പാടാനുള്ള പാട്ടു കേട്ടതും മൃദുല വാര്യർ ആകെ അന്പരന്നു. പാട്ടിലെന്പാടും സ്വരങ്ങളും ജതികളും. ആലാപനം വളരെ ക്ലേശകരം. സിനിമയിലെ ഏറ്റവും പ്രധാന ഗാനങ്ങളിലൊന്ന്. അതൊക്കെ ഓർത്തപ്പോൾ മൃദുല ആകെ ആശയക്കുഴപ്പത്തിലായി.
കുറെ നേരത്തെ ആലോചനകൾക്കൊടുവിൽ പിൻമാറാമെന്നു തന്നെ തീരുമാനിച്ചു. തനിക്ക് ഈ പാട്ട് പാടാൻ കഴിയില്ലെന്ന് സംഗീതസംവിധായകനോടു തുറന്നുപറയുകയും ചെയ്തു. എന്നാൽ, അദ്ദേഹം സമ്മതിച്ചില്ല. പാടാൻ കഴിയുമെന്നു പ്രോത്സാഹിപ്പിച്ചു.
നിരന്തരമായ പരിശ്രമത്തിനൊടുവിൽ "മയിൽപ്പീലിയിളകുന്ന കണ്ണാ...' എന്ന ഗാനം പാടിത്തീർത്തു. പാടിക്കഴിഞ്ഞും താൻ വേണ്ടത്ര പൂർണതയിൽ പാടിയിട്ടുണ്ടാകുമോയെന്ന ആശങ്ക ഉള്ളിലുണ്ടായിരുന്നു. എന്നാൽ, പാട്ട് പുറത്തുവന്നതും അഭിനന്ദനങ്ങൾ ഒഴുകിയെത്തി.
ഒടുവിൽ ഇരട്ടിമധുരം പകർന്ന് 2023ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും. അവിശ്വസനീയം എന്നാണ് മൃദുല വാര്യർ പ്രതികരണം. മൃദുലയുടെ വാക്കുകളിലൂടെ...
ഉപേക്ഷിച്ച ഗാനം!
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം, അതും സംസ്ഥാന പുരസ്കാരം. ഇതിന് ഇരട്ടി മധുരമുണ്ട്. ബംപറടിച്ചതുപോലെയുള്ള ഒരു സന്തോഷത്തിലാണ് ഞാനും കുടുംബാംഗങ്ങളുമെല്ലാം. പാടാനുള്ള ബുദ്ധിമുട്ട് മൂലം ആദ്യം വളരെ വിഷമത്തോടെ ഉപേക്ഷിക്കാൻ തീരുമാനമെടുത്ത ഗാനംതന്നെ അവാർഡ് നേടിത്തരിക എന്നു പറഞ്ഞാൽ എങ്ങനെ സന്തോഷിക്കാതിരിക്കും.
"പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്ക്കു വേണ്ടി റഫീഖ് അഹമ്മദ് സാർ എഴുതിയ വരികൾ. ക്ലാസിക്കൽ തലത്തിലുള്ള ആലാപനമാണ് ഈ ഗാനത്തിനു വേണ്ടത്. മൊത്തം സ്വരങ്ങളും ജതികളും. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും എം. ജയചന്ദ്രൻ സാർ അയച്ചുതന്ന ട്രാക്ക് പാടാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഈ ഗാനം എനിക്ക് ആലപിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തോടു തുറന്നുപറഞ്ഞു.
പക്ഷേ, ഈ പാട്ട് എനിക്കു പാടാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രചോദന, പരിശീലന സെഷനുകളാണ് പിന്നീടു നടന്നത്. മെല്ലെ, മെല്ലെ ആത്മവിശ്വാസം ഉള്ളിൽ എത്തിത്തുടങ്ങി. അതിനു ശേഷം വളരെ റിലാക്സ് ചെയ്താണ് റിക്കാർഡിംഗ് നടന്നത്.
ഫിലിം ഫെയർ അവാർഡും
സംസ്ഥാന പുരസ്കാരം പോലെ തന്നെ 2023ലെ ഫിലിം ഫെയർ അവാർഡും എന്നെ അദ്ഭുതപ്പെടുത്തി. ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴാണു വിവരം അറിഞ്ഞത്. അതേ ഗാനത്തിനുതന്നെയാണ് ഫിലിം ഫെയർ അവാർഡും ലഭിച്ചത്.
വ്യത്യസ്ത ജൂറികൾ ഒരേ ഗാനംതന്നെ മികച്ചതെന്നു വിലയിരുത്തിയതു കൂടുതൽ സന്തോഷം നൽകുന്നു. അംഗീകാരങ്ങൾ രണ്ടും അപ്രതീക്ഷിതം!
ഇഷ്ട ഗാനങ്ങൾക്കൊന്നും ലഭിച്ചില്ല
ജയചന്ദ്രൻ സാർ സംഗീതം നൽകിയ "മഴയേ, തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ...' എന്ന ഗാനമാണ് എന്റെ ഏറ്റവും നല്ല ഗാനമായി ശ്രോതാക്കൾ പലരും കരുതുന്നത്. പലരുമത് പാടി നടക്കുന്നതു കേൾക്കാം. എനിക്കും ഈ ഗാനം ഏറെ പ്രിയപ്പെട്ടതാണ്. ജയചന്ദ്രൻ സാറിന്റെ സംവിധാനത്തിൽ വേറെയും നിരവധി മികച്ച ഗാനങ്ങൾ പാടിയിട്ടുണ്ട്.
കൂടാതെ, ഇളയരാജ, ഔസേപ്പച്ചൻ, അൽഫോൺസ്, ഗോപീ സുന്ദർ, ബിജിപാൽ മുതലായവരുടെ കീഴിലും കുറേ പ്രസിദ്ധമായ ഗാനങ്ങൾ പാടി. "വിശുദ്ധൻ' എന്ന പടത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട "ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ...', "100 ഡേയ്സ് ഓഫ് ലവ്' എന്ന സിനിമയിലെ "ഹൃദയത്തിൻ നിറമായ് പ്രണയത്തിന് ദലമായ്...' മുതൽ കഴിഞ്ഞ കൊല്ലം ഇറങ്ങിയ "സുന്ദരി ഗാർഡൻസി'ലെ "മധുര ജീവരാഗം...' വരെയുള്ള ഒരുപാട് മനോഹര ഗാനങ്ങൾ! ഇവയൊന്നും അംഗീകരിക്കപ്പെടാതെ പോയപ്പോൾ അവാർഡ് മോഹങ്ങളൊക്കെ അകന്നുപോയിരുന്നു. അതുകൊണ്ടു കൂടിയാണ് ഈ അംഗീകാരം അദ്ഭുതപ്പെടുത്തിയത്.
ഒരു വാക്കു മിണ്ടാതെ
"ഒരു വാക്കു മിണ്ടാതെ ഒരു നോവായ് മായല്ലേ...' എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. ജോഫി തരകൻ എഴുതി, അൽഫോൺസ് സാർ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചത് 2007ൽ ഇറങ്ങിയ, മമ്മൂക്ക മുഖ്യ റോളിൽ അഭിനയിച്ച, "ബിഗ് ബി -- ദി ബോഡി ഗാർഡ്' എന്ന പടത്തിനു വേണ്ടിയാണ്. ആ വർഷംതന്നെ ഗിരീഷ് പുത്തഞ്ചേരി എഴുതി, വിദ്യാസാഗർ ഈണം പകർന്ന "ഓ മറിയാ...' എന്ന ഗാനവും ലഭിച്ചു.
കമൽ സാർ സംവിധാനം ചെയ്ത "ഗോൾ' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. പിന്നീട്, 2013ലാണ് ജയചന്ദ്രൻ സാറിന്റെ മികച്ച കമ്പോസിഷനുകളിലൊന്നായ "മഴയേ, തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ...' പാടിയത്. പടം "പട്ടം പോലെ'യോടൊപ്പം ഈ ഗാനവും പ്രശസ്തമായി. അങ്ങനെ ശ്രോതാക്കൾ എന്നെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. ഇതിനെത്തുടർന്നു കുറേ അവസരങ്ങൾ എന്നെത്തേടിയെത്തി.
"മിർച്ചി', "ഇതു പാതിരാ മണൽ', "ഏഴാം സൂര്യൻ', "ഇവൻ മേഘരൂപൻ' മുതലായവ. കോഴിക്കോട് KMCT-യിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ബിരുദ പഠനവും റിയാലിറ്റി ഷോകളും പിന്നണി ആലാപനങ്ങളും ഒരുമിച്ചു കൊണ്ടുപോയി.
ലാലീ ലാലീ...
ബ്ലെസി സംവിധാനം ചെയ്ത "കളിമണ്ണി'ൽ (2013) ജയചന്ദ്രൻ സാർ സംഗീതം നൽകിയ "ലാലീ ലാലീലേ, മലരൊളിയേ മന്ദാരമലരേ...' നേടിത്തന്ന പ്രശസ്തിയെക്കുറിച്ചു പറയാൻ വാക്കുകളില്ല. സ്റ്റേജ് പരിപാടികൾക്ക് എവിടെപ്പോയാലും സംഗീതപ്രേമികൾക്കും സംഘാടകർക്കും ഞാൻ ഈ പാട്ടു പാടണമെന്നു നിർബന്ധം.
ഇത്രയധികം പൊതുസ്വീകാര്യത എന്റെ മറ്റൊരു പാട്ടിനും ലഭിച്ചിട്ടില്ല. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ജയചന്ദ്രൻ സംഗീതം നൽകിയപ്പോൾ മാസ്മരികമായ ഒരു ഇമ്പമാണ് ഈ ഗാനത്തിനു വന്നുചേർന്നത്! പടത്തിലെ പാട്ടുരംഗവും പ്രേക്ഷകർക്ക് അവിസ്മരണീയം.
ഈ ഗാനം നേടിത്തന്ന സ്പെഷൽ ജൂറി അവാർഡും സംസ്ഥാന പുരസ്കാരമാണ്. സംസ്ഥാനതല അംഗീകാരങ്ങൾ രണ്ടും ജയചന്ദ്രൻ സാറിന്റെ സംഗീതത്തിലായതിനാൽ അദ്ദേഹത്തോടു കടപ്പാടുണ്ട്.
10 മില്യൺ വ്യൂസ്!
തമിഴ്, കന്നഡ, തെലുഗു മുതലായ ഭാഷകളിലും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. "പ്രേമം പൂജ്യം' എന്ന കന്നഡ പടത്തിനുവേണ്ടി രാഘവേന്ദ്ര സംഗീതം നൽകിയ "അമ്പാരി...' എന്നു തുടങ്ങുന്ന എന്റെ ഗാനം കർണാടകയിൽ 10 മില്യൺ കാഴ്ചക്കാർ പിന്നിട്ടു എന്നതും സന്തോഷം പകരുന്നു.
മുമ്പേ നടന്നവർ
ചിത്രച്ചേച്ചിയും സുജാതച്ചേച്ചിയും ജാനകിയമ്മയുമൊക്കെ എനിക്കു മുന്പേ ഉയരങ്ങൾ പിന്നിട്ടവരാണ്. അവരുമായി ഒരിക്കലും എന്നെ താരതമ്യം ചെയ്യില്ല. ജാനകിയമ്മയുടെ ഓരോ പാട്ടും എനിക്കൊരു പാഠമാണ്. അവർ നൽകുന്ന അസാമാന്യ ഫീൽ അദ്ഭുതപ്പെടുത്തും. ബാബുക്ക ചിട്ടപ്പെടുത്തിയ ജാനകിയമ്മയുടെ ചില പാട്ടുകൾ പുതിയ തലമുറയ്ക്കു വഴികാട്ടുന്നു.
അതുപോലെ, ഞാൻ ലതാജിയുടെ ഒരു വലിയ ആരാധികയാണ്. അവർ പാടിയ ഗാനങ്ങൾ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കും. അവരുടെ ടോണൽ മോഡുലേഷൻ, ഫീൽ കൊടുക്കുന്ന വിധം മുതലായവയൊക്കെ ഞാൻ സസൂക്ഷ്മം ശ്രദ്ധിക്കാറുണ്ട്. ഹിന്ദി പാട്ടുകൾ ഇഷ്ടപ്പെടുന്നവരാണ് ശ്രോതാക്കളെങ്കിൽ, ലതാജിയുടെ ഗാനങ്ങൾ പാടാറുണ്ട്.
കുടുംബ പശ്ചാത്തലം
പിതാവ് പി.വി. രാമൻകുട്ടി വാര്യർ, മാതാവ് എം.ടി. വിജയലക്ഷ്മി. കോഴിക്കോട് മാങ്കാവിനടുത്തുള്ള പൊക്കുന്ന് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇപ്പോൾ തൃശൂരിലെ പറവട്ടാനിയിൽ താമസിക്കുന്നു.
ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ് ഭർത്താവ് ഡോ. അരുൺ വാര്യർ. മകൾ മൈത്രേയി ദേവമാതാ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി.
വിജയ് സിയെച്ച്