1984 ഡിസംബർ 02 ഞായർ: ഞായറാഴ്ച ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഭോപ്പാലിലെ ജനങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു. കെട്ടുറപ്പുള്ള വീടുകളിലും ചെറ്റക്കുടിലുകളിലും കടവരാന്തകളിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും അവർ അന്തിയുറങ്ങാൻ കിടന്നു. ഡിസംബറിൽ ഭോപ്പാലിൽ നല്ല തണുപ്പ് തുടങ്ങിയിട്ടുണ്ടായിരുന്നു. അത് ഉറക്കത്തിന്റെ ആക്കം കൂട്ടി. ഒന്നുമറിയാതെ ആ രാത്രിയിൽ ഭോപ്പാൽ നഗരത്തിലും പ്രാന്തങ്ങളിലുമായി ഏതാണ്ട് ഒന്പതു ലക്ഷം ജനം വിശ്രമിക്കുന്നു.
ഫാക്ടറിയും ഇ610 ടാങ്കും
നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളുടെ അടുത്തായിട്ടായിരുന്നു യൂണിയൻ കാർബൈഡ് ഫാക്ടറി. രാത്രി 10.30ന് കീടനാശിനികൾ നിർമിക്കുന്നതിനുവേണ്ടി വാതകം ശേഖരിച്ചിരുന്ന ഫാക്ടറിയിലെ "ഇ610' ടാങ്കിൽ സമ്മർദമേറി. 42 ടൺ മീഥൈൻ ഐസോ സൈനേറ്റ് എന്ന വിഷവാതകമായിരുന്നു ഈ ടാങ്കിൽ ശേഖരിച്ചിരുന്നത്. സെവിൻ എന്ന കീടനാശിനിയുടെ നിർമാണത്തിനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. രാത്രി 11.30 ആയപ്പോഴേക്കും പ്ലാന്റിലെ ജോലിക്കാർക്കു കണ്ണിൽ നീറ്റൽ അനുഭവപ്പെട്ടു. വാതകച്ചോർച്ച ഉണ്ടായോ എന്ന പരിശോധനകൾ തുടങ്ങി. അപ്പോഴേക്കും ഇ610 ടാങ്കിന്റെ താപനില വളരെയധികം ഉയർന്ന് വിഷവാതകം പുറത്തേക്കു ബഹിർഗമിക്കാൻ തുടങ്ങി. അത് അതിവേഗം അന്തരീക്ഷത്തിലേക്ക് പടർന്നു. ഉറങ്ങിക്കിടന്ന ജനത്തിനു ശ്വാസതടസം, കണ്ണിനു നീറ്റൽ, തലകറക്കം എന്നിവ അനുഭവപ്പെട്ടു. ഉറങ്ങിക്കിടന്ന ആയിരക്കണക്കിനു മനുഷ്യർ എന്താണ് സംഭവിക്കുന്നതെന്നു മനസിലാകാതെ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്കോടി. എവിടെയും നിലവിളികളുടെ ശബ്ദം മാത്രം. ആർക്കും ഒന്നും പിടികിട്ടാത്ത അവസ്ഥ.
എങ്ങനെ രക്ഷിക്കും?
ഭോപ്പാലിൽ ഡിസംബർ മൂന്നിന്റെ ആദ്യ മണിക്കൂറുകളിൽ ആയിരക്കണക്കിനു മനുഷ്യർ മരിച്ചുവീണു. ആശുപത്രികൾ ജനങ്ങളെക്കൊണ്ടു നിറഞ്ഞു. ഇത്തരമൊരു ദുരന്തം ഇതിനു മുന്പ് നേരിട്ടിട്ടില്ലാത്തതിനാൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തണമെന്നുപോലും ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. വിഷവാതകം ശ്വസിച്ചു തളർന്നുവീഴുന്നവരെ രക്ഷിക്കാനുള്ള മരുന്നോ സംവിധാനങ്ങളോ ആശുപത്രികളിൽ ഇല്ലായിരുന്നു. നേരം പുലർന്നപ്പോൾ ലോകം അറിയുന്നത് എണ്ണായിരത്തിലധികം മനുഷ്യർ വിഷവാതക ദുരന്തംമൂലം അതിദാരുണമായി ഭോപ്പാലിൽ കൊല്ലപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് (ഔദ്യോഗിക കണക്ക് പ്രകാരം 3,789 പേരാണത്രേ മരിച്ചത്).
ഭീകരമായ വ്യാവസായിക ദുരന്തം
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമാണ് ഭോപ്പാലിലുണ്ടായത്. സംഭവത്തിൽ ആകെ 16,000നും 30,000നും ഇടയിൽ ആളുകൾ മരിച്ചെന്നാണ് കരുതുന്നത്. അഞ്ചു ലക്ഷത്തോളം പേരെ ഈ ദുരന്തം ബാധിച്ചു. അതിൽ രണ്ടു ലക്ഷത്തോളം പേർ നിത്യരോഗികളായി. ലക്ഷക്കണക്കിനു മൃഗങ്ങൾ ചത്തുവീണു. കാഴ്ചശക്തി നഷ്ടപ്പെട്ടവർ, ഗർഭം അലസൽ, ചാപിള്ളകളെ പ്രസവിക്കൽ, മസിലുകൾക്ക് ബലക്ഷയം, ഗ്യാസ്ട്രോ രോഗങ്ങൾ, തൊണ്ടയിലെ കാൻസർ ഇതെല്ലാമായിരുന്നു ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഈ ദുരന്തം സമ്മാനിച്ചത്. ഇപ്പോഴും ഭോപ്പാൽ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ ആയിരക്കണക്കിനാണ്. തലമുറകളിലേക്കു നീളുന്ന ജനിതക വൈകല്യങ്ങളുടെ കണക്ക് അതിഭീകരം.
യൂണിയൻ കാർബൈഡ്
അമേരിക്കയിൽ 1917ൽ സ്ഥാപിതമായ ബഹുരാഷ്ട്ര കന്പനിയാണിത്. ടെക്സസിലെ സീഡ്രിഫ്റ്റാണ് ആസ്ഥാനം. കീടനാശിനികളും മറ്റു രാസവസ്തുക്കളുമാണ് പ്രധാന നിർമാണം. 1969ലാണ് ഇന്ത്യയിൽ ഭോപ്പാലിലെ പ്ലാന്റ് സ്ഥാപിച്ചത്. 1976 മുതൽ പ്ലാന്റിലെ സുരക്ഷയെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. 1981ൽ മാധ്യമപ്രവർത്തകനായ രാജ്കുമാർ കേശവാനി പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. "ഭോപ്പാലിലെ ജനങ്ങളേ ഉണരൂ, നിങ്ങൾ അഗ്നിപർവതത്തിന്റെ അരികിലാണ്' എന്ന സന്ദേശം അദ്ദേഹം തന്റെ ലേഖനത്തിലൂടെ നൽകിയിരുന്നു. 1981ലും 1982ലും വിഷവാതകം ശ്വസിച്ച് നിരവധി തൊഴിലാളികൾ ചികിത്സ തേടിയിരുന്നു. ഒരു കെമിക്കൽ എൻജിനിയർക്ക് 1982ൽ 30 ശതമാനം പൊള്ളലേറ്റു. മറ്റൊരു സൂപ്പർവൈസർക്കും ഗുരുതരമായ വിധത്തിൽ പൊള്ളലേറ്റിരുന്നു.
1983ലും 1984ലും പ്ലാന്റിൽനിന്നു പലവിധ വിഷവാതകങ്ങളും ചോർന്നതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യതയോടെ പാലിച്ചിരുന്നില്ല. തുരുന്പിച്ച വാൽവുകളും ലൈനുകളും മോശമായ അവസ്ഥയിലാണ് ഉണ്ടായിരുന്നത്. പൈപ്പുകൾ വൃത്തിയാക്കാനുള്ള വെന്റ് ഗ്യാസ് സ്ക്രബ്ബറുകളും സ്റ്റീം ബോയിലറുകളും പ്രവർത്തനരഹിതമായിരുന്നു. മുൻകരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയുള്ള അനാസ്ഥമൂലം ക്ഷണിച്ചുവരുത്തിയ ദുരന്തമത്രേ ഇത്.
ഗുലാം ദസ്തഗീറിന്റെ ത്യാഗം
വളരെ തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ് ഭോപ്പാൽ. അനേകം തീവണ്ടികൾ ഇതിലേ കടന്നുപോകുന്നു. വിഷവാതക ചോർച്ചയുണ്ടായി എന്നു മനസിലാക്കിയ ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഗുലാം ദസ്തഗീർ ഉണർന്നു പ്രവർത്തിച്ചു. ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുന്നതിനു പകരം അദ്ദേഹം സ്റ്റേഷൻ ഓഫീസിലിരുന്ന് മറ്റു സ്റ്റേഷനുകളിലേക്കു വിവരം നൽകി അതതു സ്റ്റേഷനുകളിൽ ട്രെയിൻ പിടിച്ചിട്ടു. വിഷവാതക ചോർച്ച ആരംഭിച്ചപ്പോൾ ഭോപ്പാൽ സ്റ്റേഷനിലുണ്ടായിരുന്ന ഗോരഖ്പുർ - കാൺപുർ എക്സ്പ്രസ് ട്രെയിൻ സമയത്തിനു മുൻപേ ഭോപ്പാലിൽനിന്ന് അതിവേഗം സിഗ്നൽ നൽകി യാത്രയാക്കി. ആ ട്രെയിൻ തിങ്ങിനിറഞ്ഞു യാത്രക്കാരുണ്ടായിരുന്നു. വിഷവാതകം ശ്വസിച്ച് കാൻസർ ബാധിതനായി രോഗത്തോടു പൊരുതി ഗുലാം എന്ന മനുഷ്യസ്നേഹി 2003ൽ മരിച്ചു.
ഇന്നും പാർശ്വഫലങ്ങൾ
യൂണിയൻ കാർബൈഡ് കന്പനിയുമായി നീണ്ട നിയമവ്യവഹാരങ്ങളാണ് ഭാരത സർക്കാർ നടത്തിയത്. ലഭ്യമായ നഷ്ടപരിഹാരം, സംഭവിച്ച ദുരന്തത്തിന് ആനുപാതികമല്ലായെന്ന പരാതി ഇപ്പോഴുമുണ്ട്. നൂറ് ഏക്കർ സ്ഥലത്തു സ്ഥിതിചെയ്തിരുന്ന ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും ടൺ കണക്കിനു രാസവസ്തുക്കൾ അവിടെ കുഴിച്ചുമൂടിയതായി പരാതിയുണ്ട്. അതിൽനിന്നുള്ള അണുപ്രസരണം ഇപ്പോഴും സമീപപ്രദേശങ്ങളിലുണ്ട്. ഇപ്പോഴും അവിടെ കുന്നുകൂട്ടിയിട്ടിരിക്കുന്ന വസ്തുക്കളിൽ രാസമാലിന്യം വലിയ അളവിൽ ഉണ്ടത്രേ. പ്ലാന്റിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള പ്രദേശത്തെ ഭൂഗർഭ ജലം പോലും അനുവദനീയമായതിന്റെ 40 മടങ്ങ് വിഷാംശമുള്ളതാണെന്ന് തെളിയിക്കപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകയായ സുനിത നാരായണൻ നടത്തിയ പഠനങ്ങളിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഭോപ്പാൽ ദുരന്തത്തിന്റെ അതിഭയാനകമായ പാർശ്വഫലങ്ങൾ, 40 വർഷമായിട്ടും തുടരുകയാണ്. ഭോപ്പാലിലെ 36 മുനിസിപ്പൽ വാർഡുകളിലായി ആറു ലക്ഷം ജനങ്ങളെയായിരുന്നു ഈ ദുരന്തം ബാധിച്ചത്. 30 ചതുരശ്ര മൈലിൽ അന്തരീക്ഷത്തിലും ഭൂമിയിലും ജലാശയങ്ങളിലുമൊക്കെയായി വ്യാപിച്ച വിഷവാതകം തലമുറകളെ രോഗബാധിതരാക്കി.
അഡ്വ.ഫാ. ജോർജ് ചേന്നപ്പള്ളിൽ