കോവൈ കുറ്റാലം വിളിക്കുന്നു
എം.വി. വസന്ത്
Thursday, March 14, 2024 3:21 PM IST
സംസ്ഥാനം: തമിഴ്നാട്, ജില്ല: കോയന്പത്തൂർ, കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്ന വിശാലമായ വെള്ളച്ചാട്ടം. പാറകളുടെ തിട്ടകളില് തട്ടിച്ചിതറി തെളിഞ്ഞ വെയിലില്‍ വെള്ളിച്ചില്ലു വിതറി തുള്ളിയൊഴുകുന്ന വെള്ളച്ചാട്ടം. ഇവിടെ ചാടിക്കളിച്ച്, നീന്തിത്തുടിച്ച് കുളിരിന്റെ ഉത്സവമേളം തീര്‍ക്കാം.
സഞ്ചാരികള്‍ക്ക് എന്നും പ്രിയതരമാണ് കോയന്പത്തൂരിലെ കോവൈ കുറ്റാലം വെള്ളച്ചാട്ടം. പൂര്‍ണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലുളള പ്രദേശമാണെങ്കിലും ഉല്ലാസത്തിനു കുറവൊന്നും വരില്ല.
ചെക്പോസ്റ്റില്‍നിന്നു രാവിലെ പത്തിനുശേഷം മാത്രമേ വെള്ളച്ചാട്ടത്തിന് അടുത്തേക്കു സന്ദര്‍ശകരെ കടത്തിവിടുകയുള്ളൂ.
ശ്രദ്ധിക്കേണ്ടത്
വനംവകുപ്പിന്റെ വാഹനത്തിലാണ് സവാരി. ആനയും കരടിയും വാനന്മാരുമുള്ള കൊടുംകാട്ടിലെ ടാറിട്ട പാതയിലൂടെയാണ് യാത്ര. വാഹനം നിര്‍ത്തി വെള്ളച്ചാട്ടത്തിലേക്കു കുറച്ചുദൂരം നടക്കണം.
വെള്ളച്ചാട്ടത്തില്‍ നീന്തിത്തുടിക്കുന്നതിനിടെ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാകും. വഴുക്കുള്ള പാറയില്‍ കയറരുതെന്നും പാറപ്പുറത്തുനിന്നു ചാടരുതെന്നും മൈക്കിലൂടെ മുന്നറിയിപ്പ് വിളിച്ചുപറയുന്നുണ്ടാകും.

വലിയ സുരക്ഷയോടെയാണ് ഈ ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അമിതാവേശമില്ലാതെ സഹകരിച്ചാല്‍ ഓരോ ടൂറിസ്റ്റും മടങ്ങുക അതീവ സന്തോഷത്തോടെയായിരിക്കുമെന്ന് ഉറപ്പാണ്.
പ്രകൃതി നിരീക്ഷണത്തിനൊപ്പം കുളിര്‍മ നിറഞ്ഞൊരു കുളിയും പാസാക്കി കുറ്റാലം യാത്ര സുഖകരമാക്കാം.
വഴി
കോയമ്പത്തൂര്‍ ടൗണില്‍നിന്നു പേരൂര്‍ ശിരുവാണി റോഡില്‍ 35 കിലോമീറ്റര്‍ ദൂരം. സന്ദര്‍ശന സമയം രാവിലെ പത്തു മുതല്‍ വൈകുന്നേരം മൂന്നു വരെ.
പ്രവേശനത്തിനു ടിക്കറ്റ് നിര്‍ബന്ധം. സന്ദര്‍ശകരുടെ വാഹനം ചെക്പോസ്റ്റിനടുത്തു പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിടണം. വെള്ളച്ചാട്ടത്തിനടുത്തേക്കു വനംവകുപ്പിന്റെ വാഹനത്തിൽ സവാരി.