ADVERTISEMENT
ADVERTISEMENT
1
Tuesday
April 2025
5:59 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Back to home
മലബാറിന്റെ പറുദീസകൾ; കക്കയം, തോണിക്കടവ്, കരിയാത്തുംപാറ
എ.കെ. രാഖി
Friday, May 31, 2024 5:25 PM IST
X
കോഴിക്കോട്: അവധിക്കാലമെന്നാല്‍ വിനോദസഞ്ചാരകാലമാണ്. കഴിഞ്ഞ രണ്ടുമാസവും ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങള്‍ കാലു കുത്താനിടമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞിരുന്നു.
ഇതുവഴി വലിയതോതിലുള്ള വരുമാനം സര്‍ക്കാരിനും ലഭിച്ചു. ഈ മാസം അവസാനമുണ്ടായ കാലാവസ്ഥാ വ്യതിയാനം മാത്രമാണ് വിനോദഞ്ചാരികളെയും കുടുംബസമേതം എത്തുന്ന തദ്ദേശീയരെയും അല്പമെങ്കിലും പിന്നോട്ടടിച്ചത്.
എന്നാൽ, മഴക്കാലത്തും ആളുകൾ ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. മഴ ആസ്വദിക്കലും പുതിയ ടൂറിസം പദ്ധതിയുടെ മുഖമായി മാറിയിരിക്കുന്നു.
കോവിഡിനുശേഷം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഭൂരിഭാഗം ആളുകളും കേരളത്തിന് അകത്തുള്ളവര്തന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോഴിക്കോട്ടെ ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൽ കൂടുതലും ജില്ലയിലും സമീപ ജില്ലകളിലുമുള്ളവർതന്നെയായിരുന്നു. മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും കോഴിക്കോട് വയനാട് ഭാഗങ്ങളിലാണുള്ളത്.
വയനാട് പണ്ടുമുതലേ ടൂറിസ്റ്റുകളുടെ ഇഷ്ടയിടമാണ്. കോഴിക്കോടാകട്ടെ വളര്‍ന്നുവരുന്ന ടൂറിസം കേന്ദ്രങ്ങളാല്‍ സമ്പന്നവും.
കക്കയത്തേക്ക് വച്ചുപിടിച്ചാലോ?
പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാല്‍ ചുറ്റപ്പെട്ട മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കക്കയവും തോണിക്കടവും. കക്കയം ട്രെക്കിംഗ് പാതകള്‍ക്കും ബോട്ടിംഗ് അവസരങ്ങള്‍ക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ്.
മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഈ പ്രദേശം അപൂര്വസസ്യജന്തുജാലങ്ങളാല് സമൃദ്ധവുമാണ്. മനോഹരമായ ഡാം സൈറ്റ്, അതുല്യമായ കാലാവസ്ഥ, ജൈവവൈവിധ്യ സമൃദ്ധി, ഉരക്കുഴിയിലെ മനോഹര വെള്ളച്ചാട്ടം, ബോട്ടിംഗ്, പവര്‍ഹൗസ് എന്നിവയാണ് പ്രധാന ആകര്ഷകങ്ങള്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവമേഖലകളില്‍ ഒന്നായി കക്കയത്തെ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അംഗീകരിച്ചിട്ടുണ്ട്.
റിസർവോയറിൽ ബോട്ട് സവാരി...
റിസര്‍വോയറില്‍ ബോട്ട് സവാരി ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് വന്യജീവികളെ അടുത്തു കാണാനുള്ള അവസരം ലഭിക്കും. കാട്ടാനകളെയും കാട്ടുപോത്തുകളെയും മറ്റു വന്യജീവികളെയുമെല്ലാം ഇവിടെ കാണാൻ കഴിയും.
താമരശേരി ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് പൂനൂര് എസ്റ്റേറ്റ്മുക്ക് വഴിയും കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവര്‍ക്ക് ബാലുശേരി കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍നിന്നു വരുന്നവര്‍ക്ക് കുറ്റ്യാടി വഴിയും ഇവിടെയെത്താം.
കക്കയത്തിന്റെ തൊട്ടടുത്തുള്ള ടൗണായ തലയാട് പിന്നിട്ടുകഴിഞ്ഞാല്‍ കക്കയം ചുരം പാത തുടങ്ങുകയായി. മലയോര മേഖലയിലൂടെ വളഞ്ഞുപുളഞ്ഞുള്ള പാതയിലെ യാത്ര വേറിട്ട അനുഭവമാണ്.
ഡാം സൈറ്റില്‍നിന്ന് ഒരു കിലോമീറ്റര്‍ നടന്നാല്‍ ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്താം. ഈ വിനോദസഞ്ചാരകേന്ദ്രം പ്രദേശത്തെ വ്യാപാരികളുടെയും ഓട്ടോടാക്സി ജീവനക്കാരുടെയും പ്രധാന വരുമാനമാർഗവുമാണ്.
സഞ്ചാരികള്‍ക്കായി നിരവധി ഭക്ഷണശാലകളും നാടന്‍ വിഭവങ്ങളുള്ള തട്ടുകടകളും ഇവിടെയുണ്ട്. കക്കയം ടൗണില്‍നിന്ന് 15 കിലോമീറ്റര്‍ ചുരം കയറിയാല്‍ ഡാംസൈറ്റില്‍ എത്താം. 50 രൂപയാണ് പ്രവേശന നിരക്ക്, പാര്‍ക്കിംഗിന് 20 രൂപയും.
വന്യമൃഗഭീതി തിരിച്ചടിയായി...
കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നെങ്കിലും സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. മൂന്നരമാസക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് ഇക്കോ ടൂറിസം കേന്ദ്രം മേയ് 11ന് തുറന്നത്.
അവധിക്കാലമായിട്ടും സന്ദർശകരുടെ എണ്ണം കുറയാൻ കാരണം വന്യമൃഗഭീതി നിലനിൽക്കുന്നതാണെന്ന് കരുതുന്നു. കഴിഞ്ഞവർഷം ഇതേസമയത്ത് ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് കുടുംബസമേതം ഇവിടേക്ക് എത്തിയിരുന്നത്.
വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെതുടർന്ന് കഴിഞ്ഞ ജനുവരി 20നാണ് ഇക്കോ ടൂറിസം കേന്ദ്രം അടച്ചത്. കാട്ടാനയുടെ സാന്നിധ്യം കൂടിയായതോടെ കേന്ദ്രം തുറക്കുന്നത് അനിശ്ചിതമായി നീണ്ടു.
അടുത്തിടെയാണ് ഇക്കോ ടൂറിസം കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്. കെഎസ്ഇബിയുടെ കീഴിലുള്ള ഹൈഡൽ ടൂറിസം നേരത്തേ തുറന്നെങ്കിലും ഇവിടെയും സന്ദർശകരുടെ കുറവ് ബാധിച്ചിട്ടുണ്ട്.
വന്യമൃഗഭീതി നിലനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ വാച്ചർമാരെ ഇവിടേക്ക് നിയമിച്ചിട്ടില്ല. ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ടിക്കറ്റ് നിരക്കു കൂട്ടിയതും ഉരക്കുഴിയിലേക്കുള്ള വനത്തിലൂടെയുള്ള വഴിയും സന്ദർശകരെ പിന്തിരിപ്പിക്കുന്നു. ഒഴിവ് ദിവസങ്ങളിൽ മാത്രമാണ് അൽപം തിരക്കുള്ളത്.
മനോഹരം തോണിക്കടവ്...
കക്കയത്തുനിന്നു വരുന്ന വഴി കരിയാത്തുംപാറ കഴിഞ്ഞാണ് തോണിക്കടവ്. ടൂറിസം വകുപ്പ് ഒന്നുമനസുവച്ചാല്‍ ആയിരക്കണക്കിനു സഞ്ചാരികളെ ആകർഷിക്കാവുന്ന മനോഹരമായ ഒരിടമാണിത്. ഇപ്പോൾ വഴിപാടുപോലെ ചിലർ വന്നുപോകുന്നുവെന്നെയുള്ളു.
പ്രകൃതിദത്ത ജലസ്രോതസുകൾക്കും സമൃദ്ധമായ പുല്‍മേടുകൾക്കും കുന്നുകള്‍ക്കും പേരുകേട്ടതാണിവിടം. വിനോദസഞ്ചാരികള്‍ക്ക് നഗരത്തിലെ തിരക്കുകളില്‍നിന്ന് സമാധാനമായി മാറിനില്ക്കാന് പറ്റിയൊരിടം.
മനോഹരവും ശാന്തവുമായ അന്തരീക്ഷം. കല്ല്യാണ ഫോട്ടോഷൂട്ടുകള്‍ക്കും സിനിമാ ഷൂട്ടിംഗിനും കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനും ഇവിടം അനുയോജ്യമാണ്.
പക്ഷെ നോക്കാനാളില്ലാതെ അതു നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 30 രൂപയാണ് രണ്ടിടത്തേക്കും കൂടിയുള്ള പ്രവേശന നിരക്ക്, വാഹന പാര്‍ക്കിംഗിന് 10 രൂപയും. രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവേശന സമയം.
മലബാറിന്റെ ഗവി...
തിരിച്ചുവരുമ്പോള്‍ തലയാടുനിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള മലബാറിന്റെ ഗവിയെന്ന് അറിയപ്പെടുന്ന വയലട വ്യൂപോയിറ്റ് കൂടെ സന്ദര്‍ശിക്കാം. 2,000 അടിയോളം ഉയരത്തിലാണ് വ്യൂപോയിറ്റ്.
ക്ലൗഡ്സ് ബേ ഇവിടത്തെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ്. ഇവിടെനിന്നു നോക്കിയാൽ തോണിക്കടവിന്റെ ആകാശക്കാഴ്ച്ച കാണാം. സന്ദര്‍ശകര്‍ക്ക് അവരുടെ വാഹനങ്ങള്‍ ഇറക്കത്തില്‍ പാര്‍ക്ക് ചെയ്ത് 1.5 കിലോമീറ്റര്‍ ട്രെക്ക് ചെയ്താല്‍ ഇവിടെയെത്താം.
മനംമയക്കുന്ന കാഴ്ച ആസ്വദിക്കാന്‍ ബാല്‍ക്കണികളുള്ള റിസോര്‍ട്ടും നീന്തല്‍ക്കുളവും സ്വാദിഷ്ടമായ വിഭവങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിട്ടുണ്ട്. 50 രൂപയാണ് പ്രവേശന നിരക്ക്. രാവിലെ ആറ് മുതല്‍ രാത്രി ഏഴ് വരെയാണ് പ്രവേശന സമയം.
ADVERTISEMENT
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല:
ആലപ്പുഴ
കാഴ്ച:
ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത:
കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി ബീച്ചിനെന്നു പറയാം. കാരണം ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നതു കണ്ടാൽ മതിവരാത്ത വൈവിധമാർന്ന കാഴ്ചകളാണ്.
നീലക്കടൽ അനന്തത, കരിമണൽ കലർന്ന പഞ്ചസാര മണൽ, കടലിനെ മുത്തം വയ്ക്കുന്ന നദീജലം, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയാൻ നിർമിച്ച തോട്ടപ്പള്ളി സ്പിൽവേ എന്നിങ്ങനെ നിരവധി കാഴ്ചകൾ കാണാം.
സൂര്യാസ്തമയം കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ആലപ്പുഴയിലെ പ്രമുഖ മത്സബന്ധനകേന്ദ്രം കൂടിയാണ് തോട്ടപ്പള്ളി. മത്സ്യബന്ധന തുറമുഖവും ഇവിടെയുണ്ട്.
നോവലും സിനിമയുമായ ചെമ്മീനിലൂടെയാണ് തോട്ടപ്പള്ളി ബീച്ചിന് കൂടുതൽ പ്രശസ്തി ലഭിച്ചത്. ശാന്തവും സുന്ദരവുമായ ബീച്ചിലൂടെയുള്ള സായാഹ്ന നടത്തം ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.
നഗരത്തിന്റെ തിരക്കുകളിൽനിന്ന് സ്വസ്ഥമായിരിക്കാൻ പലരും തോട്ടപ്പള്ളി ബീച്ചിലേക്ക് എത്താറുണ്ട്. ദൂരം: അന്പലപ്പുഴയിൽനിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ തോട്ടപ്പള്ളിയിലെത്താം.
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല:
തിരുവനന്തപുരം
കാഴ്ച:
പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത:
ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീശപ്പുലിമല എന്നു കേൾക്കുന്പോൾ ഇടുക്കിയിലെ മലയും കോടമഞ്ഞും തണുപ്പുമൊക്കെയായിരിക്കും പലരുടെയും ഓർമയിൽ വരിക. എന്നാൽ, തിരുവനന്തപുരത്തിനുമുണ്ട് ചെറിയൊരു മീശപ്പുലിമല. തിരുവനന്തപുരത്തിന്റെ മീശപ്പുലിമല എന്നറിയപ്പെടുന്ന ടൂറിസം കേന്ദ്രമാണ് ചിറ്റിപ്പാറ.
ഏതാണ്ട് പൊൻമുടി പോലെതന്നെ സുന്ദരം, സുഖകരം. 12 ഏക്കറോളം വരുന്ന പാറകളുടെ ഒരു കുന്നാണ് ചിറ്റിപ്പാറ. ട്രെക്കിംഗ്, റോപ് ക്ലൈംബിംഗ് സാഹസികതയൊക്കെ ഇഷ്ടമാണെങ്കിൽ നേരേ ഇങ്ങോട്ടുപോരൂ.
വരവ് രാവിലെയാണെങ്കിൽ പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങളെ അടുത്തുകാണാം. വൈകുന്നേരമായാൽ വരവേൽക്കാൻ കോടമഞ്ഞ് ഉണ്ടാകും. അതേസമയം, ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അപകടം ഉണ്ടാകാവുന്ന മേഖല കൂടിയാണിത്.
വഴി: തിരുവനന്തപുരം പൊൻമുടി റൂട്ടിൽതന്നെയാണ് ചിറ്റിപ്പാറ. വിതുര എത്തുന്നതിനു മുന്‍പ് തൊളിക്കോടിനു ശേഷം ഇരുതലമൂലയിൽനിന്നു വലത്തേക്ക് രണ്ടു കിലോമീറ്റർ. ആയിരവല്ലി ക്ഷേത്രത്തിലെത്തും. വാഹനം ഇവിടെ വരെ.
തുടർന്ന് 15 മിനിറ്റ് നടന്നാൽ ചിറ്റിപ്പാറയിലെത്താം. തിരുവനന്തപുരം ചിറ്റിപ്പാറ 27 കിലോമീറ്റർ, നെടുമങ്ങാട് ചിറ്റിപ്പാറ 15 കി.മീ.
സഞ്ചാരികളുടെ പറുദീസയാകാൻ കൊതിച്ച്...
പതിഞ്ഞ ഈ പാറസമുച്ചയം നാടിന്റെ അഭിമാനമായി മാറുന്നു. തലസ്ഥാന ജില്ലയിലെ അമ്പൂരി എന്ന പഞ്ചായത്തിൽ ദ്രവ്യപ്പാറ എന്ന് അറിയപ്പെടുന്ന പാറസമുച്ചയം ചരിത്രത്തിന്റെ കൈയൊപ്പും പുരാണങ്ങളുടെ മേലാപ്പും അണിഞ്ഞ് നിലകൊള്ളുന്നു.
കേരളത്തിലെ എണ്ണം പറഞ്ഞ ഗുഹാ ക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. ഇവിടെ ഇപ്പോഴും പൂജകൾ നടക്കുന്നു. ചരിത്രത്തിലും ഈ പാറയ്ക്ക് സ്ഥാനമുണ്ട്. തിരുവിതാംകൂർ രാജവംശത്തിന്റെ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തന്റെ രാജാഭിഷേകത്തിനു മുൻപ് ഒളിച്ചോടിയപ്പോൾ ഇവിടുത്തെ ഗുഹയിലാണ് കഴിഞ്ഞത്. എ
ട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ തേടി ദിവസങ്ങൾ ഇവിടെ കഴിഞ്ഞു. അന്ന് ആദിവാസികളായ കാണിക്കാരാണ് മാർത്താണ്ഡവർമയെ ചാണകം കയറ്റിയ കാളവണ്ടിയിൽ രക്ഷപ്പെടുത്തി അയച്ചത്. അതിന് ഉപകാരമായി ഈ ഭൂമി അവർക്ക് തന്നെ കരംതീരുവ ഒഴിവാക്കി പതിച്ചു നൽകിയതും ചരിത്രമാണ്. അതാണ് കാണിപ്പറ്റു ഭൂമി.
പുരാണത്തിലും ഈ മലയെകുറിച്ച് പരാമർശമുണ്ട്.പഞ്ചപാണ്ഡവരിലെ ഭീമൻ ഇവിടെ വന്നിരിന്നതായും പൂജ നടത്തിയിരുന്നതായും ഐതീഹ്യം പറയുന്നു. ഈ പാറയിൽ കാണുന്ന പാട് ഭീമന്റെ പാദത്തിന്റെയാണത്രേ.
രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത്ത് നടത്താൻ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികൾ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ഈ നിലത്തു നിന്ന് വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവർ ഗുഹാക്ഷേത്രത്തിൽ പായസം വച്ച് നിവേദിച്ചിരുന്നുവത്രെ.
ആദിവാസികൾ അക്കാലത്ത് സുലഭമായിരുന്ന പ്രത്യേക ഇനം ഞാർ നട്ട് ഉച്ചയ്ക്ക് കതിരിട്ട് വൈകുന്നേരത്തോടു കൂടി കൊയ്ത് അന്നന്ന് കഞ്ഞി വച്ചിരുന്നതിനാൽ ഈ പാടം അന്നൂരി പാടം എന്നറിയപ്പെട്ടിരുന്നതായും അത് പിന്നീട് അമ്പൂരിയായി മാറി എന്നും മറ്റൊരു ഐതിഹ്യം.
അമ്പൂരിയിലെ പാമ്പാരംകാവിനുടത്താണ് ഈ പാറ. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1,600 അടി ഉയരത്തിലാണ് ദ്രവ്യപ്പാറ. ഇവിടെ ഏറ്റവും മുകളിൽ ക്ഷേത്രമുണ്ട്. താഴെ നിന്നു മുകളിലെത്താൻ 72 പടികളും ഇവിടെയുണ്ട്.
തമിഴ്നാട്ടിൽ നിന്നു വന്ന ജൈന ബുദ്ധ മതക്കാർ ഇവിടെ തമ്പടിച്ചിരുന്നു. അവർ നിർമിച്ചതാകാം ക്ഷേത്രം എന്നും പറയപ്പെടുന്നു. അഗസ്ത്യമല ഈ രണ്ടു മതക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നതായി അവരുടെ ഗ്രന്ഥമായ വിരാട സൂചികയിൽ പറയുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് പ്രശസ്തമായ ഈ പാറക്കൂട്ടം ഇന്ന് അതി ജീവനത്തിന്റെ വക്കിലാണ്. പാറയ്ക്ക് മുകളിൽ നിന്നാൽ നഗരക്കാഴ്ചകൾ കാണാനാകും. പിന്നെ ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി നിൽക്കുന്ന അഗസ്ത്യമലയിൽ നിന്ന് ഒഴുകിയെത്തുന്ന ഔഷധക്കാറ്റിന്റെ സുഗന്ധവും.
കുടപ്പനമൂട് പൊട്ടൻചിറയിൽ നിന്ന് മലമുകൾ വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനട യാത്ര നടത്തി വേണം ദ്രവ്യപ്പാറയിലെത്താൻ. വാഴിച്ചൽ, കുട്ടമല വഴി, പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്ക്ക് അരികിലെത്താം.
ഈ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചാൽ ഒരു ഭാഗത്തു കൂടി വാഹനത്തിൽ മലയുടെ നെറുകയിലെത്തി മറുഭാഗം വഴി മലയിറങ്ങാം. മലമുകളിൽ റിസോർട്ടുകൾ കൂടി ഉണ്ടെങ്കിൽ നെയ്യാർ ഡാമിലും തൃപ്പരപ്പിലും എത്തുന്ന ടൂറിസ്റ്റുകൾക്കും വിദേശികൾക്കും ഇവിടം കൂടി സന്ദർശിക്കാം.
നെല്ലിക്കാമലയും തൊട്ടടുത്ത കൊണ്ടകെട്ടി മലയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു റോപ്പ് വേ കൂടി ഉണ്ടായാൽ അമ്പൂരിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും. വിനോദ സഞ്ചാരവകുപ്പ് ഇനിയും ശ്രദ്ധിക്കാത്ത ദ്രവ്യപ്പാറ സഞ്ചാരികളുടെ പറുദീസയാകാൻ കൊതിക്കുന്ന മലനിരയാണ്.
ഗ്രാമീണടൂറിസം ഭൂപടത്തിലേക്ക് ദ്രവ്യപ്പാറയെ അടയാളപ്പെടുത്തേണ്ട കാലം കഴിഞ്ഞു. അധികൃതർ ഇതൊന്ന് കണ്ടാൽ അത് മലയോര ടൂറിസത്തിന്റെ സാധ്യതകളിലേക്കാവും വെളിച്ചം വീശുക.
പഞ്ചായത്തിലെ ജനപ്രതിനിധികൾ ഒരേ മനസോടെ പ്രവർത്തിച്ചാൽ ദ്രവ്യപ്പാറയിലെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ കഴിയും. മുമ്പ് ചില സ്വകാര്യ കൈയേറ്റ ശ്രമങ്ങൾ നടന്നെങ്കിലും അതെല്ലാം നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വിഫലമായി.
ഇവിടെ എത്താൻ
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 40 കിലോമീറ്ററോളം അകലെയാണ് ദ്രവ്യപ്പാറ. മലയുടെ നെറുകയിൽ നിന്നാൽ ശംഖുംമുഖം ബീച്ച് ഉൾപ്പെടെയുള്ള വിദൂരക്കാഴ്ചകളും അകലെയുള്ള പച്ചപ്പുകളും അഗസ്ത്യമലയും കുരിശുമലയും കാളിമലയും ഡാമുകളും കാണാം.
കള്ളിക്കാട്, വാഴിച്ചൽ, കുട്ടമല വഴി കുടപ്പനമൂട്, അവിടെ നിന്നു പൊട്ടൻചിറയിൽ എത്തിയാൽ മലയുടെ അടിവാരം വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനടയായി വേണം ദ്രവ്യപ്പാറയിലെത്താൻ.
പതിവ് വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുഷിപ്പ് ഒഴിവാക്കി യാത്രചെയ്യാൻ താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ.
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല:
തൃശൂർ
കാഴ്ച:
വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെത്താം. വെള്ളായനി മലയിൽനിന്ന് ഉദ്ഭവിക്കുന്ന അരുവി കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്കു പതിക്കുന്നതാണ് കാഴ്ച.
പല തട്ടുകളായിട്ടാണ് വെള്ളം പതിക്കുന്നത്. എങ്കിലും മൂന്നു തട്ടുകളാണ് പ്രധാനം. അതേസമയം, വെള്ളം കൂടുന്ന മഴക്കാലത്ത് അകലെനിന്ന് നോക്കിയാൽ തട്ടുകൾ മറഞ്ഞ് ഒറ്റ വെള്ളച്ചാട്ടമായി തോന്നും. വെള്ളച്ചാട്ടത്തിന് ഉയരം തോന്നാനും ഇത് ഇടയാക്കുന്നു.
പേരിലെ കൗതുകം:
ഒരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ (പട്ടത്തി) വിറകെടുക്കാനായി കാട്ടിലേക്കു പോയിവരവേ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചെന്നും അങ്ങനെയാണ് പട്ടത്തിപ്പാറ പേരു വന്നതെന്നും പറയപ്പെടുന്നു.
നല്ല സമയം:
കാലവർഷം മുതൽ ഒഴുക്ക് സമൃദ്ധമാകുന്ന വെള്ളച്ചാട്ടം ജനുവരി വരെ സജീവമാണ്. ഏതാനും വർഷം മുന്‍പ് പട്ടത്തിപ്പാറയിൽ പാണഞ്ചേരി പഞ്ചായത്ത് കൃഷി ആവശ്യത്തിനായി ഒരു തടയണ നിർമിച്ചു.
വഴി:
തൃശൂരിൽനിന്നു പാലക്കാട് ദേശീയ പാതയിലൂടെ മുന്നോട്ടുപോവുക. മണ്ണുത്തി, മുടിക്കോട് ജംഗ്ഷനുകൾക്കു ശേഷം ചെന്പ്രൂത്ര അന്പലത്തിനു സമീപത്തുകൂടിയുള്ള പാതയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് എത്താം.
എന്നാ, പോയാലോ...; മൂന്നാറിൽ മഞ്ഞിന്റെ മാസ്മരിക സൗന്ദര്യം
പച്ചപ്പട്ടുടുത്ത മൂന്നാറും പരിസര പ്രദേശങ്ങളും കൊടുംതണുപ്പിന്റെ പിടിയിൽ. പലയിടത്തും ഇന്നലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. ചെണ്ടുവര എസ്റ്റേറ്റിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.
മൈനസ് ഒരു ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. മൈനസിലെത്തിയതോടെ ചെണ്ടുവരയിലെ പുൽമേടുകളും മലനിരകളും മഞ്ഞണിഞ്ഞ് വെള്ള പുതച്ചു. ഇതാദ്യമായാണ് ഈ സീസണിൽ താപനില മൈനസ് ഡിഗ്രി രേഖപ്പെടുത്തുന്നത്.
രണ്ടാഴ്ച മുന്‍പ് തണുപ്പ് ഏറ്റവും താഴ്ന്ന നിലയായ പൂജ്യത്തിൽ എത്തിയിരുന്നുവെങ്കിലും മൈനസിലേക്ക് താഴ്ന്നിരുന്നില്ല. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെ ങ്കിലും എസ്റ്റേറ്റുകളിൽ വ്യത്യസ്ത താപനിലയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയ ദേവികുളത്ത് കഴിഞ്ഞ ദിവസം ഒരു ഡിഗ്രിയായിരുന്നു താഴ്ന്ന താപനില. ലക്ഷ്മി, സൈലന്റ് വാലി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു.
തേയിലത്തോട്ടങ്ങളും പച്ചിലച്ചാർത്തുകളുമെല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. അസുലഭമായ ഈ ദൃശ്യവിരുന്നും ശീതളിമയാർന്ന കാലാവസ്ഥയും ആസ്വദിക്കാനെത്തുന്നവരെക്കൊണ്ട് റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു.
അതിശൈത്യത്തിന്റെ കുളിരിൽ മൂന്നാർ
ഡിസംബർ പാതിയോടെ എത്തിയിരുന്ന അതിശൈത്യം വരാൻ വൈകുകയാണെങ്കിലും കുളിരിൽ മൂന്നാർ തണുത്തു തുടങ്ങി. കഴിഞ്ഞ ദിവസം താപനില പൂജ്യം ഡിഗ്രി എത്തിയതോടെയാണ് ചില സ്ഥലങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്.
ലോക്കാട്, മാനില, ഓൾഡ് ദേവികുളം, മാട്ടുപ്പെട്ടി, ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിയിലെത്തി. ലക്ഷ്മി, സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡ്രിഗ്രിയായിരുന്നു താപനില. തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് മൂന്നാറിൽ എത്തിക്കൊണ്ടിരിക്കുന്നത്.
മൂന്നാർ ടൗണിന്റെ പരിസരപ്രദേശങ്ങളിലും രാവിലെ തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപത്തും പോതമേട് വ്യൂ പോയിന്റിലും ചിത്രം പകർത്താനും കുളിരണിയാനും കുട്ടികളടക്കമുള്ളവർ എത്തുന്നുണ്ട്.
എന്നാൽ, തണുപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് അല്പം കുറവാണ് എന്നതിൽ സഞ്ചാരികൾക്ക് നിരാശയുണ്ട്. ആറു വർഷങ്ങൾക്ക് മുന്‍പ് തണുപ്പ് മൈനസ് നാലു ഡിഗ്രി വരെ എത്തിയിരുന്നു.
രണ്ടു വർഷം മുന്‍പ് തണുപ്പ് മൈനസ് രണ്ടു ഡിഗ്രിയിൽ എത്തിയെങ്കിലും കഴിഞ്ഞ തവണ മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില എത്തിയത്. വരുംനാളുകളിൽ അതിശൈത്യം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
കടുപ്പത്തിലൊരു ചായ!
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന്നാൽ, എത്ര പേർ മൂന്നാറിലെ ടീ മ്യൂസിയം കണ്ടിട്ടുണ്ടെന്നു ചോദിച്ചാലോ? കേരളത്തിലെ തേയില കൃഷിയുടെ തറവാട് എന്നു പറയാവുന്ന മൂന്നാർ മലനിരകളുടെ തേയില ചരിത്രത്തിന്റെ നേർക്കാഴ്ചയാണ് ഈ മ്യൂസിയം.
ചായ ചരിത്രം
കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കന്പനിയാണ് 2005ൽ സഞ്ചാരികൾക്കായി ഈ മ്യൂസിയം തുറന്നത്. കൊളോണിയൽ പ്രൗഢിയോടെയാണ് ഈ മന്ദിരത്തിന്റെ നിൽപ്പ്. പണ്ട് പ്ലാന്റേഷൻ മാനേജർമാരുടെ വസതിയായിരുന്നു ഈ കെട്ടിടം.
പതിവായി ചായ കുടിക്കുമെങ്കിലും ചായയുടെ ഉത്പാദനം, ശേഖരണം, സംസ്കരണം എന്നിവയെക്കുറിച്ചു പലർക്കും കൃത്യമായ ധാരണയില്ല. ഇതെല്ലാം അടുത്തറിയാൻ ഈ മ്യൂസിയം സന്ദർശിച്ചാൽ മതി. തേയില നിർമാണത്തിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും ഇവിടെ കാണാം.
മൂന്നാറിന്റെ ചരിത്രംകൂടിയാണ് ഈ തേയില മ്യൂസിയത്തിൽ ഉറങ്ങുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ തേയില ഉത്പാദനം, ആദ്യ കാല ചിത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവയെല്ലാം പരിചയപ്പെടാം. ഈ രംഗത്തു വലിയ സംഭാവനകൾ നൽകിയ ബ്രിട്ടീഷുകാർ, ഇന്ത്യൻ പ്ലാന്റർമാർ ഇവർക്കൊക്കെ മ്യൂസിയത്തിൽ ഇടം നൽകിയിട്ടുണ്ട്.
പ്രവേശനം:
സഞ്ചാരികൾക്കു വ്യത്യസ്ത തരം ചായ രുചിക്കാനും ഇവിടെ സൗകര്യമുണ്ടെന്നതാണ് മറ്റൊരു ആകർഷണം. തേയിലയും സുവനീറുകളും വാങ്ങാം. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ പ്രവർത്തനം.
മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് പ്രവേശന ഫീസ്. വിദ്യാർഥി കൾക്കു പ്രത്യേക പാക്കേജ്. തിങ്കൾ അവധി.
നട്ടുച്ചയ്ക്കും തണുക്കുന്ന ആമക്കല്ല്
ജില്ല:
ഇടുക്കി
കാഴ്ച:
പ്രകൃതിദൃശ്യം, കോടമഞ്ഞ്
പ്രത്യേകത:
ട്രെക്കിംഗ്, ജീപ്പ് സഫാരി, സാഹസികയാത്ര
രാമക്കൽമേടിനാണ് ഇടുക്കി ജില്ലയ്ക്കു പുറത്തേക്കു പ്രശസ്തി. എന്നാൽ, രാമക്കൽമേടിനു സമീപമുള്ള ആമക്കല്ല് അധികം പേർക്കും അറിയില്ല. രാമക്കൽമേട്ടിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ആമക്കല്ല്.
കുന്നിൻ മുകളിൽ ആമയോട് രൂപസാദൃശ്യമുള്ള പാറക്കൂട്ടവും തണുപ്പുള്ള കാലാവസ്ഥയുമാണ് ഇവിടുത്തെ ആകർഷണം. ഇവിടെനിന്നു നോക്കിയാൽ രാമക്കൽമേടിന്റെയും തമിഴ്നാടിൻ ഗ്രാമങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. കേരളത്തിലെ കൃഷിയിടങ്ങളും ഭംഗിയുള്ള കാഴ്ച.
വിനോദം:
സാഹസികത നിറഞ്ഞ ഒാഫ് റോഡ് യാത്ര നടത്തിയാണ് ആമപ്പാറയിൽ എത്തേണ്ടത്. കുന്നിൻ മുകളിലേക്കു പോകുന്ന പാതയിലൂടെയുള്ള ജീപ്പ് യാത്ര പലർക്കും ഹരമാണ്. വിശാലമായ പുൽമേടും പാറയ്ക്ക് അടിയിലൂടെയുള്ള യാത്രയും ട്രെക്കിംഗ് പ്രേമികൾക്ക് ഇഷ്ടപ്പെടും.
കാൽനടയായി ആമപ്പാറ വ്യൂ പോയിന്റിൽ കയറുന്നവരും നിരവധി. ആമപ്പാറയിലേക്കു സഞ്ചാരികളുടെ ശ്രദ്ധ വന്നുതുടങ്ങിയതോടെ ആമയുടെ രൂപമുള്ള പാറ മാത്രമല്ല ആമശില്പവും ഇവിടെ തല ഉയർത്തി. 42 അടി നീളവും 24 അടി വീതിയും 15 അടി ഉയരവുമുള്ള ഭീമൻ ആമശില്പമാണ് സമീപത്തു തല ഉയർത്തി നിൽക്കുന്നത്.
ഇതു വെറും ശില്പം മാത്രമല്ല, സഞ്ചാരികൾക്കു താമസിക്കാൻ രണ്ടു മുറികളും ആർട്ട്ഗാലറിയും ശില്പത്തിന്റെ ഭാഗമാണ്. സ്വകാര്യ സംരംഭകനാണ് ഇതിനു പിന്നിൽ.
രാമക്കല്ലിലേക്ക് ഇനി സഞ്ചാരികൾക്കു പോകാം
രാമക്കല്‍മേട്ടില്‍ തമിഴ്നാടിന്റെ വ്യൂ പോയിന്റായ രാമക്കല്ലിലേക്ക് സഞ്ചാരികളെ കടത്തിവിടാന്‍ അനുമതി ലഭിച്ചതോടെ നൂറുകണക്കിന് ആളുകളാണ് ദിവസവും രാമക്കല്ലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്.
കഴിഞ്ഞ മാസമാണ് തമിഴ്നാട് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്. സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും പുല്‍മേടുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്.
തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്. ബോര്‍ഡ് നിലവിലുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം നല്‍കുന്നുണ്ട്.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം മലമുകളില്‍ ഉപേക്ഷിക്കരുതെന്ന ഉപാധിയോടെയാണ് തമിഴ്നാട് വീണ്ടും പാത തുറന്നിരിക്കുന്നത്. കേരള തമിഴ്നാട് അതിര്‍ത്തിയായ രാമക്കല്‍മേട്ടിലെ പ്രധാന ആകര്‍ഷണമാണ് രാമക്കല്ല് വ്യൂ പോയിന്റ്.
ചെങ്കുത്തായ പാറക്കൂട്ടവും തമിഴ്നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും വീശിയടിക്കുന്ന കാറ്റുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും സമയം ചെലവഴിക്കുന്നത് കുറവന്‍ കുറത്തി പ്രതിമയുടെ സമീപമുള്ള പുല്‍മേട്ടിലും ആമക്കല്ല്, കാറ്റാടിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലുമാണെങ്കിലും രാമക്കല്ലിലേക്ക് ട്രക്കിംഗ് ആഗ്രഹിച്ചെത്തുന്നവരും നിരവധിയാണ്.
രാമക്കല്ലില്‍ തമിഴ്നാട് അധീന മേഖലയുടെ ടൂറിസം വികസനത്തിനായി വിവിധ പദ്ധതികളും തമിഴ്നാടിന്റെ പരിഗണനയിലുണ്ട്.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും
രാമക്കല്‍മേട്ടില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുക്കും. ഇതിനായി റവന്യു വകുപ്പ് പഞ്ചായത്തിന് ഒരേക്കറോളം സ്ഥലം അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാമക്കല്ല് മലനിരകളില്‍ ഉള്‍പ്പെടെ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച് ഇവ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കളക്ട് ചെയ്യും. ഇതിനായി പ്രത്യേക ജീവനക്കാരെ നിയമിക്കും.
കൂടാതെ രാമക്കല്ലിലേക്കുള്ള പ്രവേശന കവാടത്തില്‍ സഞ്ചാരികളില്‍നിന്നു ചെറിയ തുക ഫീസായി വാങ്ങും. സഞ്ചാരികള്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക്കുകളും മറ്റു വസ്തുക്കളം തിരികെയെത്തുമ്പോള്‍ പ്രവേശനകവാടത്തില്‍ ഏല്‍പ്പിക്കണം. ഇങ്ങനെ ഏല്‍പ്പിക്കുമ്പോള്‍ വാങ്ങിയ തുക മടക്കി നല്‍കും.
മനസ് നിറയ്ക്കുന്ന നെല്ലറച്ചാല്‍
കണ്ടതും കാണാത്തതുമായി നിരവധി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളാൽ നിറഞ്ഞതാണ് വയനാട്. ഉള്ളിലേക്ക് പോകുംതോറും കൂടുതല്‍ മനോഹരിയാകുന്ന വയനാട്ടില്‍ വിനോദ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ഒരുപാടുണ്ട്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയവരായിരിക്കും. പക്ഷേ, ചിലതെല്ലാം വയനാട് ഒളിപ്പിച്ച് വയ്ക്കാറുണ്ട്.
അങ്ങനെ പെട്ടന്നൊന്നും ആരുടെയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് അമ്പലവയലിനടുത്ത നെല്ലറച്ചാല്‍. ചില നേരങ്ങളില്‍ നൂല്‍മഴ... ചിലപ്പോള്‍ മനോഹരമായ കോട മഞ്ഞിനാല്‍ കുളിച്ചു നില്ക്കുന്ന കാഴ്ച.
ഇനി ഇതൊന്നുമില്ലെങ്കിലോ അസ്തമയത്തിന്റെ അരുണാഭമായ കാഴ്ചകളായിരിക്കും നിങ്ങളെ വരവേല്‍ക്കുക. ഭൂമിശാസ്ത്രപരമായി, നെല്ലറച്ചാല്‍ ഉപദ്വീപിന്റെ ഒരു ഭാഗം പോലെയാണ്. അതായത് നെല്ലറച്ചാലിന്റെ മൂന്ന് വശം കാരാപ്പുഴ അതിരിടുന്നു. കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ട കാഴ്ചകളാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ടൂറിസം വകുപ്പിന്റെ കണ്ണില്‍ പെടാതെ
ഔദ്യോഗിക ടൂറിസം കേന്ദ്രമല്ലെങ്കിലും സന്ദര്‍ശകരുടെ ഇഷ്ടയിടമായി ഇവിടം മാറിയിരിക്കുകയാണ്. വയനാട്ടിലെ തണുപ്പും മഴയും കോടമഞ്ഞും ആസ്വദിക്കാനെത്തുന്നവരുടെ യാത്ര ഇവിടേക്ക് കൂടി നീണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ടൂറിസം വകുപ്പിന് ഇതുവരെ ഈ സ്ഥലം കണ്ണില്പ്പിടിച്ചിട്ടില്ലെന്ന പരിഭവം സഞ്ചാരികള്‍ പങ്കുവയ്ക്കുന്നു.
കാരാപ്പുഴ ഡാം റിസര്‍വോയറും പച്ചപ്പ് നിറഞ്ഞ കുന്നുകളുമെല്ലാം സന്ദര്‍ശകരുടെ മനം നിറക്കുന്ന കാഴ്ച്കളാണ്. സൂര്യാസ്തമയ കാഴ്ചക്കും പ്രശസ്തമാണ് നെല്ലാറച്ചാല്‍ വ്യൂ പോയിന്റ്. വേണ്ടത്ര വിവരങ്ങള്‍ ഈ സ്ഥലത്തെപ്പറ്റി സഞ്ചാരികള്‍ക്ക് ലഭിക്കാത്തതിനാല്‍ തന്നെ വയനാട്ടില്‍ താരതമ്യേന തിരക്ക് കുറവുള്ള സ്ഥലം കൂടിയാണ് നെല്ലറച്ചാല്‍.
സമീപ പ്രദേശങ്ങളിലെ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും താമസിക്കാനെത്തുന്നവര്‍ മാത്രാണ് നിലവില്‍ ഇവിടെ സന്ദര്‍ശകരായി എത്തുന്നത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വന്നിരിക്കാനും സമയം ചെലവഴിക്കാനും പറ്റിയ സ്വസ്ഥത നിറഞ്ഞ ഇടം കൂടിയാണിവിടം.
താടകത്തിലെ മത്സ്യബന്ധനവും പച്ചപരവതാനി വിരിച്ച കുന്നുകളുടെ ഭംഗിയും എത്ര കണ്ടാലും മതിവരാത്തതാണ്. തടാകക്കരയില്‍ നിങ്ങള്‍ക്ക് നല്ല ശുദ്ധജല മത്സ്യം വാങ്ങാം.
നെല്ലറച്ചാലിന്റെ ചരിത്രം
നെല്ലറച്ചാല്‍ യുദ്ധങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട്. കുറിച്യ ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരേ യുദ്ധം നയിച്ച മലബാർ സിംഹം പഴശി രാജയ്ക്കൊപ്പം നെല്ലറച്ചാലില്നിന്നുള്ള അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന് യുദ്ധം നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്പ് ശേരഖങ്ങളും മറ്റു വിവരങ്ങളുമെല്ലാം നെല്ലറച്ചാല്‍ യാത്രയില്‍ പരിചയപ്പെടാന്‍ അവസരമുണ്ട്.
വയനാട്ടിലെ പണിയ ഗോത്രക്കാര്‍ നിര്‍മിക്കുന്ന തുടി എന്ന സംഗീതോപകരണത്തിന്റെ പ്രവര്‍ത്തനവും വിൽപനയുമെല്ലാം ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി ആദിവാസികള്‍ നിര്‍മിക്കുന്ന ഈ ഉപകരണത്തിന്റെ വിൽപന ഗ്രാമീണരുടെ ഉപജീവന മാര്‍ഗം കൂടിയാണ്. മാത്രമല്ല ഇവിടെ യൂക്കാലിപ്റ്റസിന്റെ ഗുണങ്ങളും അതിന്റെ ഔഷധ മൂല്യവും അറിയാനുള്ള അവസരവുമുണ്ട്.
ഏതൊക്കെ വഴിയെത്താം
മേപ്പാടിയില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് നെല്ലറച്ചാല്‍. നെടുമ്പാല വഴി ഇവിടേക്കെത്താം. മേപ്പാടിയില്‍നിന്ന് നെല്ലറച്ചാലിലേക്കുള്ള വഴിയില്‍ ഇരുവശവും വിശാലമായ തേയിലത്തോട്ടങ്ങളാണെന്നതും മറ്റൊരു കാഴ്ചയാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണെങ്കില്‍ അമ്പലവയല്‍ ടൗണ്‍ വഴി വടുവന്‍ചാല്‍ റോഡിലേക്ക് പ്രവേശിച്ച് അല്‍പ്പദൂരം പിന്നിട്ട് വലത്തോട്ട് തിരിഞ്ഞാല്‍ നെല്ലറച്ചാല്‍ വ്യൂ പോയിന്റ് എത്താം. അമ്പലവയല്‍ മുതല്‍ ഇവിടെ വരെ ലോക്കല്‍ ബസ് സര്‍വീസുകള്‍ ഉണ്ട്. എടക്കല്‍ ഗുഹ, ഹെറിറ്റേജ് മ്യൂസിയം, മഞ്ഞപ്പാറ വ്യൂ പോയിന്റ്, ഫാന്റം റോക്ക്, കാന്തന്‍പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് തുടങ്ങിയ മനോഹരമായ വിനോദ സഞ്ചാര സ്പോട്ടുകളും നിങ്ങള്‍ക്ക് നെല്ലറച്ചാലിനടുത്തായി ഉണ്ട്.
നിലവില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് നെല്ലറച്ചാലിലെത്തുന്ന സഞ്ചാരികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അണക്കെട്ടായതിനാല് തന്നെ ഒരു കാരണവശാലും പ്ലാസ്റ്റിക് കവറുകള്‍ വ്യൂ പോയിന്റില്‍ തള്ളരുത്.
മറവന്തുരുത്ത് വിളിക്കുന്നു
പച്ചപ്പും ചെറുഗ്രാമങ്ങളും കൊണ്ട് ചുറ്റപ്പെട്ട കോട്ടയം ജില്ലയിലെ മനോഹര ദ്വീപാണ് മറവന്തുരുത്ത്. മൂവാറ്റുപുഴയാറിൽ 3.5 കിലോമീറ്റര്‍ കനാലിലൂടെയുള്ള കയാക്കിംഗ്. കയാക്കിംഗിലുടനീളം കണ്ടാസ്വദിക്കാന്‍ പുഴയ്ക്ക് ഇരുവശത്തുമായി ഗ്രാമീണ ജീവിതങ്ങള്‍.
കയാക്കിംഗ് കഴിഞ്ഞെത്തുമ്പോള്‍ കഴിക്കാന്‍ സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങള്‍... ഇവിടത്തെ ഗ്രാമക്കാഴ്ചകളും സാഹസികതയും ആസ്വദിച്ചുള്ള യാത്ര നവ്യാനുഭവമാക്കി മാറ്റി മടങ്ങുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
മൂവാറ്റുപുഴയാറിന്റെയും വേമ്പനാട്ടു കായലിന്റെയും ഇടയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണിത്. ന്യൂയോര്‍ക്ക് ടൈംസ് 2023 ല്‍ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ മറവന്തുരുത്തും ഉള്‍പ്പെട്ടിരുന്നു.
ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കേരളത്തിലെ ആദ്യ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയും ആര്‍ട്ട് സ്ട്രീറ്റ് പദ്ധതിയുമാണ് മറവന്തുരത്തിനെ വ്യത്യസ്തമാക്കുന്നത്.
ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിലാണ് മറവന്തുരുത്തില് വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് പദ്ധതികള്‍ സജ്ജമായത്.
ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ആര്‍ട്ട് സ്ട്രീറ്റ്
മറവന്‍തുരുത്തിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് റോഡിന് ഇരുവശങ്ങളിലും വീടുകളുടെ മതിലുകളില്‍ വരച്ച ചിത്രങ്ങളോടുകൂടിയ ആര്‍ട്ട് സ്ട്രീറ്റാണ്. ദ്വീപിന്റെ ജീവിതത്തെയും ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ ചിത്രങ്ങളും.
കക്ക വാരിയും തടിവെട്ടിയും ചികിരി പിരിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോയ ഗ്രാമീണരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ കലാരൂപങ്ങളും കാഴ്ച്ചക്കാര്‍ക്ക് മിഴിവേകുന്നു.
അപൂര്‍വ പ്രാദേശിക പക്ഷികളുടെയും മത്സ്യങ്ങളുടെയും മറ്റ് കഥകളുടെയും ചിത്രങ്ങളുടെ ഒരു പരമ്പര ചുവര് ചിത്രങ്ങളുടെ ഭാഗമാണ്. ആര്‍ട്ട് സ്ട്രീറ്റ് പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പാക്കിയതും മറവന്തുരുത്തിലാണ്.
നാട്ടു തോടുകളിലൂടെ ഒരു രാത്രി സഫാരി
സൂര്യാസ്തമയ സമയത്ത് തോടുകളിലൂടെയുള്ള യാത്ര ഗംഭീര അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. തോടിന് ഇരുവശത്തുമുള്ള ഗ്രാമീണ ജീവിതങ്ങള്‍ കണ്ടറിഞ്ഞു കൊണ്ടുള്ള യാത്ര സഞ്ചാരികള്‍ക്ക് ഹൃദ്യാനുഭവമാണ്.
ഇരുവശത്തും ചൂടു ചായയും ചെറുകടികളുമായി ചെറിയ ചായക്കടകളുമുണ്ട്. പുഴയിലൂടെ കണ്ട്രി ബോട്ടിംഗ്, കോറക്കിള്‍ ബോട്ടിംഗ്, ശികാര ബോട്ട് എന്നിവയിലും യാത്ര ചെയ്യാം.
ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട പത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് മറവന്തുരുത്ത്.
വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും 18 കനാലുകളുമാണ് ഇവിടെയുള്ളത്. ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ മുദ്രാവാക്യമായ "ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്' എന്ന മാതൃകയില്‍ പങ്കാളിത്ത ടൂറിസം വികസന സമീപനമായാണ് ഇത് നടപ്പിലാക്കിയത്.
2022 ലെ ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന്റെ സ്ട്രീറ്റ് പ്രോജക്റ്റ് പ്രശംസിക്കപ്പെട്ടു, "ജലം സംരക്ഷിക്കുന്നതിനും ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിതരണത്തിനും' അവാര്‍ഡ് ലഭിച്ചു.
സാഹസികത നിറഞ്ഞ കയാക്കിംഗ്
അല്പം സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിലും കയാക്കിംഗ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്ന് ആരംഭിക്കുന്ന കയാക്കിംഗ് അരിവാള്‍ തോട് ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും.
3.5 കിലോമീറ്ററോളം ദൂരം കയാക്കിംഗ് നടത്താം. സൂര്യോദയം ഹൈലൈറ്റായുള്ള രാവിലെ 5.30 ന് ആരംഭിച്ച് ഒമ്പതിന് അവസാനിക്കുന്ന ട്രിപ്പുണ്ട്. സൂര്യാസ്തമയം ആകര്‍ഷണമായ കയാക്കിംഗ് ട്രിപ്പ് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ 6.30 വരെ നീളും. ഒരാള്‍ക്കും, രണ്ടുപേര്‍ക്കും നിന്നുതുഴയാവുന്ന എസ്യുപി തരത്തിലുള്ള മൂന്ന് കയാക്കുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മുവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ സ്വയം തുഴഞ്ഞുപോകുന്ന കയാക്കിങ്ങിലൂടെ 20 പേരുള്ള ഒരു ബാച്ചിനൊപ്പം 2 ട്രെയിനര്മാരുമുണ്ടാകും. ലൈഫ് ജാക്കറ്റ് ധരിക്കേണ്ട രീതിയും തുഴയേണ്ട രീതിയുമെല്ലാം അവര്‍ കൃത്യമായി പറഞ്ഞുതരും.
അപകട സാധ്യത കുറവുള്ള പ്രദേശത്തെ വെളളത്തില്‍ ഇറക്കി ട്രെയിനിങ് നല്‍കും. സിംഗിള്‍ കയാക്കും ഡബിള്‍ കയാക്കുമുണ്ട്. കുട്ടികളും കുടുംബവുമായി വരുന്നവര്‍ക്കുവേണ്ടിയാണ് ഡബിള്‍ കയാക്ക്.
ട്രെയിനിങ്ങിനു ശേഷം സ്വയം തുഴഞ്ഞെത്തുന്നത് മൂവാറ്റുപുഴയാറിലേക്കാണ്. മുന്നിലും പുറകിലുമായി ഇന്സ്ട്രക്ടര്മാരുള്ളതുകൊണ്ടു നിര്‍ഭയമായി തുഴയാം.
പുഴയ്ക്കു കുറുകെയുള്ള തുരുത്തുമ്മല്‍ തൂക്കുപാലത്തിനടിയിലൂടെ തുഴഞ്ഞെത്തുന്നത് തുരുത്തിനകത്തുള്ള തോടുകളിലേക്കാണ്. ഉള്തോടുകളിലേക്കു പ്രവേശിക്കുന്നതോടെ യാത്രയില്‍ കൂടുതല്‍ സാഹസികത നിറയുന്നു.
പ്രദേശവാസികള്‍ തോടിനു മുകളിലൂടെ സ്ഥാപിച്ചിട്ടുള്ള ചെറിയ തടിപ്പാലങ്ങള്ക്കടിയിലൂടെ വേണം മുന്നോട്ടു നീങ്ങാന്‍. വെള്ളത്തിനും പാലത്തിനുമിടയിലുള്ള ഉയരം കുറവായതിനാല്‍ തല കുനിക്കണം.
ഗ്രാമീണ കലാരൂപങ്ങള്‍
കുംഭ ഭരണി മുതല്‍ തീയാട്ട് വരെ നീളുന്ന ഉത്സവനാളുകളിലാണ് മറവന്‍തുരുത്തിലേക്ക് സഞ്ചാരികള്‍ കടൂതലായി എത്തുന്നത്. കുംഭം മുതല്‍ മേടം വരെയാണ് ഈ ഊത്സവം.
അഞ്ച് നിറത്തിലുള്ള പൊടിക്കൊണ്ട് കളം വരച്ച് തീയാട്ടുണ്ണി എന്ന വിഭാഗത്തിലെ ആളുകള്‍ നൃത്തം വയ്ക്കുന്നതാണ് തീയാട്ട് ഉത്സവം. ആറ്റുവേലയും ഗരുഡന് തൂക്കവും സര്‍പ്പം തുള്ളലും കാണാന്‍ നിരവധിപ്പേരാണ് എത്താറുള്ളത്.
ആയോധനകലാരൂപമായ കളരി അഭ്യസിക്കാനും ഇവിടെ സൗകര്യമുണ്ട്. കയര്‍ നിര്‍മാണം, ഓലമെടയല്‍, പപ്പട നിര്‍മാണം എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. രൂചികരമായ നാടന്‍ ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്.
എത്തിച്ചേരാന്‍
വൈക്കംഎറണാകുളം റൂട്ടില്‍ ടോള്‍ ജംഗ്ഷനില്‍നിന്ന് പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ഞിപ്പാലത്തെത്താം. കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപം ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റര്‍ യാത്ര ചെയ്താൽ മൂഴിക്കല്‍ വായനശാലയുടെ മുന്‍പിലെത്താം.
ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിംഗ് സ്റ്റാര്‍ട്ടിങ് പോയിന്റുകള്‍. തലയോലപ്പറമ്പില്‍നിന്ന് വരുകയാണെങ്കില്‍ പാലാംകടവ് ടോള്‍ റോഡില്‍ മൂന്ന് കിലോമീറ്ററോളം പിന്നിട്ടാല്‍ പഞ്ഞിപ്പാലത്ത് എത്താം.
മീന്പാറയിലെ മിന്നും കാഴ്ചകൾ
ജില്ല:
ഇടുക്കി ജില്ല
കാഴ്ച:
പ്രകൃതിഭംഗി
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം.
ഇവിടെ നിന്നാല്‍ പടിഞ്ഞാറ് അറബിക്കടലും തെക്ക് രാമപുരം പാലാ പ്രദേശവും കിഴക്ക് തൊടുപുഴ, ഇടുക്കി പ്രദേശങ്ങളും വടക്ക് കുണിഞ്ഞി കൊടികുത്തി മലകളും ദൃശ്യമാണ്.
ഇളംതെന്നലും മനംമയക്കുന്ന വിദൂരകാഴ്ചകളും പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും ആരെയും ആകര്‍ഷിക്കുന്നു. മേഘങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ അറബിക്കടലിലൂടെ കപ്പല്‍ സഞ്ചരിക്കുന്നതും കാണാനാകും.
വഴി:
ഇടുക്കി കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ നെല്ലാപ്പാറ ജംഗ്ഷനില്‍നിന്നു കുണിഞ്ഞി റോഡിലൂടെ ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീന്പാറയിലെത്താം.
ആലിംഗനം ചെയ്യും ആലിങ്കൽ വെള്ളച്ചാട്ടം
ഒരിക്കൽ കണ്ടാൽ നിങ്ങളുടെ ഓർമകളെ എന്നേക്കുമായി ആലിംഗനം ചെയ്യും ആലിങ്കൽ വെള്ളച്ചാട്ടം. മഴക്കാലത്ത് സൗന്ദര്യമേറും. വെള്ളച്ചാട്ടത്തിന് അല്പം അകലെ വരെയേ വാഹനങ്ങൾ എത്തൂ. തുടർന്ന് വനത്തിലൂടെ കാൽനട യാത്ര.
കാടിന്റെ മണമുള്ള ശീതക്കാറ്റും കിളികളുടെ കളകളാരവവും വെള്ളച്ചാട്ടത്തിന്റെ ഇരന്പൽ ശബ്ദവുമൊക്കെ ഈ യാത്രയിൽ അകന്പടിയായി ഉണ്ടാകും.
ശ്രദ്ധിക്കേണ്ടത്:
ആനച്ചൂരും ആനപ്പിണ്ടത്തിന്റെ ഗന്ധവുമൊക്കെ ഇടയ്ക്കിടെ കാറ്റിൽ അലിഞ്ഞെത്തും. അതുകൊണ്ട് അല്പം ജാഗ്രത വേണം.
ഇടയ്ക്കു കാട്ടാനകൾ വനപാതയിലേക്ക് എത്താൻ സാധ്യതയുണ്ട്. വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് ഇവിടം എപ്പോഴും. അവരുടെ നിർദേശങ്ങൾ അനുസരിച്ചാൽ പേടിക്കേണ്ടതില്ല.
മലയോരമേഖലയാണിത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് അതീവ സൗന്ദര്യമാണെങ്കിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ഇവിടേക്കു യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
പ്രദേശം കണ്ണും മനസും നിറയ്ക്കുമെങ്കിലും ഒരു ടൂറിസം കേന്ദ്രമെന്ന നിലയിൽ ഇനിയും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. പ്രവേശനം പാസ് മൂലം. കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിട്ടുണ്ട്.
സമീപത്തായി ഇരുപതോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കുട്ടവഞ്ചിയിലെ മീൻപിടിത്തം കാണാം. ഡാമിൽനിന്ന് ഒഴുകിവരുന്ന വെള്ളം ഷട്ടറുകളിലൂടെ പുറത്തേക്കു വരുന്ന കാഴ്ച മനംകവരും.
വഴി:
പാലക്കാട് മംഗലംഡാം അണക്കെട്ടിൽനിന്ന് 20 കിലോമീറ്ററും പൊൻകണ്ടം പള്ളിയിൽനിന്ന് ആറു കിലോമീറ്ററും സഞ്ചരിച്ചാൽ കടപ്പാറയിലെത്തും. ഇതിനു സമീപമാണ് ആലിങ്കൽ വെള്ളച്ചാട്ടം.
പി.ജെ. ജോണി
, മേലാർകോട്.
പച്ച നിറമുള്ള കടൽ
തമിഴ്നാടിന്റെ തായ്ലൻഡ് എന്നറിയപ്പെടുന്ന ലെമൂർ ബീച്ച്. ഇവിടെ കടലിന് ആകാശത്തിന്റെ നിറമാണെങ്കിലും ചിലപ്പോൾ അത് പച്ചനിറമുള്ള കടലായി മാറും. സഞ്ചാരികളുടെ സ്വർഗം എന്ന് വിശേഷിപ്പിക്കുന്ന ലെമൂർ മറ്റൊരു തായ്ലൻഡായി മാറുന്നത് നാം അറിയുന്നത് ഇവിടെ എത്തുമ്പോഴാണ്.
കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗണപതിപുരം ബീച്ച് എന്നറിയപ്പെടുന്ന ലെമൂർ ബീച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അതിമനോഹരമായ ബീച്ചുകൾക്കും അതിമനോഹരമായ കാഴ്ചകൾക്കും പേരുകേട്ടതാണ് ഈ പ്രദേശം.
മൃദുവായ വെളുത്ത മണലും ടർക്കോയ്സ് വെള്ളവും ഉള്ള ശാന്തമായ തീരപ്രദേശം . അറബിക്കടലിനാൽ ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ഹണിമൂൺ യാത്രക്കാർക്കും ഒരുപോലെ സങ്കേതമാണ്.
ലെമൂർ ബീച്ച് പ്രകൃതിയെ ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്. മണൽ, വെള്ള മൂടിയ തിരമാലകൾ, ചൂട് കാലാവസ്ഥ എന്നിവയ്ക്ക് പേരുകേട്ടതാണ് ഇത്. കടൽത്തീരത്ത്, ആളുകൾക്ക് നീന്തൽ, സർഫിംഗ്, സ്നോർക്കെലിംഗ്, സൺബത്ത്, ഗെയിമുകൾ എന്നിവ പോലെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസ്വദിക്കാം.
200 കിലോമീറ്ററിലധികം കടൽത്തീരമുള്ള ഇന്ത്യയിലെ ഏറ്റവും ആകർഷകമായ സ്ഥലം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയാണെന്നതിൽ സംശയമില്ല. അതിന്റെ ബീച്ചുകൾ വിശാലമാണ്, അതിലെ വെള്ളം ശുദ്ധമാണ്, അതിന്റെ പച്ചപ്പ് സമൃദ്ധമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്, ബീച്ച് പ്രേമികൾക്ക് ഇത് ഒരു പറുദീസയാണ്.
മഡഗാസ്കറിൽ നിന്നുള്ള ചെറിയ പ്രൈമേറ്റുകളുടെ പേരിലാണ് ബീച്ചിന് ഈ പേര് നൽകിയിരിക്കുന്നത്. ബീച്ച് വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമാണ്. സന്ദർശകർക്ക് വിശാലമായി കിടക്കാനും പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും ധാരാളം സ്ഥലമുണ്ട്.
ലെമൂർ ബീച്ചിലെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിശയിപ്പിക്കുന്ന സൂര്യോദയവും അസ്തമയ കാഴ്ചയുമാണ്. സന്ദർശകർക്ക് അതിരാവിലെ സൂര്യോദയം ആസ്വദിക്കാനും കടൽത്തീരത്ത് ചൂടുള്ള പ്രകാശം പരത്തിക്കൊണ്ട് സൂര്യൻ പതുക്കെ ചക്രവാളത്തിൽ ഉദിക്കുന്നത് കാണാനും കഴിയും.
വൈകുന്നേരങ്ങളിൽ, സന്ദർശകർക്ക് സൂര്യൻ സമുദ്രത്തിലേക്ക് അസ്തമിക്കുന്നത് കാണാൻ കഴിയും, ആകാശത്തെ ഉജ്ജ്വലമായ നിറങ്ങളാൽ വരയ്ക്കുന്നു.നീന്തൽ, ബോട്ടിംഗ്, മീൻപിടുത്തം എന്നിവയുൾപ്പെടെയുള്ള ജല കായിക വിനോദങ്ങൾക്കും ഈ ബീച്ച് പേരുകേട്ടതാണ്.
ധാരാളം തണലുള്ള പ്രദേശങ്ങൾ ബീച്ചിൽ ഉണ്ട്. നിരവധി ചെറിയ കഫേകളും റസ്റ്ററന്റുകളും ഈ ബീച്ചിൽ ഉണ്ട്. ബീച്ചിന് പുറമേ, ലെമൂർ ബീച്ചിന് ചുറ്റുമുള്ള പ്രദേശം വിവേകാനന്ദ റോക്ക് മെമ്മോറിയൽ, തിരുവള്ളുവർ പ്രതിമ എന്നിവയുൾപ്പെടെ നിരവധി ആകർഷണങ്ങളുടെ കേന്ദ്രമാണ്, ഇവ രണ്ടും ബീച്ചിൽ നിന്ന് കുറച്ച് അകലെയാണ്.
ഈ ഐക്കണിക് ലാൻഡ്മാർക്കുകൾ സന്ദർശകർക്ക് പ്രദേശത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് അറിയാനുള്ള അവസരം നൽകുന്നു. കന്യാകുമാരിയിലേക്കുള്ള യാത്രക്കാർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ലെമൂർ ബീച്ച്.
അതിമനോഹരമായ പ്രകൃതിഭംഗി, വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളുടെ ഒരു നിര, സമീപത്തെ ആകർഷണങ്ങൾ എന്നിവയാൽ ഈ മനോഹരമായ ബീച്ചിൽ എല്ലാവർക്കും എന്തെങ്കിലും ഉണ്ട്. നിങ്ങൾ വിശ്രമിക്കാനും വിശ്രമിക്കാനോ അല്ലെങ്കിൽ ചുറ്റുമുള്ള പ്രദേശം പര്യവേക്ഷണം ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിലും, ലെമൂർ ബീച്ച് അതിന് അനുയോജ്യമായ സ്ഥലമാണ്.
തമിഴ്നാടിന്റെ തായ്ലൻഡ് എന്നറിയപ്പെടുന്ന ലെമൂർ ബീച്ചിനെ മറ്റ് ബീച്ചുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവിടെ കടൽ അതിമനോഹരമായ പച്ച നിറത്തിലാണെന്നതാണ്. തിരക്കേറിയ ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി, താരതമ്യേന ശാന്തമായ ഇവിടെ സ്വയം മറന്ന് കുറച്ചു നേരം ചിലവഴിക്കാൻ കഴിയും. ദൂരെ നിന്ന് നോക്കിയാൽ ഒരു വിദേശ തീരം പോലെ തോന്നുന്ന ഒരിടമാണ് ലെമൂർ ബീച്ച്.
നാഗർകോവിൽ ഗണപതിപുരം ടൗൺ പഞ്ചായത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയിൽ നിന്ന് 27 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 80 കിലോമീറ്ററും ദൂരെയാണ് ലെമൂർ ബീച്ച്. തിരുവനന്തപുരത്തിനടുത്തുള്ള ഈ സ്ഥലം കന്യാകുമാരിയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇവിടെ സന്ദർശിക്കാറുണ്ട്.
ഒറ്റ വാക്കിൽ പറഞ്ഞാൽ ലെമൂർ ബീച്ച് കേരളത്തിന്റെ തലസ്ഥാനത്തിന് വളരെയടുത്ത് തമിഴ്നാട് തീരത്തെ ഒളിഞ്ഞിരിക്കുന്ന രത്നമാണ്. ലെമൂർ ബീച്ച് അതിന്റെ ശാന്തമായ അന്തരീക്ഷത്തിന് പേരുകേട്ടതാണെങ്കിലും, അപകടങ്ങളിൽ നിന്ന് മുക്തമല്ല.
നാട്ടുകാർ നിരന്തരം മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും, സഞ്ചാരികൾ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഏതു നിമിഷവും തിരകൾ അപകടകാരിയാകാം എന്ന യാഥാർഥ്യം മറക്കാതെ, സുരക്ഷിതമായി ബീച്ച് ആസ്വദിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
ഇവിടെയുമുണ്ടൊരു ആമസോൺ വനം
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാണ്. ലോകത്തിലെ ബയോസ്പിയർ വനമായി അഗസ്ത്യമലയെ ഐക്യരാഷ്ട്ര സഭയുടെ യുനസ്കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകൾ ആഗോള പ്രശസ്തിയിലേക്ക് വളർന്നിരിക്കുകയാണ്.
പെറുവിൽ ചേർന്ന ഇന്റർനാഷണൽ കോഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് മാൻ ആൻഡ് ബയോസ്പിയർ ആണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെട്ടതാണ് അഗസ്ത്യകൂട പർവതം.
പർവതത്തിന് താഴെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകൾ ലോകത്തിലെ സംരക്ഷണം അർഹിക്കുന്ന വനമായി കണക്കാക്കുന്നു. രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴ വനങ്ങളിൽ ഉൾപ്പെട്ടതാണ് എന്നത് ഇതിന്റെ സവിശേഷത തെളിയിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ആമസോൺ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോർ, പെറു, മധ്യ അമേരിക്ക, ബ്രസീൽ, ദക്ഷിണ പൂർവേഷ്യ, വടക്കുകിഴക്കേഷ്യ, മലേഷ്യ, തായ്ലാൻഡ്, സുമാത്ര, ന്യൂഗിനി, സാബാ, ആസ്ത്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംരക്ഷണമർഹിക്കുന്ന മഴ വനങ്ങളുടെ കൂട്ടത്തിലും അഗസ്ത്യമലനിരകൾ സ്ഥാനം പിടിച്ചു.
നെയ്യാർ, പേപ്പാറ, കോട്ടൂർ, മുണ്ടൻതുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയൽ, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങൾ എന്നിവയാണ് അഗസ്ത്യകൂടത്തിന്റെ ഭാഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ പൊക്കമുള്ള അഗസ്ത്യകൂട പർവതം നിരവധി നദികളുടെ അമ്മയാണ്.
നെയ്യാർ, കരമനയാർ, താമ്രപർണി ,കോതയാർ, കല്ലാർ തുടങ്ങിയ വൻ നദികൾക്കും അസംഖ്യം ചെറു നദികൾക്കും ജന്മമേകുന്ന ഈ മലനിരകളുടെ ഭാഗമാണ് നാച്ചിയാർമൊട്ട, മഞ്ഞപ്പുല്ല്, ഏഴുമടക്കൻതേരി തുടങ്ങി ഒട്ടേറെ പുൽമേടുകളും ഇലപൊഴിയും കാടുകളും മുൾവനങ്ങളും ഒക്കെ.
നെയ്യാർ, പേപ്പാറ, കോട്ടൂർ, മുണ്ടൻതുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയൽ, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങൾ എന്നിവയാണ് അഗസ്ത്യകൂടത്തിന്റെ ഭാഗങ്ങൾ.
പ്രകൃതിദത്തമായ വേലികെട്ടുകൾക്കുള്ളിൽ വൈവിധ്യമാർന്ന ഉയർച്ച താഴ്ചകളുള്ള ഈ മലനിരകളിലെ പ്രത്യേക കാലാവസ്ഥയും മഴയുടെ സ്വഭാവവും തീർത്തും അമൂല്യമായ സസ്യശേഖരം തന്നെ ഉണ്ടാക്കികൊടുത്തു. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന 400 ഇനം സസ്യങ്ങൾ അഗസ്ത്യമലയിൽ ഉണ്ടെന്ന് കണ്ടെത്തിയ പഠനവും ഈ പ്രഖ്യാപനത്തിന്റെ പിന്നിലുണ്ട്.
ഇതിൽ 125 എണ്ണവും ഓർക്കിഡുകളാണ്. ലേഡീസ് സ്പ്പിലർ എന്നു വിളിക്കുന്ന ഡ്രൂറി ഓർക്കിഡ് ഇവിടെ മാത്രമേ കാണാൻ കഴിയു. ആരോഗ്യപച്ച എന്ന അപൂർവയിനം സസ്യത്തെ ലോകത്തിന് സമ്മാനിച്ചതും ഇവിടെ നിന്നാണ്.
അപൂർവയിനം കാപ്പി, നെൽചെടി, ഇഞ്ചി, ഏലയ്ക്ക എന്നിവ ഇവിടെ നിന്നാണ് അതിന്റെ പൂർവയിനത്തെ കണ്ടെത്തിയതും പരീക്ഷണത്തിനുശേഷം വ്യത്യസ്ത ഇനങ്ങളായി കർഷക സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതും. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന 35 ഇനങ്ങൾ അഗസ്ത്യമലയിൽ ഉണ്ടെന്ന് പഠനം കാണിക്കുന്നു.
ഔഷധ സസ്യങ്ങൾക്ക് ഏറെ പ്രശസ്തമാണ് ഈ വനഭൂമി. മാറാവ്യാധികൾക്കുള്ള ഒറ്റ മൂലികളും അപൂർവങ്ങളായ സസ്യങ്ങളും ഇവിടുണ്ട്. ഒരൊറ്റ ദിസം കൊണ്ട് ജനിച്ച് വളർന്ന് പുഷ്പിച്ച് മരിക്കുന്ന സസ്യവും ഇവിടുണ്ട്. എരുമയുടെ മാത്രം വലുപ്പമുള്ള കുള്ളനാന ഇവിടുണ്ട്.
കോഴിപ്പൂവൻ പാമ്പ്, ഇരുതലമൂഴി പാമ്പ്, അപൂർവയിനം ചിത്രശലഭങ്ങൾ വിവിധയിനം തവളകൾ തുടങ്ങി വൈവിധ്യമാർന്ന ജീവന്റെ സഞ്ചയമാണ് ഈ മലമടക്കുകൾ. ഇവിടെയാണ് കളക്കാട് മുണ്ടൻ തുറെ കടുവാ സങ്കേതവും.
ജൈനമതവും ബുദ്ധമതവും ഒക്കെ കടന്നു വന്നതും ഈ മലനിരകൾ വഴിയാണ്. ഇവിടെ നിരവധി ബുദ്ധവിഹാരങ്ങളും ജൈന വിഹാരങ്ങളും ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. അതേസമയം ഈ പൈതൃക വനത്തിന് ഭീഷണിയുമുണ്ട്.
കാട്ടുമൃവേട്ട നടത്തുന്നവർ കാരണമുണ്ടാകുന്ന കാട്ടുതീ ഇവിടുത്തെ ജലസമ്പത്തിന്റെ ഉറവിടമായ പുൽമേടുകളെ ഇല്ലാതാക്കുന്നു. അശാസ്ത്രീയ വന വിഭവശേഖരണക്കാർ കടന്നുകയറുന്നതും ഈ വനത്തിന്റെ നിലനിൽപിനെ ബാധിക്കുന്നു.
സഞ്ചാരികളുടെ മനം കവർന്ന് വാഗമൺ പാലൊഴുകുംപാറ
ഉപ്പുതറ: നല്ലതണ്ണി മലയുടെ നെറുകയിൽനിന്നു പാറക്കെട്ടിലൂടെ താഴ്വാരത്തേക്ക് തുള്ളിച്ചാടി ഒഴുകുന്ന അരുവിക്ക് നാട്ടുകാരിട്ട പേരാണ് പാലൊഴുകുംപാറ. കുളിരുള്ള ശുദ്ധമായ കാറ്റും ഇടവിട്ട നേരങ്ങളിൽ ഓടിമറയുന്ന കോടമഞ്ഞും മലനിരകളുടെ വിദൂര ദൃശ്യങ്ങളും പാലൊഴുകുംപാറയുടെ വശ്യതയ്ക്ക് മാറ്റുകൂട്ടിയതോടെ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തി.
അങ്ങനെ വാഗമണിലെ കാഴ്ചവിരുന്നിൽ വിനോദ സഞ്ചാരികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഇഷ്ട ഇടമായി മാറുകയായിരുന്നു പാലൊഴുകും പാറ. അരുവിയുടെ ദൃശ്യഭംഗിക്കൊപ്പം പൈൻ മരക്കാടിന്റെ കാഴ്ചകൂടി ചേർന്നതോടെ പാലൊഴുകുംപാറ ടൂറിസം മാപ്പിൽ അറിയപ്പെടുന്ന സ്ഥലമായി.
ഏലപ്പാറ വാഗമൺ റൂട്ടിൽ കാവക്കുളം ജംഗ്ഷനിൽനിന്നു മൊട്ടക്കുന്നിലേക്കുള്ള ഗ്രാമീണ റോഡിലാണ് പാലൊഴുകുംപാറ അരുവിയും വെള്ളച്ചാട്ടവും. നല്ലതണ്ണി മലമുകളിലെ ആലഞ്ചിയിലാണ് അരുവിയുടെ ഉത്ഭവം. രണ്ടു കിലോമീറ്റർ താഴെ അരുവിയെ തടഞ്ഞ് കോൺക്രീറ്റ് തടയണയുണ്ട്.
ഇൻഡോ സ്വിസ് പ്രോജക്ടിനു വേണ്ടി മൃഗസംരക്ഷണ വകുപ്പും സാമൂഹിക വനവത്കരണത്തിനായി വനംവകുപ്പും ചേർന്ന് വർഷങ്ങൾക്കു മുൻപ് നിർമിച്ചതാണ് ചെക്ക് ഡാം. ജലസമൃദ്ധമായ അരുവി ചെക്ക് ഡാമും കവിഞ്ഞ് മലനിരകളിലൂടെ താഴേക്ക് ഒഴുകിയാണ് കാണികളുടെ ഹരമാകുന്നത്.
പിന്നീട് കൊച്ചുകരിന്തരുവിയിലൂടെ ചിന്നാർ പുഴയുടെ ഭാഗമാകും. അവിടെനിന്നു ചപ്പാത്തിനു മുകളിലെ മൂന്നാർമുക്കിൽ പെരിയാറിൽ ലയിക്കും. കൊടുംവേനലിൽ മാത്രമാണ് അരുവി വരളുന്നത്. അല്ലാത്തപ്പോഴെല്ലാം സഞ്ചാരികൾക്ക് ദൃശ്യവിസ്മയമായി പാലാഴുകും പാറയിലൂടെ തുള്ളിച്ചാടി ഈ അരുവിയുണ്ടാകും.
മലയുടെ നിരകളിൽ വെള്ളം കുത്തിച്ചാടുന്ന സ്ഥലങ്ങളിൽ ആഴമുള്ള വിസ്തൃതമായ മൂന്നു കയങ്ങളുണ്ട്. ഇവിടെ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടും ചുഴിയിൽ താഴ്ന്നും മുൻപ് പലർക്കും ജീവൻ നഷ്ടമായിട്ടുണ്ട്.
ഇതിനു ശേഷം ആളുകൾ പോകുന്നത് തടഞ്ഞ് ഇവിടെ വേലി കെട്ടി. ഇപ്പോൾ അരുവിയുടെ അടുത്തേക്ക് ആർക്കും പോകാൻ കഴിയില്ല. അകലെ നിന്നാണെങ്കിലും വെള്ളിക്കൊലുസിട്ട് തുള്ളിച്ചാടി കുതിക്കുന്ന അരുവിയുടെ സൗന്ദര്യം നുകരാൻ നൂറുകണക്കിന് സന്ദർശകരാണ് പാലൊഴുകും പാറയിലേക്ക് ഒഴുകിയെത്തുന്നത്.
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി!
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്ലാത്ത ഒരു ഇടുക്കി എറണാകുളത്തുണ്ട്. നാട്ടുകാർക്ക് ഇത് ഇടുക്കി ജംഗ്ഷൻ.
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രധാന ജംഗ്ഷനാണ് ഇടുക്കി എന്നറിയപ്പെടുന്നത്. ഈ പേരുവരാൻ കാരണം ഇടുക്കി അണക്കെട്ടും. പക്ഷേ, പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ ഈ പേരില്ല.
പെരിയാർ വേർതിരിക്കുന്ന ഏലൂർ മുനിസിപ്പാലിറ്റിയുടെ അതിർത്തിയാണ് ഇടുക്കി ജംഗ്ഷൻ. ആലുവയിൽ നിന്ന് ഒമ്പതും കളമശേരിയിൽനിന്ന് അഞ്ചും കിലോമീറ്റർ ദൂരത്തിലാണ് ഇടുക്കി ജംഗ്ഷൻ. ഇരുനൂറോളം വ്യവസായങ്ങൾ പ്രവർത്തിക്കുന്ന എടയാർ വ്യവസായ മേഖലയുടെ കവാടവുമാണിത്.
ഏലൂർ, എടയാർ, കളമശേരി, മഞ്ഞുമ്മൽ മേഖലകളിലേക്കു പോകുന്ന ബസുകളുടെ സ്റ്റോപ്പിന്റെ പേരും ഇടുക്കി ജംഗ്ഷനാണ്. ഇടുക്കി അണക്കെട്ട് നിർമാണത്തിനു വേണ്ട കോൺക്രീറ്റ് ഭാഗങ്ങൾ ഇവിടെയുള്ള കെഎസ്ഇബിയുടെ സ്ഥലത്താണ് തയാറാക്കിയിരുന്നത്. അന്ന് ഏലൂരുമായി ബന്ധിപ്പിക്കുന്ന പാതാളം പാലവും ഉണ്ടായിരുന്നില്ല.
1970കളിൽ ബാർജിൽ അവ പെരിയാറിലൂടെ അണക്കെട്ട് നിർമാണസ്ഥലത്ത് എത്തിക്കുകയായിരുന്നു. അങ്ങനെ നാട്ടുകാർ ഇട്ട പേരാണ് ഇടുക്കി ജംഗ്ഷൻ. കെഎസ്ഇബി ഈ സ്ഥലത്ത് ഇപ്പോൾ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുകയാണ്.
ത്രില്ലടിപ്പിക്കും ആനക്കല്ല്
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്ങളും പക്ഷിജാലങ്ങളും. ഇതിനൊക്കെ പുറമെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സാധാരണ കാണുന്നതിൽനിന്നു വ്യത്യസ്തമായ ഭാഗത്തുനിന്നുള്ള കാഴ്ചയും.
ആനക്കല്ല് ജംഗിള്‍ സഫാരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നതെല്ലാം കണ്ണും മനസും കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍! വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനാണ് കാടിനെ സ്നേഹിക്കുന്നവര്‍ക്കായി ഈ മനോഹരയാത്ര ഒരുക്കിയിട്ടുള്ളത്. നാലു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ജീപ്പ് സഫാരി പൂര്‍ണമായും എറണാകുളം ജില്ലയുടെ പരിധിയിലൂടെയാണ് കടന്നുപോകുന്നതെന്ന പ്രത്യേകതയുമുണ്ട്.
കാലടി പ്ലാന്റേഷന് കോര്പറേഷന് മേഖലയിലുള്ള അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് സഫാരിക്കു നേതൃത്വം നല്‍കുന്നത്. പതിനഞ്ചാം ബ്ലോക്കില്‍നിന്നാണ് യാത്രയുടെ ആരംഭം. ജനവാസ മേഖല പിന്നിട്ട് ഉള്‍കാട്ടിലേക്കു കടക്കുന്നതോടെ വന്യതയുടെ നിഗൂഢതയും പച്ചപ്പും മറനീക്കിത്തുടങ്ങും.
മൃഗങ്ങൾ ഏതു നിമിഷവും
ആകാശംമുട്ടെ ഉയരത്തിലുള്ള വന്മരങ്ങളും മുളങ്കാടുകളും പല വര്‍ണങ്ങളില്‍ തളിരിട്ടു നില്ക്കുന്ന വൃക്ഷങ്ങളും ഇടതൂര്‍ന്ന കാട്ടുവഴി. കളകളാരവം പൊഴിച്ചു ചില സ്ഥലങ്ങളില്‍ യാത്രയ്ക്കു കൂട്ടുവരുന്ന ചാലക്കുടി പുഴ. മാനും മയിലും മ്ലാവും കാട്ടുപോത്തും ആനക്കൂട്ടവുമെല്ലാം ഏതു നിമിഷവും കണ്മുന്നിലെത്തും.
ഭാഗ്യമുണ്ടെങ്കില്‍ പുലിയെയും കരടിയെയും വരെ കാണാം. വേഴാമ്പല്‍ ഉള്‍പ്പെടെയുള്ള പക്ഷിജാലങ്ങളും നിരവധി. രാജവെമ്പാല, മലമ്പാമ്പ് തുടങ്ങി വിവിധയിനം പാമ്പുകളെയും ചാലക്കുടി പുഴയുടെ ഓരങ്ങളില്‍ ചീങ്കണ്ണികളെയും കാണാനാകും. വര്‍ണച്ചിറകുകള്‍ വീശിയെത്തുന്ന പൂമ്പാറ്റകളും പലനിറത്തിലുള്ള ഷഡ്പദങ്ങളും കണ്ണിനു വിരുന്നാകും.
കാട്ടാനക്കൂട്ടം
ചില സമയങ്ങളില്‍ കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടത്തെയും വഴിയില്‍ കാണാറുണ്ട്. എട്ടും പത്തും ആനകള്‍ വരെയുള്ള ആനക്കൂട്ടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടെന്നു വനപാലകര്‍ പറയുന്നു. സഫാരിയുടെ അവസാന പോയിന്റാണ് 18 കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടിലുള്ള ആനക്കല്ല് പ്രദേശം.
കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളും വെള്ളം കുടിക്കാന്‍ പതിവായി എത്തുന്ന തുറസായൊരു സ്ഥലമാണിത്. ഏതു കടുത്ത വേനലിലും വറ്റാത്ത ഓര് (നീരുറവ) ഇവിടെ ഉണ്ട്. ഓരില്‍ നിന്നു വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ സുരക്ഷിതമായ അകലത്തില്‍നിന്നു നമുക്കു കാണാനാകും.
പലപ്പോഴും കൂട്ടമായെത്തുന്ന കാട്ടാനകളും കാട്ടുപോത്തുകളും മണിക്കൂറുകളോളം ഇവിടെ ചെലവഴിക്കാറുണ്ട്. ആനക്കല്ല് ക്യാംപ് ഷെഡില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയ ലഘുഭക്ഷണം കഴിച്ച് അല്പസമയം വിശ്രമിച്ചാണ് മടക്കയാത്ര തുടങ്ങുക.
വര്‍ഷങ്ങളായി കാടിനുള്ളില്‍ രാവും പകലും കഴിയുന്ന ഫോറസ്റ്റ് വാച്ചര്‍മാര്‍ അവരുടെ കാടനുഭവങ്ങള്‍ പങ്കുവയ്ക്കും. മടക്കയാത്രയില്‍ ഉള്‍ക്കാട്ടില്‍ നിരീക്ഷണത്തിനായി വനംവകുപ്പ് നിര്‍മിച്ചിട്ടുള്ള ഏറുമാടത്തില്‍ കയറാനും അവസരമുണ്ട്.
അതിരപ്പിള്ളിയുടെ മറ്റൊരു മുഖം
യാത്രയുടെ അവസാനഘട്ടത്തിലാണ് സഫാരിയിലെ ഏറ്റവും വിസ്മയകരമായ കാഴ്ച സഞ്ചാരികളെ തേടിയെത്തുക. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇതുവരെ കാണാത്ത ആംഗിളിൽനിന്നൊരു കാഴ്ച. ചാലക്കുടി പുഴയുടെ തൃശൂര്‍ ജില്ലയില്‍പെടുന്ന കരയിലാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം.
ഇവിടെനിന്നുള്ള കാഴ്ചയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കു സാധാരണ കിട്ടുക. എന്നാല്‍, ഇതില്‍നിന്നു വിഭിന്നമായി പുഴയുടെ എറണാകുളം ജില്ലയില്‍പെടുന്ന മറുകരയില്‍നിന്നു വെള്ളച്ചാട്ടം കാണാനുള്ള അസുലഭമായ അവസരമാണ് സഞ്ചാരികള്‍ക്കു ലഭിക്കുന്നത്.
ഇവിടെനിന്നാല്‍ വെള്ളം ചാടുന്ന മൂന്നു കുത്തുകളും വ്യക്തമായി കാണാം. പുകമഞ്ഞു പോലെ പരക്കുന്ന വെള്ളത്തുള്ളികളില്‍ ഇളവെയില് തീര്‍ക്കുന്ന മഴവില്ലിന്റെ ചാരുത സഞ്ചാരികളുടെ മനസു നിറയ്ക്കും. പരന്നുകിടക്കുന്ന പാറക്കെട്ടുകളിലൂടെ പാല്‍നുര ചിതറി ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം.
കാട്ടുവഴിയിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തു വരെ പോകാനും കഴിയും. ഉയരത്തില്‍നിന്നു താഴേക്കു ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളികളില്‍ മുങ്ങി ഈറനണിഞ്ഞു മടങ്ങുമ്പോള്‍ സഞ്ചാരികളുടെ മനസും കുളിരണിയും.
ലഘുഭക്ഷണം ഉള്‍പ്പെടെ ആറു പേര് അടങ്ങുന്ന ഗ്രൂപ്പിന് പതിനായിരം രൂപയും ഒരാള്‍ക്കു മാത്രമാണെങ്കില്‍ 2,500 രൂപയുമാണ് സഫാരിയുടെ നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 8547601991.
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷൻ. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1,200 അടി ഉയരം. ചരല്ക്കുന്നില്നിന്നുള്ള വിദൂരക്കാഴ്ച ആലപ്പുഴ വരെ എത്തും.
പത്തനംതിട്ടയുടെ ജീവനാഡിയായ പമ്പയുടെ ഒഴുക്ക് കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്ന സ്ഥലം കൂടിയാണിവിടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള ആറന്മുളയുടെയും കോഴഞ്ചേരിയുടെയും മാരാമണിന്റെയും കുമ്പനാടിന്റെയും ഒക്കെ കാഴ്ചകളും ചരല്ക്കുന്നില്നിന്ന് ആസ്വദിക്കാം.
ആലപ്പുഴയിലെ വിളക്കുമരം വരെ ചരല്ക്കുന്നില്നിന്നാല് കാണാനാകുമായിരുന്നുവെന്നു പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. മലയോരവും സമതലവുമെല്ലാം ഇപ്പോഴും ചരല്‍ക്കുന്നിലെ കാഴ്ചകളാണ്.
ക്യാന്പ് സെന്റർ:
ചരല്‍ക്കുന്ന് പ്രധാനപ്പെട്ട ഒരു ക്യാമ്പ് സെന്റര്‍ കൂടിയാണ്. കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായക നീക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള സ്ഥലം.
കേരള കോണ്‍ഗ്രസിലെ നിര്‍ണായകമായ പല തീരുമാനങ്ങളും മുന്നണി മാറ്റങ്ങളും ഒക്കെ ഉണ്ടായതിലൂടെ ചരല്‍ക്കുന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെയും ജനതാപരിവാരങ്ങളുടെയും ഇതരസംഘടനകളുടെയുമൊക്കെ ക്യാമ്പുകള്‍ക്ക് ഇവിടം വേദിയായി.
ചൂടിന്റെ കാഠിന്യമില്ലെന്നതും ആകർഷക ഘടകമായി. മാര്‍ത്തോമ്മ സഭയുടെ സണ്‍ഡേ സ്കൂള്‍ സമാജത്തിന്റെ നിയന്ത്രണത്തിലാണ് ക്യാമ്പ് സെന്റര്‍.
രഹസ്യ ഭാവം: പഴയകാലത്തു നാനൂറു പേര്‍ക്കുവരെ ഇരിക്കാവുന്ന ഹാളും താമസ സൗകര്യവും ക്യാമ്പ് സെന്ററിന്റെ രഹസ്യ സ്വഭാവവുമാണ് ചരല്‍ക്കുന്നിനെ രാഷ്ട്രീയക്കാരുടെ ഇഷ്ടവേദിയാക്കിയത്.
വാഹനസൗകര്യം കുറവായിരുന്ന 90കളുടെ അവസാനം വരെ ക്യാമ്പിലേക്കു തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ ബസുകളിലാണ് ചരല്‍ക്കുന്നില്‍ എത്തിച്ചിരുന്നത്.
ചരല്ക്കുന്നിനു തൊട്ടടുത്താണ് അരുവിക്കുഴി വെള്ളച്ചാട്ടം. രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വെള്ളച്ചാട്ടം കാണാം. ഇവിടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിൽ നിർമിച്ച വിശ്രമകേന്ദ്രവുമുണ്ട്.
നെല്ലിയാമ്പതി: പാവങ്ങളുടെ ഊട്ടി!
ജില്ല:
പാലക്കാട്
കാഴ്ച:
പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല കയറിയെത്തുന്ന നെല്ലിയാമ്പതി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. അവധി ദിനങ്ങളിൽ സഞ്ചാരികളുടെ പ്രവാഹം. പാവങ്ങളുടെ ഊട്ടി എന്ന വിശേഷണം തന്നെ വിനോദസഞ്ചാരികളും നെല്ലിയാന്പതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.
467 മീറ്റര്‍ മുതല്‍ 1,572 മീറ്റര്‍ വരെയാണ് സമുദ്ര നിരപ്പില്‍നിന്ന് ഉയരം. ഇത് എല്ലായിടത്തും ഒരു പോലെയല്ല.
പ്രത്യേകതകൾ
വേനൽച്ചൂട് ജില്ലയിൽ തുടരുന്നെങ്കിലും നെല്ലിയാമ്പതിയിൽ സമതലപ്രദേശങ്ങളെക്കാൾ 6 മുതൽ 10 ഡിഗ്രി വരെ ചൂട് കുറവ്. ഭാഗ്യമുണ്ടെങ്കിൽ രാവിലെ ചെറിയ കോടമഞ്ഞും കാണാം.
നെന്മാറയിൽ നിന്നു പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെയാണ് നെല്ലിയാന്പതിയിലേക്കുള്ള പ്രവേശനം. പോത്തുണ്ടി ഡാമിനോടു ചേർന്ന ഉദ്യാനം ഉല്ലാസത്തിനൊപ്പം നല്ലൊരു വിശ്രമകേന്ദ്രവുമാണ്.
പത്തോളം ഹെയർപിൻ വളവുകൾ കയറി വേണം നെല്ലിയാമ്പതിയിലെത്താൻ. മുകളിലേക്ക് കയറുംതോറും വിവിധ കമ്പനികളുടെ തേയിലത്തോട്ടങ്ങൾ ദൃശ്യമാകും.
ഓറഞ്ച് തോട്ടങ്ങൾ
ഓറഞ്ച് തോട്ടങ്ങൾക്കും പ്രസിദ്ധമാണ് നെല്ലിയാന്പതി. ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധി. ബ്രിട്ടീഷുകാരുടെ കാലത്തുള്ള എസ്റ്റേറ്റുകളിൽ പലതിലും പ്രവേശനവും സ്വകാര്യ റിസോർട്ട് സംവിധാനവുമുണ്ട്. സീതാർകുണ്ട് വെള്ളച്ചാട്ടം ആകർഷകം.
കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന് തുടങ്ങി വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ പ്രദേശം. പക്ഷികളുടെ വൈവിധ്യവും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്.
തേയില കൂടാതെ ഏലം, കാപ്പി തോട്ടങ്ങളുമുണ്ട്. സീതാർകുണ്ട് വ്യൂ പോയിന്റും കേശവൻ പാറയും കാരപ്പാറ വഴിയുള്ള ഡ്രൈവും മിന്നാംപാറ ഓഫ് റോഡ് ഡ്രൈവും ഒക്കെ മനോഹരമായ അനുഭവങ്ങളാണ്.
കാപ്പിത്തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിലൂടെ സഞ്ചരിക്കുമ്പോൾ ചിറകടിയുടെ ശബ്ദം കേട്ട് നിശബ്ദമായി ശ്രദ്ധിച്ചു പോയാൽ ഒരുപക്ഷേ വേഴാമ്പലുകളെയും കാണാനാകും.
വഴി
തൃശൂർ വഴി വരുന്നവർ വടക്കഞ്ചേരിയിലൂടെ നെന്മാറയിലെത്താം. പാലക്കാട് ഭാഗത്തുനിന്നു വരുന്നവർ കൊല്ലങ്കോട് വഴി നെന്മാറയിലെത്താം.
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല:
കോട്ടയം
കാഴ്ച:
പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശികളും വിദേശികളുമടക്കമുള്ള നിരവധി സഞ്ചാരികൾ. ഗ്രാമങ്ങളെ തൊട്ടറിയാം എന്ന പദ്ധതിയുടെ ഭാഗമായി അടുത്ത കാലത്ത് ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച എഴുമാന്തുരുത്ത് വളരെപ്പെട്ടെന്നാണ് സഞ്ചാരികളുടെ പ്രിയ ഇടമായത്.
പ്രത്യേകതകൾ:
തോണി യാത്രയും ബോട്ട് സവാരിയും വിവിധങ്ങളായ ഗ്രാമീണ കാഴ്ചകളും സ്വാദിഷ്ടമായ ഭക്ഷണ വൈവിധ്യങ്ങളും ഒരുക്കി ഉത്തരവാദിത്വ ടൂറിസം ക്ലബ് സഞ്ചാരികളെ സ്വീകരിക്കുന്നു.
വൈക്കം കായലിന്റെ കൈവഴിയായ കരിയാറിലൂടെ ശിക്കാര വള്ളങ്ങളിൽ യാത്ര ആരും മറക്കില്ല. ദേശാടനപ്പക്ഷികളെയും കണ്ടൽക്കാടുകളെയും അടുത്തറിഞ്ഞു കാന്താരിക്കടവിൽനിന്നു തുടങ്ങി കരയാറിലൂടെയുള്ള യാത്ര വളരെ രസകരം.
അടുത്തറിയാം:
കാർഷിക, മത്സ്യബന്ധന രീതികൾ, പാരന്പര്യ കുലത്തൊഴിലുകളായ കള്ളുചെത്ത്, തഴപ്പായ നെയ്ത്ത്, കാർഷിക ഉപകരണങ്ങളും ഗാർഹിക ആയുധങ്ങളും നിർമിക്കുന്ന ആലകൾ എന്നിവയും പരിചയപ്പെടുന്നതിനുള്ള അവസരമുണ്ട്.
കാവുകളും ക്ഷേത്രങ്ങളും കാണാനും ആചാരാനുഷ്ഠാനങ്ങൾ മനസിലാക്കാനും യാത്രികർക്കു കഴിയും. വളരെ കുറഞ്ഞ ചെലവിൽ കുടുംബാംഗങ്ങളോടൊപ്പം കുടുംബശ്രീ, ആർടി സ്ട്രീറ്റ് ഫുഡ് യൂണിറ്റുകൾ ഒരുക്കുന്ന സ്വാദിഷ്ടമായ നാടൻ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷിത യാത്രയ്ക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വഴി:
ഏറ്റുമാനൂർ എറണാകുളം റോഡിൽനിന്ന് ആപ്പാഞ്ചിറ കാന്താരിക്കടവ് റോഡ് വഴി എഴുമാന്തുരുത്തിലേക്കു വരാം. തലയോലപ്പറന്പ് കോരിക്കൽ റോഡ്, മുട്ടുചിറ ആയാംകുടി റോഡു വഴിയും എഴുമാന്തുരുത്തിലേക്കെത്താം.
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല:
ഇടുക്കി
കാഴ്ച:
പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂലമറ്റം പവര്‍ഹൗസിന്റെ നാട്ടിലെ ദൃശ്യവിസ്മയം. നാടുകാണി, വലകെട്ടി മലകള്‍ക്കു നടുവിലാണ് ത്രിവേണിസംഗമം. കടുത്ത വേനലിലും ജലസമൃദ്ധം. ഇളംതെന്നലും സുഖശീതളിമയും ആരെയും ആകര്‍ഷിക്കും.
ത്രിവേണിയെന്നാല്
മൂലമറ്റം പവര്‍ഹൗസില്‍നിന്നു വൈദ്യുതി ഉത്പാദനത്തിനു ശേഷം കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളവും വലിയാറും നാച്ചാറും കൂടിച്ചേരുന്ന വശ്യസുന്ദരമായ ഇടമാണ് ത്രിവേണീസംഗമം. ഇതിനു തൊട്ടുതാഴെയായി തൂക്കുപാലമുണ്ട്. ഇവിടെനിന്നാല്‍ ത്രിവേണിയുടെ നയനമനോഹാരിത ആസ്വദിക്കാം.
ചങ്ങാടയാത്ര
കോട്ടയം, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍നിന്നു പ്രതിദിനം ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. വലിയാര്‍ വിയര്കെട്ട് ഭാഗത്തു കയാക്കിംഗ്, കുട്ടവഞ്ചി, മുളംചങ്ങാട യാത്ര എന്നിവയ്ക്കും സൗകര്യമുണ്ട്.
ജലസമൃദ്ധമായ മലങ്കര ജലാശയത്തില്‍നിന്നു ത്രിവേണി സംഗമത്തിലേക്കു സോളാര്‍ ബോട്ടിംഗിന് സാധ്യതയേറെയാണ്. ഇതാരംഭിച്ചാല് പുഴയോരക്കാഴ്ച കണ്ട് ത്രിവേണിയിലെത്താം.
യാത്ര
തൊടുപുഴമൂലമറ്റം റൂട്ടില്‍ എസ്എച്ച് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിനു സമീപം എകെജി ജംഗ്ഷനിലുള്ള ത്രിവേണിയിലേക്ക് 300 മീറ്റര്‍ ദൂരം. വാഹന പാര്‍ക്കിംഗിന് സൗകര്യം.
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധിക്കാലം ആഘോഷമാക്കാൻ മീൻവല്ലം തേടിപ്പോകുന്നു പലരും. ദേശീയപാത പാലക്കാട് മണ്ണാർക്കാട് റൂട്ടിൽ തുപ്പനാട് ജംഗ്ഷനിൽനിന്നു വനത്തിന് എട്ടു കിലോമീറ്റർ ഉള്ളിലാണ് മീൻവല്ലം.
ട്രക്കിംഗ്: കല്ലടിക്കോടൻ മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന തുപ്പനാട് നദിയിലേക്ക് 45 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം. അഞ്ചു തട്ടുകളുള്ള വെള്ളച്ചാട്ടമെന്നതാണ് മീൻവല്ലത്തിന്റെ പ്രത്യേകത. വെള്ളച്ചാട്ടത്തിന്റെ അഞ്ചു തട്ടുകളിൽ രണ്ടെണ്ണത്തിൽ മാത്രമേ സഞ്ചാരികൾക്കു പ്രവേശനമുള്ളു.
ഏതു വേനലിലും വറ്റാത്ത ചെറു നീരുറവയായി ഈ വെള്ളച്ചാട്ടം ഉണ്ടാകും. അതുകൊണ്ടു വേനൽക്കാലത്തും ഇവിടേക്ക് എത്താം. തുപ്പനാട് നദി ഉൾപ്പെടെ മുറിച്ചു കടന്നുള്ള രണ്ടു കിലോമീറ്റർ ട്രക്കിംഗ് കഴിഞ്ഞുവേണം വെള്ളച്ചാട്ടത്തിലേക്ക് എത്താൻ എന്നതിനാൽ യാത്ര രസകരമാണ്.
ശ്രദ്ധിക്കണം: പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ ഒലവക്കോട് റെയ്ഞ്ചിലെ തുടിക്കോട് വനസംരക്ഷണ സമിതിക്കാണ് ഇതിന്റെ സംരക്ഷണം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള വനങ്ങൾ സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഭാഗമാണ്.
പാലക്കാട്ടുനിന്ന് 34 കിലോമീറ്ററും മണ്ണാർക്കാട്ടുനിന്ന് 26 കിലോമീറ്ററുമാണ് ദൂരം. സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് സന്ദർശനത്തിന് ഏറ്റവും നല്ല സമയം. അപകട സാധ്യത കൂടുതലായതിനാൽ അതീവ ശ്രദ്ധ വേണം.
കൂടുതൽ വിവരങ്ങൾക്ക്: 0492 424 0705, 92497 87624.
മനംകുളിർപ്പിച്ച് മലയോര ടൂറിസം കേന്ദ്രങ്ങൾ
കനത്ത ചൂടിൽ നാട് ചുട്ടുപൊള്ളുമ്പോൾ കുളിര്‍മ തേടി കോഴിക്കോട്ടെ മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ കുടുംബ ടൂറിസ്റ്റുകളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും.
കോടമഞ്ഞ് പുതച്ച, കാട്ടരുവികൾ ഒഴുകുന്ന മലനിരകളും കൃഷിയിടങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പ്രകൃതിരമണീയമായ കക്കാടംപൊയില്‍, തോട്ടപ്പളളി, കോഴിപ്പാറ വെളളച്ചാട്ടം, പൂവാറന്‍തോട്, ഉറുമി, അരിപ്പാറ വെളളച്ചാട്ടം, ഒലിച്ചുചാട്ടം, പതങ്കയം വെളളച്ചാട്ടം, തുഷാരഗിരി, തിരുവമ്പാടി തുമ്പക്കോട്ട്മല, മറിപ്പുഴ എന്നിവിടങ്ങളിലേക്കാണ് വിദൂരങ്ങളില്‍നിന്നടക്കം ആളുകളെത്തുന്നത്.
ബൈക്കുകളിലും കാറുകളിലും ടൂറിസ്റ്റ് ബസുകളിലുമായാണ് സഞ്ചാരികളുടെ വരവ്. എല്ലായിടങ്ങളിലും ഗതാഗത സൗകര്യവും റിസോര്‍ട്ട്, ഹോം സ്റ്റേ സംവിധാനങ്ങളുമുളളതാണ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വന്യമൃഗ ഭീതികള്‍ക്കിടയിലും സഞ്ചാരികളുടെ ഒഴുക്കിന് പഞ്ഞമില്ല.
ഫാം വിസിറ്റ് പാക്കേജ്
ഫാം ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന വിനോദ സഞ്ചാര മേഖല കൂടിയാണിത്. കാര്‍ഷിക സമ്പദ് സമൃദ്ധിയും പ്രകൃതിരമണീയതയും വളര്‍ത്തുമൃഗങ്ങളേയും നേരില്‍ അറിയാന്‍, വിഭവങ്ങള്‍ വാങ്ങാന്‍ തിരുവമ്പാടി പഞ്ചായത്തില്‍ ഫാം വിസിറ്റ് പാക്കേജ് ടൂര്‍ ആരംഭിച്ചിട്ടുണ്ട്.
രാവിലെ 8.30ന് ആരംഭിക്കുന്ന ട്രിപ്പ് വൈകിട്ട് 6.30ന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544039294 (അജു എമ്മാനുവല്‍). കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മുതൽ കൊടുവളളി ബ്ലോക്ക്തലത്തില്‍ മലയോര ഫാം ടൂറിസം പദ്ധതി ആരംഭിച്ചിട്ടുണ്ട്. വിവിധ ഫാമുകള്‍ സന്ദര്‍ശിക്കാന്‍ വിസിറ്റിംഗ്പാക്കേജിലൂടെ സാധിക്കും.
മലബാറിലെ ഊട്ടി: കുടുംബ ടൂറിസ്റ്റുകളുടെ പറുദീസ
അത്യുഷ്ണം തുടരുന്നത് കക്കാടംപൊയിലിലേക്കുളള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയ്ക്കിടയാക്കി. കോടമഞ്ഞുമൂടിയ അന്തരീക്ഷമാണ് സഞ്ചാരികളുടെ മനസും ശരീരവും കുളിര്‍പ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലുമാണ് കക്കാടംപൊയില്‍ പ്രദേശം. മലനിരകളും പുല്‍മേടുകളും കൃഷിയിടങ്ങളും വെളളച്ചാട്ടങ്ങളും പാറക്കെട്ടുകളുമെല്ലാമടങ്ങിയ കക്കാടംപൊയില്‍ മലബാറിലെ ഊട്ടി എന്നാണറിയപ്പെടുന്നത്.
വിദൂര ജില്ലകളില്നിന്നടക്കമാണ് ഇവിടേക്ക് കുടുംബ ടൂറിസ്റ്റുകളെത്തുന്നത്. റിസോര്‍ട്ടുകള്‍ ഏറെയുളളത് സഞ്ചാരികള്‍ക്ക് അനുഗ്രഹമാകുന്നു. പലരും ദിവസങ്ങള്‍ തങ്ങിയാണ് തിരിച്ചുപോകുന്നത്.
പഴശിരാജ ഗുഹ (പഴശിരാജ വയനാട്ടില്‍നിന്ന് നിലമ്പൂരിലേക്കുളള യാത്രയില്‍ ഇടത്താവളമാക്കിയ കോട്ട): കക്കാടംപെയിലില്നിന്ന് നാല് കിലോമീറ്റര്‍ അകലെ നായാടംപൊയിലിന് സമീപത്തായാണ് ഈ ഗുഹ.
കോഴിപ്പാറ വെളളച്ചാട്ടം
കക്കാടംപൊയില്‍ അങ്ങാടിയില്‍നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെ കുറുവന്പുഴയിലാണിത്. കുളിക്കാനും നീന്താനും സൗകര്യമുണ്ട്. കേരള വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ശുചിമുറി എന്നിവയുമുണ്ട്.
കോഴിപ്പാറ ഫാം ടൂറിസം
ഫാം ടൂറിസത്തിന്റെ സാധ്യകളത്രയും ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ കര്‍ഷകരുണ്ടിവിടെ. വൈവിധ്യമാര്‍ന്ന പഴങ്ങളടക്കം സഞ്ചാരികള്‍ക്ക് സ്വന്തമാക്കാം. കോഴിപ്പാറയില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വനവിഭവങ്ങളും ഇവിടെ ലഭ്യമാണ്.
കക്കാടംപൊയലില്നിന്നു നായാടംപൊയില്‍ റോഡില്‍ അഞ്ച് കിലോമീറ്റര്‍ അകലെയുളള കുരിശുമല, എട്ടാം ബ്ലോക്കിലെ ആദിവാസി ഗുഹ, നിലമ്പൂര്‍ റോഡിലെ എസ് വളവ്, സൂര്യാസ്തമയങ്ങള്‍. ദൃശ്യവിരുന്നുകളുടെ പട്ടിക നീളുന്നു.
ജനകീയ ടൂറിസം ഭൂപടത്തില്‍ ഇടംതേടി പൂവാറന്‍തോട്
കാര്‍ഷിക സമ്പദ്സമൃദ്ധികൊണ്ടും പ്രകൃതി മനോഹാരിതകൊണ്ടും ജനകീയ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് പൂവാറന്‍തോട്. കോടമഞ്ഞും പുല്‍മേടുകളും പശ്ചിമഘട്ട മലനിരകളുമെല്ലാം വയനാട് യാത്രയുടെ പ്രതീതി ജനിപ്പിക്കുന്നു.
ഇക്കോ ടൂറിസത്തിന്റെയും ഫാം ടൂറിസത്തിന്റെയും ഈറ്റില്ലമാണിവിടം. പൂവാറന്‍തോടിന്റെ താഴ് വാരത്തിലുളള ഉറുമി വെളളച്ചാട്ടമാണ് പ്രധാന ആകര്‍ഷണം. പുഴ വരളാന്‍ തുടങ്ങിയതോടെ വെളളച്ചാട്ടം നിലച്ചെങ്കിലും സഞ്ചാരികളുടെ തിരക്ക് കൂടിവരികയാണ്.
തണുത്ത അന്തരീക്ഷം തന്നെ കാരണം. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്ത് അധീനതയിലാണ് ഈ പ്രദേശം. പൂവാറന്തോടിലേക്ക് വരുന്ന വഴിയിലെ ആദ്യ കാഴ്ചയാണ് ഉറുമി ഡാം. ഡാമിനോടു ചേര്‍ന്നാണ് കൊച്ചുകൊച്ചു വെളളച്ചാട്ടങ്ങള്‍. മേടപ്പാറ, ഉടുമ്പ്പാറ എന്നിവ പ്രകൃതിയുടെ ദൃശ്യവിരുന്നൊരുക്കുന്നു.
പച്ചപുതച്ചുകിടക്കുന്ന കൂറ്റന്‍ മലനിരകള്‍, ഉരുളന്‍ പാറക്കെട്ടുകളിലൂടെ നുരഞ്ഞുപതഞ്ഞു വരുന്ന കാട്ടുചോല, ശില്പഭംഗിയാര്ന്ന പാറക്കെട്ടുകള്‍ തുടങ്ങി തണുപ്പും ഇളംകാറ്റുമൊക്കെ സഞ്ചാരികളെ മനം കവരും.
ആഴം തിട്ടപ്പെടുത്താന്‍ കഴിയാത്ത കിണര്‍ ആകൃതിയില്‍ വന്‍ കയങ്ങളുണ്ടിവിടെ. ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ ജാതി കൃഷിയുള്ള പ്രദേശമാണിത്. വനിത സൗഹൃദ ഹോം സ്റ്റേ സൗകര്യമുള്‍പ്പെടെ ഒട്ടേറെ റിസോര്‍ട്ടുകളാണ് ഇവിടെ സഞ്ചാരികള്ക്കായുളളത്.
അരിപ്പാറ വെളളച്ചാട്ടം
വേനല്‍ കാഠിന്യത്താല്‍ ഇരുവഴിഞ്ഞുപ്പുഴയില് ജലവിതാനം കുത്തനെ കുറഞ്ഞതിനാല്‍ അരിപ്പാറ വെളളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇത് കാരണം സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ട്. ചാലിയാറിന്റെ പോഷക നദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ വരദാനമാണ് അരിപ്പാറ വെള്ളച്ചാട്ടം.
വെളളരിമലയുടെ നെറുകയില്നിന്നുത്ഭവിക്കുന്ന പുഴയുടെ ആനക്കാംപൊയില്‍ ഭാഗത്താണ് അപൂര്‍വദൃശ്യവിരുന്ന്. ഭീമന് പാറക്കെട്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന ജലദൃശ്യം സഞ്ചാരികളുടെ മനം കവരുന്നു.
സമൃദ്ധമായ കാടുകള്‍ക്കും തോട്ടങ്ങള്‍ക്കുമിടയിലൂടെ പതഞ്ഞൊഴുകി വരുന്ന പുഴയാണ് മനോഹര വെളളച്ചാട്ടം സൃഷ്ടിക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ കുറുകെയുളള തൂക്കുപാലത്തില്‍ കയറി വെളളച്ചാട്ടം ദര്‍ശിക്കാം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അധീനതയിലുളള വിനോദ സഞ്ചാര കേന്ദ്രമാണിത്. തിരുവമ്പാടിയില്‍നിന്നു 11 കിലോമീറ്റര്‍ അകലെയാണിത്. സ്ഥിരം അപകടമേഖലയായതിനാല്‍ സഞ്ചാരികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഉള്‍വനങ്ങളിലുണ്ടാകുന്ന മഴയില്‍ അപ്രതീക്ഷിതമായെത്തുന്ന മലവെളളപ്പാച്ചില്‍ ഇതിനകം ഒട്ടേറെ ജീവനുകളാണ് അപഹരിച്ചത്. ഒട്ടേറെ മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പതങ്കയം വെളളച്ചാട്ടം സമീപമാണ്.
തുഷാരഗിരി വെളളച്ചാട്ടം
കോടഞ്ചേരി തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. കടുത്തവേനലില്‍ ചാലിപ്പുഴ വരളാന്‍ തുടങ്ങിയതോടെ അഞ്ച് വെളളച്ചാട്ടങ്ങളിലും ശക്തി കുറഞ്ഞതാണ് കാരണം.
അതേസമയം ചൂടില്‍നിന്നു രക്ഷതേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. സാഹസികപ്രിയരായിട്ടുളളവരുടെ ഇഷ്ട ട്രക്കിംഗ് സെന്ററാണ് നിബിഡ വനത്തിനുളളിലെ ഹണി റോക്ക്.
ചാലിപ്പുഴയിലെ പത്താംകയം, പുലിക്കയം കയാക്കിംഗ് സെന്റര്‍ എന്നിവ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. വനത്തിനുളളിലെ മഴവില്‍ വെളളച്ചാട്ടം, തുമ്പിതുളളുംപാറ വെളളച്ചാട്ടം എന്നിവ സന്ദര്‍ശിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പ്രവേശനം. തുഷാരഗിരി തോണിക്കയം ട്രക്കിംഗ് ആണ് പ്രധാന ആകര്‍ഷണം. തോണിക്കയം ട്രക്കിംഗിന് അഞ്ച് പേരുളള ഒരു ഗ്രൂപ്പിന് 1,450 രൂപയാണ് നിരക്ക്. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ട്.
ആവശ്യത്തിന് ലൈഫ് ഗാര്‍ഡുകളും ഫസ്റ്റ് എയ്ഡ് ബോക്സുകളും ലൈഫ് ജാക്കറ്റുകളും ഉള്‍പ്പെടെ സര്‍വ സുരക്ഷാ സന്നാഹങ്ങളുമുളള ടൂറിസ്റ്റ് കേന്ദ്രമാണിത്.
ഓര്‍ക്കുക അപകടം പതിയിരിക്കുന്നു
അപകടങ്ങള്‍ എറെ പതിയിരിക്കുന്നവയാണു മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ. വെളളച്ചാട്ട കേന്ദ്രങ്ങള്‍തന്നെ ഒന്നാമത്തേത്. അരിപ്പാറയില്‍ മാത്രം ഇതിനകം 25 ലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വഴുവഴുപ്പുളള പാറക്കൂട്ടങ്ങളും അപ്രതീക്ഷിതമായെത്തുന്ന മലവെളളപ്പാച്ചിലുമാണ് പ്രധാന വില്ലൻ. കക്കാടംപൊയില്‍, പൂവാറന്‍തോട് പ്രദേശങ്ങള്‍ ചുരം കണക്കെയുളള ചെരിവുകളും വളവുകളുമുളള മേഖലയാണ്.
ഇവിടങ്ങളിലെ കൊക്കകള്‍ അപകടക്കെണികളാണ്. ഒട്ടേറെ വാഹന അപകടങ്ങളാണ് അടുത്തിടെയുണ്ടായത്.
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല:
തിരുവനന്തപുരം
കാഴ്ച:
പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം, എന്നാൽ നഗരത്തിരക്കുകളില്ല. ശ്രദ്ധ നേടുകയാണ് മടവൂര്‍ പാറ ടൂറിസ്റ്റ് കേന്ദ്രം.
ശ്രീകാര്യം ചെങ്കോട്ടുകോണം റൂട്ടിലാണ് ഈ മടവൂർ പാറ. അറബിക്കടലിന്റെ വിദൂര ദൃശ്യങ്ങള്‍ കാണാനും പട്ടണക്കാഴ്ച അകലെ നിന്നാസ്വദിക്കാനും പറ്റിയ ഇടം.
മുളപ്പാലം:
ചരിഞ്ഞു കിടക്കുന്ന പാറയിലൂടെ മുകളിലേക്കു കയറിയാല്‍ മുളകൊണ്ട് നിര്‍മിച്ച ബാംബൂ ബ്രിഡ്ജ്. സമീപത്തുതന്നെ വിശ്രമത്തിന് മുളംകുടിലുകള്‍.
മടവൂര്‍ പാറയുടെ പ്രവേശനകവാടം വരെ കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനവുമെത്തും. ബസിൽ വരുന്നവർക്കും നടന്നു കയറാനുള്ള ദൂരം മാത്രം. പുരാവസ്തുവകുപ്പിനു കീഴിലുള്ള പ്രാചീന ഗുഹാക്ഷേത്രവും ഇവിടെ കാണാം.
മുകളിൽ: പാറയ്ക്കു മുകളിൽ നിരപ്പായ സ്ഥലത്തും മുളംകുടിലുകളുണ്ട്. കുളിര്‍മ പകരുന്ന ചെറുകാറ്റ് എപ്പോഴുമുണ്ടാകും. ആകാശക്കാഴ്ചകളും സൂര്യാസ്തമയവും കാണാം.
രാവിലെയും വൈകുന്നേരവുമാണ് ഉചിതമായ സമയം. കുട്ടികളുടെ ചെറിയ പാര്‍ക്കും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും മടവൂര്‍ പാറയുടെ മുകളിലുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 300 അടിയാണ് ഉയരം.
ഒന്‍പതാം നൂറ്റാണ്ടില്‍ പാറയില്‍ വെട്ടിയെടുത്ത ഗുഹാക്ഷേത്രത്തിൽ പ്രാചീന മലയാള ലിപിയായ വട്ടെഴുത്ത് ലിഖിതങ്ങളുള്ള തൂണുണ്ട്. 100 മീറ്റര്‍ നീളമുള്ള മുളപ്പാലത്തിലൂടെയുള്ള യാത്ര രസകരം.
പാറയുടെ മുകളിലുള്ള മുളങ്കാടുകള്‍, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളുടെ വിശാലദൃശ്യം എന്നിവയും ശാന്തസുന്ദരമായ ഈ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല:
കണ്ണൂർ
കാഴ്ച:
കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട:
കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്ചലോസ് ഫോർട്ട് എന്ന കണ്ണൂർ കോട്ട. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ നിർമിത കോട്ട. ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ്കോ ഡി അല്‍മേഡ 1505ലാണ് ഈ ചെങ്കല്‍ വിസ്മയം നിര്‍മിച്ചത്.
ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍നിന്ന് 1663ല്‍ കോട്ട പിടിച്ചടക്കി. അറയ്ക്കല്‍ രാജ്യത്തെ അലി രാജയ്ക്കു വിറ്റു. 1790ല്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചു. ഇതു മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി. കോട്ടയ്ക്കുള്ളില്‍ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കാഴ്ചകൾ:
കടൽ തീരത്തെ പാറയ്ക്കു മുകളിൽ ത്രികോണആകൃതിയില് നിർമാണം. തെക്കുപടിഞ്ഞാറ് ഭാഗത്തേക്കു നോക്കിയാൽ മാപ്പിള ബേ എന്നറിയപ്പെടുന്ന മത്സ്യബന്ധന തുറമുഖം കാണാം. അറബിക്കടലിലേക്ക് നോക്കി നില്ക്കുന്ന പീരങ്കികൾ പ്രധാന ആകർഷണം.
കോട്ടയുടെ നിര്‍മിതിയുടെ പിന്നില്‍ വാസ്കോഡ ഗാമ ആണെന്ന വാദവും നിലവിലുണ്ട്. കോട്ടയ്ക്കകത്തെ നെടുനീളന്‍ കുതിരലായം ആരെയും ആകർഷിക്കും.
പ്രവേശനം:
രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവേശനം. പ്രവേശന ഫീസ് 35 രൂപ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ എത്തുന്നവർക്ക് ഓട്ടോ മാർഗം കോട്ടയിലെത്താം. സ്വന്തം വാഹനത്തിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്. ടൂറിസം പോലീസ് സേവനവും ലഭ്യമാണ്.
അനുമോൾ ജോയ്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം:
തമിഴ്നാട്,
ജില്ല:
കോയന്പത്തൂർ,
കാഴ്ച:
വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്ന വിശാലമായ വെള്ളച്ചാട്ടം. പാറകളുടെ തിട്ടകളില് തട്ടിച്ചിതറി തെളിഞ്ഞ വെയിലില്‍ വെള്ളിച്ചില്ലു വിതറി തുള്ളിയൊഴുകുന്ന വെള്ളച്ചാട്ടം. ഇവിടെ ചാടിക്കളിച്ച്, നീന്തിത്തുടിച്ച് കുളിരിന്റെ ഉത്സവമേളം തീര്‍ക്കാം.
സഞ്ചാരികള്‍ക്ക് എന്നും പ്രിയതരമാണ് കോയന്പത്തൂരിലെ കോവൈ കുറ്റാലം വെള്ളച്ചാട്ടം. പൂര്‍ണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലുളള പ്രദേശമാണെങ്കിലും ഉല്ലാസത്തിനു കുറവൊന്നും വരില്ല.
ചെക്പോസ്റ്റില്‍നിന്നു രാവിലെ പത്തിനുശേഷം മാത്രമേ വെള്ളച്ചാട്ടത്തിന് അടുത്തേക്കു സന്ദര്‍ശകരെ കടത്തിവിടുകയുള്ളൂ.
ശ്രദ്ധിക്കേണ്ടത്
വനംവകുപ്പിന്റെ വാഹനത്തിലാണ് സവാരി. ആനയും കരടിയും വാനന്മാരുമുള്ള കൊടുംകാട്ടിലെ ടാറിട്ട പാതയിലൂടെയാണ് യാത്ര. വാഹനം നിര്‍ത്തി വെള്ളച്ചാട്ടത്തിലേക്കു കുറച്ചുദൂരം നടക്കണം.
വെള്ളച്ചാട്ടത്തില്‍ നീന്തിത്തുടിക്കുന്നതിനിടെ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാകും. വഴുക്കുള്ള പാറയില്‍ കയറരുതെന്നും പാറപ്പുറത്തുനിന്നു ചാടരുതെന്നും മൈക്കിലൂടെ മുന്നറിയിപ്പ് വിളിച്ചുപറയുന്നുണ്ടാകും.
വലിയ സുരക്ഷയോടെയാണ് ഈ ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അമിതാവേശമില്ലാതെ സഹകരിച്ചാല്‍ ഓരോ ടൂറിസ്റ്റും മടങ്ങുക അതീവ സന്തോഷത്തോടെയായിരിക്കുമെന്ന് ഉറപ്പാണ്.
പ്രകൃതി നിരീക്ഷണത്തിനൊപ്പം കുളിര്‍മ നിറഞ്ഞൊരു കുളിയും പാസാക്കി കുറ്റാലം യാത്ര സുഖകരമാക്കാം.
വഴി
കോയമ്പത്തൂര്‍ ടൗണില്‍നിന്നു പേരൂര്‍ ശിരുവാണി റോഡില്‍ 35 കിലോമീറ്റര്‍ ദൂരം. സന്ദര്‍ശന സമയം രാവിലെ പത്തു മുതല്‍ വൈകുന്നേരം മൂന്നു വരെ.
പ്രവേശനത്തിനു ടിക്കറ്റ് നിര്‍ബന്ധം. സന്ദര്‍ശകരുടെ വാഹനം ചെക്പോസ്റ്റിനടുത്തു പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിടണം. വെള്ളച്ചാട്ടത്തിനടുത്തേക്കു വനംവകുപ്പിന്റെ വാഹനത്തിൽ സവാരി.
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയുടെ മുകളില്‍നിന്നു പതഞ്ഞ് വെള്ളം വീഴുന്ന കാഴ്ച അതീവഹൃദ്യം.
ജില്ല: കോട്ടയം
സ്ഥലം: പൂഞ്ഞാർ പാതാന്പുഴ
കാഴ്ച: വെള്ളച്ചാട്ടം
കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പാതാമ്പുഴയിലാണ് അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം. മുതുകോരമലയുടെ താഴ്വാരകുന്നുകള്, വലിയവീടന്‍മല, കുഴുമ്പള്ളി, ഈന്തുംപള്ളി, തകിടി എന്നിവിടങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന ചെറു അരുവികള്‍ ഒന്നിച്ചു കൂറ്റന്‍ പാറയുടെ മുകളില്‍നിന്നു താഴേക്കു പതിക്കുന്നതാണ് അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം. അടുത്ത കാലത്താണ് ഇവിടം ജനശ്രദ്ധ നേടിത്തുടങ്ങിയത്.
പ്രത്യേകത: അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയുടെ മുകളില്‍നിന്നു പതഞ്ഞ് വെള്ളം വീഴുന്ന കാഴ്ച അതീവഹൃദ്യം.
വെള്ളം പതിക്കുന്ന ചെറിയ കുഴിയില്‍ മണലാണ്. കുട്ടികള്‍ക്കു വരെ ഇറങ്ങി കുളിക്കാം. ചെറിയ പാറക്കെട്ടുകളിലൂടെ പാതാമ്പുഴ തോട്ടിലെത്തുന്ന വെള്ളം പൂഞ്ഞാറിലെത്തി മീനച്ചിലാറ്റില്‍ ചേരുന്നു.
ശ്രദ്ധിക്കേണ്ടത്: ചാറ്റല്‍ മഴയും കോടമഞ്ഞും അരുവിക്കച്ചാലിന്റെ പ്രത്യേകത. സുരക്ഷിത വെള്ളച്ചാട്ടമെങ്കിലും പാറക്കെട്ടുകളിലെ വഴുവഴുക്കലും തെന്നലും ശ്രദ്ധിക്കണം. മഴയുടെ ശക്തി കുറയുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കുറയും.
പൂഞ്ഞാര്‍ ടൂറിസം സെലക്ടീവില് ഉള്‍പ്പെട്ട അരുവിക്കച്ചാലിലെ പ്രവേശന കവാടത്തില്‍ നാട്ടുപച്ച എന്ന പേരില്‍ പൂഞ്ഞാര്‍ ഭൂമിയുടെ കടയുണ്ട്. വെള്ളച്ചാട്ടവും ആസ്വദിച്ചു കുളിയും കഴിഞ്ഞു തിരിച്ചെത്തിയാല്‍ ചെണ്ടന്‍കപ്പയും മുളകു ചമ്മന്തിയും കഴിക്കാം. പഴംപൊരി, മുളകുബജി, മുട്ടബജി, നാടന്‍ അരിയുണ്ട, കൊഴുക്കട്ട തുടങ്ങിയ തനിനാടന്‍ വിഭവങ്ങളും ചൂടു കാപ്പിയും ലഭ്യം.
വഴി: ഈരാറ്റുപേട്ടയില്‍നിന്നു പൂഞ്ഞാര്‍ വഴി പാതമ്പുഴ ജംഗ്ഷനു മുമ്പായി ഇടത്തേക്ക് തിരിഞ്ഞു രണ്ടു കിലോമീറ്റര്‍ കോണ്‍ക്രീറ്റ് റോഡുവഴി അരുവിക്കച്ചാല്‍ ടോപ്പിലെത്താം. ഇവിടെനിന്നു 200 മീറ്റര്‍ കാല്‍നടയായി വെള്ളച്ചാട്ടത്തിനു സമീപമെത്താം.
മുണ്ടക്കയത്തുനിന്നു പറത്താനം, ചോലത്തടം വഴിയും പാതാമ്പുഴയിലെത്താം. ഈരാറ്റുപേട്ടയില്‍നിന്നും മുണ്ടക്കയത്തുനിന്നും 16 കിലോമീറ്റർ ദൂരം.
ചിത്രം: അനൂപ് ടോം
ചുണ്ണാന്പുകല്ലിൽ തീർത്ത സൂര്യക്ഷേത്രം
ലോകത്തെ ഒട്ടുമിക്ക പ്രാചീന സംസ്കാരങ്ങളിലും സൂര്യനെ ദേവനായി കണ്ട് ആരാധിച്ചു പോരുന്ന രീതിയുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ ഇപ്പോഴുമുള്ള സൂര്യക്ഷേത്രങ്ങള്‍ ഇതിലേക്കു വിരൽ ചൂണ്ടുന്നു.
ഒഡീഷയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രമാണ് ഇന്ത്യയിലുള്ളവയില്‍ ഏറ്റവും പ്രശസ്തം. എന്നാല്‍, വിസ്മൃതിയിലാണ്ടു പോയതും കൊണാര്ക്കിലേതിനേക്കാൾ പഴക്കമേറിയതുമായ ഒരു സൂര്യക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ നമുക്ക് ജമ്മു കാഷ്മീരില്‍ ചെന്നാല്‍ കാണാം.
കാഷ്മീര്‍ താഴ്വരയിലെ അനന്തനാഗില്‍ സ്ഥിതി ചെയ്യുന്ന മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം കാര്കോട്ട രാജവംശത്തിലെ ലളിതാദിത്യ മുഖ്താപിദ എന്ന രാജാവ് എട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണെന്നു കരുതുന്നു.
എന്നാല്‍, ബിസി 3007ല്‍ പാണ്ഡവ രാജവംശത്തില്‍പ്പെട്ട രാജാ രാംദേവാണ് ഈ ക്ഷേത്രത്തിന്റെ ആദ്യരൂപം നിര്‍മിച്ചതെന്നും വാദമുണ്ട്. നിരവധി രാജാക്കന്മാര് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയെന്നും എട്ടാം നൂറ്റാണ്ടില്‍ ലളിതാദിത്യയാണ് ക്ഷേത്രനിര്‍മാണം പൂര്‍ത്തീകരിച്ചതെന്നുമാണ് പറയപ്പെടുന്നത്.
മൂന്നു കവാടങ്ങൾ
കാഷ്മീരി വാസ്തുകലയുടെ ഉദാത്ത ഉദാഹരണമായാണ് ഈ ക്ഷേത്രം വിലയിരുത്തപ്പെടുന്നത്. കൂടാതെ ഗാന്ധാര, ഗുപ്ത, ചൈനീസ് വാസ്തുകലകളുടെ സ്വാധീനവും ഇവിടെ കാണാം. തൂണുകളാല്‍ ചുറ്റപ്പെട്ട വിശാലമായ നടുമുറ്റമാണ് ക്ഷേത്രത്തിനുള്ളത്. 220 അടി നീളം, 142 അടി വീതി. ക്ഷേത്രമുറ്റത്തിന്റെ മധ്യഭാഗത്തു പ്രധാന പ്രതിഷ്ഠ. ഇതിനൊപ്പം 84 ഉപപ്രതിഷ്ഠകളും ഇവിടെ ഉണ്ടായിരുന്നു.
ഇഹലോകത്തെയും പരലോകത്തെയും പാതാളലോകത്തെയും പ്രതിനിധാനം ചെയ്യുന്ന മൂന്നു കവാടങ്ങള്‍ ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വാസ്തുവിദ്യാ പ്രകാരമുള്ള കണക്കുകളുടെ കണിശതയും ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നു.
ചുണ്ണാന്പുകല്ല്
ചാരനിറത്തിലുള്ള ചുണ്ണാമ്പു കല്ലുകളാണ് ക്ഷേത്രനിര്‍മാണത്തിനു പ്രധാനമായി ഉപയോഗിച്ചിരുന്നത്. ബൈസന്റൈന്‍ വാസ്തുകലാ വിദഗ്ധരെ എത്തിച്ചാണ് ക്ഷേത്രനിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും കരുതപ്പെടുന്നു.
എന്നാല്‍, ഭാരതത്തിലുണ്ടായ ഇസ്ലാമിക അധിനിവേശം മാര്‍ത്താണ്ഡ് ക്ഷേത്രത്തിനും വിനയായി. സിക്കന്ദര്‍ ഷാ മിരി(13891413) എന്ന ഭരണാധികാരി 15ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ക്ഷേത്രം തകര്‍ത്തു കളയുകയായിരുന്നു.
ഇന്ന് ആകെ നാമാവിശേഷമായ അവസ്ഥയിലാണ് ക്ഷേത്രം. ഇന്ത്യയിലെ പുരാവസ്തു കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം വിലയിരുത്തപ്പെടുന്നത്. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് പ്രദേശം.
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ. പാലക്കയംതട്ടും പൈതൽമലയും വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കുകയാണ്.
ഏഴരക്കുണ്ട് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവർക്ക് കണ്ണിനും മനസിനും ഒരേ പോലെ കുളിർമയും ലഭിക്കുന്നു. തണലും ശാന്തതയും അനുഭവിച്ചറിയാനാണ് സായാഹ്നങ്ങളിൽ ആളുകൾ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
സമുദ്രനിരപ്പിൽ നിന്നും 3,500 അടി ഉയരത്തിലാണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് നടക്കാൻ മടിക്കുന്നവരെ ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും തണുത്ത കാറ്റും തീർച്ചയായും മലയിലേക്ക് എത്തിക്കും. കണ്ണൂരിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയംതട്ടിലെത്താം.തണുപ്പും സൗന്ദര്യവും വയനാടിനും മൂന്നാറിനും മാത്രം അവകാശപ്പെട്ടതല്ലന്ന് പാലക്കയംതട്ട് ഓർമപ്പെടുത്തുന്നു.
വിസ്തൃതമായ പുൽമേടും നിരന്ന കരിങ്കൽപാറയും കൊണ്ട് സമ്പന്നമായ പൈതൽമലയിലെ കാഴ്ചയും ഇതിന്റെ കൂടെ ചേർത്തു വയ്ക്കേണ്ടതാണ്. നേർത്ത മഴനൂലുപോലെ കണ്ണൂരിലെ ചെറുപട്ടണങ്ങളും വനപ്രദേശങ്ങളും പൈതൽമലയിൽ നിന്നും സഞ്ചാരികൾക്ക് കാണാൻ കഴിയും.
മനുഷ്യൻ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതൽമലയിലെ പ്രധാന ആകർഷണം. ജൈവ ഔഷധ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിലാണ് പൈതൽ മല. മുകളിൽ സഞ്ചാരികൾക്ക് വേണ്ടി ഒരു നിരീക്ഷണ ഗോപുരവും സ്ഥിതി ചെയുന്നുണ്ട്.
ഒരിറ്റുവെയിൽ പോലും ദേഹത്ത് പതിപ്പിക്കാതെ നമ്മെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ തണുത്തുറഞ്ഞ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയംതട്ടിന് അടുത്ത് താഴെയായി സ്ഥിതി ചെയ്യുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടവും. പാറക്കെട്ടുകളെ തഴുകി 50 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളത്തിന്റെ ചുവട്ടിലിരുന്നു ശരീരത്തെ മസാജ് ചെയ്യാൻ ഒരു പ്രത്യേക സുഖമാണ്.
കാരക്കുണ്ട് പറവൂർ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹമാണ്. ആർത്തലച്ചുവരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി നുകർന്നുകൊണ്ടുള്ള സൗന്ദര്യം ഏതൊരു സഞ്ചാരിയുടെയും മനംകവരും.
മഴക്കാലത്ത് ഇവിടെ വരുന്ന യാത്രികരുടെ അനുഭൂതി വേറെ തന്നെയാണ്. വേനലിൽ ഇവിടുത്തെ വെള്ളത്തിന്റെ ശക്തി കുറയുമെങ്കിലും കാലവർഷം ശക്തമാകുന്നതോടുകൂടിയാണ് പ്രവാഹം പതിന്മടങ്ങ് വർദ്ധിക്കുന്നത്. കഴിഞ്ഞ വർഷത്തെ കടുത്ത വേനലിൽ മാത്രമാണ് ഒരാഴ്ചക്കാലം ഇവിടെ വെള്ളം നിലച്ചത്.
മഴക്കാലത്ത് പറവൂർ വെള്ളച്ചാട്ടം സന്ദർശിക്കാൻ വരുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുലർച്ചെ ആറ് മുതൽ സന്ധ്യയാകുന്നത് വരെ ഇവിടെ സഞ്ചാരികൾ എത്തുകയും ചെയ്യുന്നു.
നിറഞ്ഞു കവിഞ്ഞ് രൗദ്രഭാവത്തിൽ കരിമ്പാറ കൂട്ടങ്ങളെ തഴുകി വെള്ളം താഴേക്ക് പതിക്കുമ്പോൾ വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയ മലയോരത്തെ വലിയ ഒരു വെള്ളച്ചാട്ടമാണിത്.
തളിപ്പറമ്പ് ചിറവക്കിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പിലാത്തറയിൽ നിന്നും മാതമംഗലം പെരുമ്പടവ് എടക്കോം എന്നിവിടങ്ങളിൽ നിന്നും ചുരുങ്ങിയ ദൂരം മാത്രമേ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. ഈ പ്രദേശം പഞ്ചായത്ത് ഏറ്റെടുത്ത് വികസിപ്പിച്ചാൽ വിനോദസഞ്ചാര സാധ്യതകൾ ഏറെയാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ആശയറ്റവർ അൻപതാം നാളിൽ മുടി മുറിച്ചു
Kerala
2
വഖഫ് നിയമ ഭേദഗതി: എംപിമാരുടെ പിന്തുണ തേടി സിബിസിഐ
National
3
മ്യാൻമറിൽ മരണം 2000 പിന്നിട്ടു
International
4
നവതി നിറവില്‍ ആര്‍ബിഐ
Business
5
മുംബൈ ഇന്ത്യന്‍സിനു മിന്നും ജയം
Sports
ADVERTISEMENT
LATEST NEWS
ഉദ്ദേശശുദ്ധിയിൽ സംശയം; എമ്പുരാൻ പ്രദർശനം തടയണമെന്ന ഹർജി തള്ളി
ചര്‍ച്ച ക്രിയാത്മകം; ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് പരിഗണനയിൽ: ജെ.പി.നദ്ദ
ഗുജറാത്തിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം; 17 പേര് മരിച്ചു
ഷഹബാസ് കൊലപാതകക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
എന്പുരാൻ വിവാദം: ലോക്സഭയിലും ചർച്ചയില്ല; എംപിമാർ നൽകിയ നോട്ടീസ് തള്ളി
ADVERTISEMENT
ADVERTISEMENT