പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണും നട്ട് ഒരു കന്യാസ്ത്രീ. പാടം കാണാൻ എത്തിയതാണോയെന്ന് ചോദിക്കാനാണ് അടുത്തേക്കു ചെന്നത്. പാടം കാണാൻ വന്നതല്ല, കൃഷി ചെയ്യാനും ചെയ്യിക്കാനും വന്നതാണെന്നു മറുപടി.
നെൽകൃഷി ചെയ്യാൻ വയോധികയായ ഈ സന്യാസിനിയോ? അല്പം അന്പരപ്പിൽ നിൽക്കുന്പോൾ, ആളെ അത്ര പിടികിട്ടിയിട്ടില്ലെന്നു തോന്നുന്നല്ലോ എന്ന മട്ടിൽ സമീപത്തെ കർഷകരുടെ പുഞ്ചിരി. എൺപത്തിയൊന്നാം വയസിന്റെ നിറവിലാണ് പാടത്തേക്കു കണ്ണുംനട്ട് ഈ കന്യാസ്ത്രീയമ്മ നിൽക്കുന്നത്. ഇതു സിസ്റ്റർ റിറ്റി വിത്തുവട്ടിക്കൽ എസ്എബിഎസ്, കാൽ നൂറ്റാണ്ടിലേറെയായി നെൽകൃഷി രംഗത്തെ വേറിട്ട സാന്നിധ്യം.
പലരും മുറികളിലൊതുങ്ങിക്കൂടി പിന്നിടുന്ന വിശ്രമകാലത്തും നെൽപ്പാടത്തു പൊന്നുവിളയിക്കുന്ന കർഷകയമ്മ.
ഈ കർഷകയമ്മയുടെ കഥ ആർക്കും ആവേശം പകരും. ടീച്ചറമ്മയുടെ ജോലി പൂർത്തിയാക്കിയാണ് സിസ്റ്റർ 55-ാം വയസിൽ വിരമിച്ച ശേഷം നെൽകൃഷിയിലേക്ക് ഇറങ്ങിയത്. എൽപി സ്കൂൾ പ്രഥമാധ്യാപികയായിട്ടാണ് വിരമിച്ചത്.
ഇപ്പോൾ നെൽകൃഷിയിൽ കാൽനൂറ്റാണ്ട് പിന്നിടുകയാണ് കുട്ടനാടിന്റെ കർഷകയമ്മ. ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിലെ കുട്ടനാട് മുട്ടാർ പത്താം പീയൂസ് മഠത്തിലെ അംഗമാണ് സിസ്റ്റർ.
കൈനടി എ.ജെ. ജോൺ മെമ്മോറിയൽ എൽ.പി.സ്കൂൾ പ്രഥമാധ്യാപികയായി 1998ൽ വിരമിക്കുമ്പോൾ പ്രാർഥനയും വായനയും മഠത്തിലെ ജോലികളുമായി സിസ്റ്റർ റിറ്റി ഇനിയുള്ള കാലം ചെലവഴിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ, ഇപ്പറഞ്ഞതിനൊപ്പം മറ്റൊരു വേഷംകൂടി എടുത്തണിഞ്ഞു, തനി കുട്ടനാടൻ നെൽകർഷക.
ആ പ്രളയവും കടന്ന്
കുട്ടനാട്ടിലെ പുളിങ്കുന്ന്- പുന്നക്കുന്നത്തുശേരി വിത്തുവട്ടിക്കൽ വീട്ടിൽ വി.സി. ഫിലിപ്പിന്റെയും മറിയാമ്മയുടെയും മകൾക്കു കൃഷി രക്തത്തിൽ അലിഞ്ഞതായിരുന്നു. പ്ലാന്ററായിരുന്ന പിതാവ്. കൈനടിയിൽ അധ്യാപിക ആയിരുന്നപ്പോഴും മഠത്തിന്റെ മൂന്ന് ഏക്കർ നിലം കൃഷി ചെയ്യാൻ നേതൃത്വം നൽകിയിരുന്നത് സിസ്റ്റർ റിറ്റി ആയിരുന്നു.
വിരമിച്ച് മുട്ടാറ്റിലെ മഠത്തിലേക്ക് എത്തുമ്പോൾ പതിനാറ് ഏക്കർ പുഞ്ചനിലവും അഞ്ച് ഏക്കറോളം പുരയിടവും നോക്കി നടത്താനുള്ള ഭാഗ്യമാണ് കാത്തിരുന്നത്. ഏതാനും മാസങ്ങൾ ഒഴിച്ചാൽ കഴിഞ്ഞ 26 വർഷവും സിസ്റ്റർ മുട്ടാർ മഠത്തിലായിരുന്നു. കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് മുട്ടാർ.
മണിമലയാറിന്റെ കുത്തൊഴുക്കിനെ അതിജീവിച്ചു കൃഷി ചെയ്യേണ്ട ഇടം. അമിതലാഭം കിട്ടിയില്ലെങ്കിലും ഇവിടെ ഒരിക്കൽപ്പോലും നെൽകൃഷി നഷ്ടം വന്നിട്ടില്ലെന്നാണ് സിസ്റ്ററിന്റെ സാക്ഷ്യം. 2018ലെ പ്രളയത്തിനു ശേഷം നടത്തിയ നെൽകൃഷിയുടെ ബംബർ വിളവ് അതിനു മുമ്പോ ശേഷമോ ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഓർമിക്കുന്നു.
നിലം ഒരുക്കുന്നതു മുതൽ വിളവെടുത്തു നെല്ല് തൂക്കി വണ്ടിയിൽ കയറ്റും വരെ കുമരംചിറ പാടത്തിന്റെ ചിറയിലും വരമ്പുകളിലും മഴയായാലും വെയിലായാലും സിസ്റ്റർ റിറ്റിയുടെ സാന്നിധ്യം ഉണ്ടാകുമെന്നു പറയുന്നത് സുപ്പീരിയറായ സിസ്റ്റർ മേരിലിറ്റ് കറുകപ്പറമ്പിൽ. കൈയും കാലും വേഷവുമൊക്കെ ചെളിപുരളില്ലേയെന്ന് ചോദിക്കുന്നവരോട് "വാർധക്യം വരെ ജോലി ചെയ്യുക' എന്ന പ്രഭാഷകവചനം മറുപടി നൽകും.
പാടത്തെ പടയോട്ടം
സ്വന്തമായി മോട്ടറും തറയുമുള്ള മുട്ടാർ കുമരംചിറ പാടശേഖരം കൃഷി ചെയ്തു വിളവെടുക്കുന്നത് ഇന്നും ഈ എൺപത്തൊന്നുകാരിയുടെ നേതൃത്വത്തിലാണ്. കൃഷിഭവനിലും പുഞ്ച സ്പെഷൽ ഓഫീസിലും പാഡി ഓഫിസിലും ഇലക്ട്രിസിറ്റി ഓഫീസിലും എന്നു വേണ്ട എവിടെ എത്തിയാലും ബഹുമാനത്തോടെയുള്ള ഇടപെടലാണ് കിട്ടിയിട്ടുള്ളതെന്നു സിസ്റ്റർ പറയുന്നു.
പല വർഷങ്ങളിലും മുട്ടാർ പഞ്ചായത്തിന്റെ മികച്ച കർഷകയ്ക്കുള്ള അവാർഡുകൾ സിസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. നെൽകൃഷിയിൽ മാത്രമല്ല ശ്രദ്ധ. ഏകദേശം അഞ്ചേക്കർ പുരയിടത്തിന്റെ പല ഭാഗത്തും വെണ്ട, പയർ, പാവൽ എന്നിവ കൃഷി ചെയ്യുന്നു. മണിമലയാർ കരകവിയുന്പോൾ കരകൃഷി വെള്ളം കയറി നശിക്കാറുണ്ട്. എന്നു കരുതി ഒരിക്കൽ പോലും പുരയിടം വെറുതേയിടില്ല. മനംകവരുന്ന ഒരു പൂന്തോട്ടവും ഇവിടെ കാണാം.
കൃഷിയാണോ അധ്യാപനമാണോ കൂടുതലിഷ്ടമെന്നു ചോദിച്ചാൽ സിസ്റ്റർ പറയും, രണ്ടും വളർത്തലാണ്. വേണ്ട പരിചരണവും വിത്തും വളവും നൽകിയുള്ള വളർത്തലാണ് വിദ്യാഭ്യാസവും കൃഷിയും. അതിന്റെ ഫലം തലമുറയുടെ വളർച്ചയും നാടിന്റെ ഭക്ഷ്യസുരക്ഷയുമാണ്. രണ്ടും ദൈവനിയോഗം. കർഷകർ നേരിടുന്ന വിവിധ ദുരിതങ്ങളിൽ വേദനിക്കുന്ന ഒരു മനസും ഈ കർഷകയമ്മയ്ക്കുണ്ട്.
ആന്റണി ആറിൽചിറ ചമ്പക്കുളം