വഴി റോഡ് ഉണ്ടായിരുന്നു. തിരുവിതാംകൂറിന്‍റെ ചരിത്രവും മറ്റും തയാറാക്കാൻ നിയോഗിച്ച നാഗമയ്യ രചിച്ച 1932ലെ ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ഇവിടെ ഒരു പാത ഉണ്ടായിരുന്നു. തിരുവിതാംകൂറിനെയും തമിഴ്നാട്ടിനെയും ബന്ധിപ്പിക്കുന്ന പാത. അംബാസമുദ്രത്തിൽനിന്നു തുടങ്ങി അഗസ്ത്യവനത്തിലൂടെ കടന്ന് കോട്ടൂർ വഴി അനന്തപുരിയിലും മറ്റും എത്താൻ കഴിയുന്ന പാത.

ഇതിനെ കീരവാടാത്തടം എന്ന് മലയാളത്തിലും ബ്രിട്ടീഷുകാർ ട്രാവൻകൂർ പാസ് വേ എന്നും വിളിക്കും. കോട്ടൂരിൽ നിന്നും തുടങ്ങുന്ന പാത കാട്ടിലൂടെ അതിരുമലയിൽ എത്തും. അവിടെനിന്നു പാത അഗസ്ത്യമുടിയുടെ അടിവാരത്തിലൂടെ കളക്കാട് വഴി കോതയാറ്റിലൂടെ തമിഴ്നാട്ടിലെ അംബാസമുദ്രത്തിൽ എത്തും. പേരുകേട്ട രാജപാതയ്ക്ക് ഒടുവിൽ സംഭവിച്ചത് മരണം. മാർത്താണ്ഡവർമയുടെ കാലത്തുതന്നെ പാതയും അടച്ചു. രാജ്യത്തിന് അയൽരാജ്യ ഭീഷണി കാരണം കല്ലുവച്ചാണ് രാമയ്യൻ ദളവ അടച്ചത്.

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് ഈ മലനിരകൾ. സമുദ്രനിരപ്പിൽനിന്നു 10001500 മീറ്റർ ഉയരെയാണ് താഴ് വാരം. തമിഴ്നാട്ടിലെ അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം ഇതിന്‍റെ ഭാഗമാണ്.

തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം കഴിഞ്ഞു കഷ്ടിച്ച് അഞ്ചു കിലോമീറ്റർ പിന്നിട്ടു കല്ലടക്കുറിച്ചിയിലെത്തി വലത്തോട്ടു തിരിയുമ്പോൾ കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവിന്‍റെ ബോർഡ് കാണാം. മാഞ്ചോലയിലേക്കും അതിനും മുകളിൽ കുതിരവെട്ടിയിലേക്കും പോകാൻ വനംവകുപ്പിന്‍റെ അനുമതി വേണം.

കല്ലടക്കുറിച്ചിയിൽനിന്നു മണിമുത്താർ സ്പെഷൽ പോലീസ് ക്യാന്പും കടന്നാൽ മണിമുത്താർ ഡാം സൈറ്റിലെത്തും. ഇവിടത്തെ ചെക്ക് പോസ്റ്റിലെത്തി അനുമതി വാങ്ങി മുകളിലേക്കു യാത്ര തുടരാം. മാഞ്ചോല എസ്റ്റേറ്റ് എന്നാണു പൊതുവേ അറിയപ്പെടുന്നതെങ്കിലും കുതിരവെട്ടിയാണ് അവസാന പോയിന്‍റ്. മണിമുത്താറിൽനിന്നു കുതിരവെട്ടിയിലേക്കു ദുർഘടപാതയാണ്.

കുതിരവെട്ടിയിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ അത്യാവശ്യം സൗകര്യങ്ങളോടെ താമസിക്കാം. മാഞ്ചോലയും കാക്കാച്ചിയും ഊത്തുമൊക്കെ ബോംബെ ബർമാ ട്രേഡിംഗ് കോർപറേഷനു കീഴിലുള്ള തേയിലത്തോട്ടങ്ങളും ഫാക്ടറികളുമാണ്. ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ ലയങ്ങളും കാണാം.

കല്ലടക്കുറിച്ചിയിൽനിന്നു മണിമുത്താറിലെ തമിഴ്നാട് സ്പെഷൽ പോലീസിന്‍റെ ക്യാന്പും പിന്നിട്ട് എത്തുന്നതു മണിമുത്താർ ഡാം സൈറ്റിലാണ്. മണിമുത്താർ വെള്ളച്ചാട്ടവും അരുവിയുമൊക്കെ കണ്ണിനു കുളിർമയാകും. ഇവിടെയാണു വനംവകുപ്പിന്‍റെ ചെക്ക് പോസ്റ്റ്.

മണിമുത്താറിൽനിന്നു 20 കിലോമീറ്റർ അകലെയാണു മാഞ്ചോല. കുതിരവെട്ടിയിലേക്ക് 48 കിലോമീറ്ററും. അയൽക്കൂട്ടം കൂടുന്നപോലെ ചിത്രശലഭങ്ങൾ കൂടിയിരിക്കുന്ന റോഡിലൂടെ 3035 കിലോമീറ്റർ വേഗത്തിലേ യാത്ര ചെയ്യാനാവൂ. മണിമുത്താർ ഡാം നയനാനന്ദകരമായ കാഴ്ചയാണ്. ഇവിടെ ബോട്ട് സവാരിയുമുണ്ട്. ഇവിടെനിന്നാൽ സഹ്യപർവതത്തിന്‍റെ അപാരഭംഗി ആസ്വദിക്കാം. മണിമുത്താർ അരുവിക്കു കുറുകെയുള്ള പാലത്തിൽനിന്നാൽ സമീപത്തെ വെള്ളച്ചാട്ടം പുളകം കൊള്ളിക്കും.

തേയിലത്തോട്ടങ്ങൾക്കു നടുവിൽ തീ ജ്വാലപോലെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ഊത്തിൽനിന്നു കുതിരവെട്ടിയിലേക്കു റോഡില്ല. കുതിരവെട്ടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലെ താമസം പുതിയൊരു അനുഭവമാണ്. വൈകുന്നേരത്തോടെ കോടമഞ്ഞ് നിറയും. സന്ധ്യ മയങ്ങുമ്പോൾ കാട്ടുമൃഗങ്ങളുടെ ശബ്ദങ്ങൾ കേൾക്കാം. ഇവിടെ നേരം പുലരുന്നതു കാണാനൊരു ഭാഗ്യം വേണം. മയിൽക്കൂട്ടങ്ങൾ തൊട്ടടുത്തെത്തും. കോടമഞ്ഞ് എട്ടൊൻപതു മണിവരെ പോകാൻ മടിച്ചു നിൽക്കും.

കാടിന്‍റെ വശ്യമായ സൗന്ദര്യം നുകർന്നു പകൽ മുഴുവൻ ചുറ്റിയടിക്കാം. മടങ്ങിവരുമ്പോൾ പാപനാശവും സന്ദർശിക്കാം. മണിമുത്താർ ഡാം, അരുവി, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ, വന്യമൃഗങ്ങൾ.

യാത്ര എങ്ങിനെ

വാഹനയാത്രക്കാർക്ക് തിരുനെൽവേലിയിലെത്തി അംബാസമുദ്രം വഴി മാഞ്ചോലയിലെത്താം. ട്രെയിൻയാതക്കാർ തിരുനെൽവേലിയിൽ ഇറങ്ങുക. ഇവിടെനിന്നു 34 കിലോമീറ്റർ അംബാസമുദ്രം. മാഞ്ചോലയിലേക്കും കുതിരവെട്ടിയിലേക്കും പോകാൻ വനം വകുപ്പിന്‍റെ അനുമതി വാങ്ങുക. റൂമുകൾ ഓൺ ലൈൻ ബുക്കു ചെയ്യാം. കാടിനുള്ളിൽ താമസിക്കണമെന്നാണെങ്കിൽ കുതിരവെട്ടിയിലെ ഗസ്റ്റ് ഹൗസിൽ താമസിക്കാം. നമ്പർ94889 12270.
<