ചരൽക്കുന്നിലെ കുളിര്
ബിജു കുര്യന്
Sunday, May 19, 2024 4:42 PM IST
ജില്ല: പത്തനംതിട്ട
കാഴ്ച: ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷൻ. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1,200 അടി ഉയരം. ചരല്ക്കുന്നില്നിന്നുള്ള വിദൂരക്കാഴ്ച ആലപ്പുഴ വരെ എത്തും.
പത്തനംതിട്ടയുടെ ജീവനാഡിയായ പമ്പയുടെ ഒഴുക്ക് കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്ന സ്ഥലം കൂടിയാണിവിടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള ആറന്മുളയുടെയും കോഴഞ്ചേരിയുടെയും മാരാമണിന്റെയും കുമ്പനാടിന്റെയും ഒക്കെ കാഴ്ചകളും ചരല്ക്കുന്നില്നിന്ന് ആസ്വദിക്കാം.
ആലപ്പുഴയിലെ വിളക്കുമരം വരെ ചരല്ക്കുന്നില്നിന്നാല് കാണാനാകുമായിരുന്നുവെന്നു പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. മലയോരവും സമതലവുമെല്ലാം ഇപ്പോഴും ചരല്‍ക്കുന്നിലെ കാഴ്ചകളാണ്.
ക്യാന്പ് സെന്റർ: ചരല്‍ക്കുന്ന് പ്രധാനപ്പെട്ട ഒരു ക്യാമ്പ് സെന്റര്‍ കൂടിയാണ്. കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായക നീക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള സ്ഥലം.
കേരള കോണ്‍ഗ്രസിലെ നിര്‍ണായകമായ പല തീരുമാനങ്ങളും മുന്നണി മാറ്റങ്ങളും ഒക്കെ ഉണ്ടായതിലൂടെ ചരല്‍ക്കുന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെയും ജനതാപരിവാരങ്ങളുടെയും ഇതരസംഘടനകളുടെയുമൊക്കെ ക്യാമ്പുകള്‍ക്ക് ഇവിടം വേദിയായി.
ചൂടിന്റെ കാഠിന്യമില്ലെന്നതും ആകർഷക ഘടകമായി. മാര്‍ത്തോമ്മ സഭയുടെ സണ്‍ഡേ സ്കൂള്‍ സമാജത്തിന്റെ നിയന്ത്രണത്തിലാണ് ക്യാമ്പ് സെന്റര്‍.
രഹസ്യ ഭാവം: പഴയകാലത്തു നാനൂറു പേര്‍ക്കുവരെ ഇരിക്കാവുന്ന ഹാളും താമസ സൗകര്യവും ക്യാമ്പ് സെന്ററിന്റെ രഹസ്യ സ്വഭാവവുമാണ് ചരല്‍ക്കുന്നിനെ രാഷ്ട്രീയക്കാരുടെ ഇഷ്ടവേദിയാക്കിയത്.
വാഹനസൗകര്യം കുറവായിരുന്ന 90കളുടെ അവസാനം വരെ ക്യാമ്പിലേക്കു തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ ബസുകളിലാണ് ചരല്‍ക്കുന്നില്‍ എത്തിച്ചിരുന്നത്.
ചരല്ക്കുന്നിനു തൊട്ടടുത്താണ് അരുവിക്കുഴി വെള്ളച്ചാട്ടം. രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വെള്ളച്ചാട്ടം കാണാം. ഇവിടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിൽ നിർമിച്ച വിശ്രമകേന്ദ്രവുമുണ്ട്.