ഇന്ത്യയുടെ കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ കലാപരവും ആത്മീയവുമായ മികവിന്റെ സാക്ഷ്യങ്ങളാണ് അജന്ത-എല്ലോറ ഗുഹകള്‍. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ഗുഹാക്ഷേത്രങ്ങള്‍, പുരാതന ഇന്ത്യയുടെ മതപരവും സാമൂഹികവും കലാപരവുമായ മഹത് കാലത്തേക്കു നമ്മെ നയിക്കുന്നു.
അജന്ത
ബിസി രണ്ടാം നൂറ്റാണ്ടിനും എഡി ആറാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട 29 ബുദ്ധമത ഗുഹാസ്മാരകങ്ങളുടെ ഒരു സമാഹാരമാണ് അജന്ത ഗുഹകള്‍.
കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഒരു ഗിരിയുടെ മുഖത്തു കൊത്തിയെടുത്ത ഈ ഗുഹകള്‍ ചുവര് ചിത്രങ്ങളാലും ശില്പങ്ങളാലും സമ്പന്നം. ബുദ്ധന്റെ ജീവിതവും ജാതക കഥകളും ചിത്രീകരിക്കുന്ന മനോഹരമായ ചുവര്‍ചിത്രങ്ങളും ശില്പങ്ങളും അവര്‍ണനീയമാണ്.
ചിത്രങ്ങളുടെ ജീവന്‍തുടിക്കുന്ന രൂപകല്പനയും അവയിലുപയോഗിച്ചിരിക്കുന്ന വര്ണസങ്കേതങ്ങളും പുരാതന ഇന്ത്യന്‍ ശില്പികളുടെ കലാമികവിന്റെ ദൃഷ്ടാന്തമാണ്. ഹീനയാന കാലഘട്ടം മുതല്‍ മഹായാന കാലഘട്ടം വരെ നൂറ്റാണ്ടുകള്‍ക്കിടയില്‍ ബുദ്ധമത കലാരീതികള്ക്കുണ്ടായ വികാസവും അജന്ത ഗുഹകള്‍ പ്രദര്‍ശിപ്പിക്കുന്നു.
എല്ലോറ
അതേസമയം, ഹിന്ദു, ബുദ്ധ, ജൈന മതങ്ങളുടെ കലാപരവും വാസ്തുവിദ്യാപരവുമായ സംയോജനമാണ് എല്ലോറ ഗുഹകള്‍. 6-ാം നൂറ്റാണ്ട് മുതല്‍ 10-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ ഒരു കരിങ്കല്‍ പാറയില്‍ കൊത്തിയെടുത്ത 34 ഗുഹകളാണിത്. ഇവയില്‍ ഏറ്റവും പ്രസിദ്ധമായത് ഏകശിലയില്‍ തീര്‍ത്ത കൈലാസ ക്ഷേത്രമാണ്.
ഇതിലെ സങ്കീര്‍ണമായ ശില്പങ്ങളും ഗംഭീരമായ വാസ്തുവിദ്യയും ആരെയും അദ്ഭുതപ്പെടുത്തും. എല്ലോറയിലെ ബൗദ്ധ, ജൈന ക്ഷേത്രങ്ങളും വാസ്തുമികവിലും കലാവൈഭവത്തിലും അതുല്യംതന്നെ.
സഹിഷ്ണുത
ഇവയെ വെറും ചരിത്ര സ്മാരകങ്ങള്‍ മാത്രമായി കാണാനാവില്ല. പൗരാണിക ഇന്ത്യയുടെ മതസഹിഷ്ണുതയുടെയും സാംസ്കാരിക ബഹുസ്വരതയുടെയും ജീവിക്കുന്ന ബിംബങ്ങള്കൂടിയാണ് അജന്ത, എല്ലോറ ഗുഹകൾ.
നൂറ്റാണ്ടുകള്‍ക്കുമുമ്പേ കലാകാരന്മാരെയും ചരിത്രകാരന്മാരെയും ആത്മീയാന്വേഷകരെയും ആകര്‍ഷിച്ച ഈ ഗുഹകളുടെ സാംസ്കാരികവും ചരിത്രപരവുമായ പാരമ്പര്യം 1983ല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടിക്കൊടുത്തു.
ഇതുപോലെയുള്ള പുരാതന വിസ്മയങ്ങളുടെ സൂക്ഷ്മവിശദാംശങ്ങളിലേക്കു കടക്കുമ്പോഴാണ് മനുഷ്യന്റെ സർഗാത്മകതയും വിശ്വാസത്തിന്റെ ശക്തിയും എത്ര മാത്രമായിരുന്നുവെന്നു നമ്മൾ തിരിച്ചറിയുക.
അജിത് ജി. നായർ