മറാത്ത പൈതൃകം വിളിച്ചോതുന്ന മന്ദിരങ്ങളാല് സമൃദ്ധമാണ് മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂന. പ്രധാനമായും അഞ്ചു മറാത്താ രാജവംശങ്ങളാണുണ്ടായിരുന്നത്. അതില്‍ പ്രധാനപ്പെട്ട പേഷ്വമാരുടെ ശക്തികേന്ദ്രം പൂനയായിരുന്നു.
പെത്ത്
18-ാം നൂറ്റാണ്ടോടെ മുഗളന്മാര്ക്കു ശക്തിക്ഷയം സംഭവിച്ചതോടെ പൂനയിലെ കരുത്തരായി മറാത്തകള്‍ ഉയര്‍ന്നു. മറാത്താ സാമ്രാജ്യത്തിന്റെ വളര്‍ച്ച എന്നതിനൊപ്പം പശ്ചിമേന്ത്യയില് നഗരവത്കരണത്തിന്റെ തുടക്കം കൂടിയായി അതു മാറി. പെത്ത് എന്നറിയപ്പെടുന്ന മന്ദിര സമുച്ചയങ്ങളായിരുന്നു പേഷ്വാമാരുടെ പ്രധാന നിര്‍മിതി. ഹിന്ദിയില്‍ വാധാ എന്നറിയപ്പെടുന്ന ഇവയ്ക്കൊരോന്നിനും രണ്ടോ മൂന്നോ നില കെട്ടിടങ്ങളുടെ ഉയരമുണ്ടായിരുന്നു.
ഏറ്റവും പ്രശസ്തവും ഓള്‍ഡ് പൂനയുടെ പ്രതീകവുമായ വാധയാണ് ശനിവാര്വാധ. പ്രൗഢ ഗംഭീരമായ ഈ കോട്ടയിലാണ് പേഷ്വാമാര്‍ വസിച്ചിരുന്നത്.
1732ല്‍ വിഖ്യാതനായ പേഷ്വാ ബാജിറാവു ഒന്നാമനാണ് ഈ വിസ്മയ ഗേഹം പണികഴിപ്പിച്ചത്. തുറന്ന നടുമുറ്റത്തിനു ചുറ്റുമായി മുറികള്‍ വരുന്ന ശനിവാര്വാധ ഒരു വമ്പന്‍ നിര്‍മിതിയാണ്.
ബാല്‍ക്കണികളും കൊത്തുപണികള്‍ നിറഞ്ഞ തൂണുകളും ആരെയും ആകര്‍ഷിക്കും. കിളിവാതിലുകളും ചാരുതയേറിയ ശില്പങ്ങളാല് നിറഞ്ഞ സീലിംഗുകളും ജെജൂരി ചുണ്ണാമ്പ് കല്ലുകളില്‍ തീര്‍ത്ത ഭിത്തിയലമാരകളും മുഗള്‍ സ്വാധീനം നിഴലിക്കുന്ന ജലധാരയായ ഹസാരി കരന്ജെയും ശനിവാര്വാധയുടെ ഭംഗി വര്ണനാതീതമാക്കുന്നു.
ആന കയറും വാതിൽ
ആനകള്‍ക്കു പോലും പ്രവേശിക്കാന്‍ വലിപ്പമുള്ള തടിയില്‍ തീര്‍ത്ത വാതിലുകളാണ് ഇവിടെയുള്ളത്. ദില്ലി ദര്‍വാസ, മസ്താനി ദര്‍വാസ, ഖിഡ്കി ദര്‍വാസ, ഗണേഷ് ദര്‍വാസ, ജംബുല്/നാരായണ്‍ ദര്‍വാസ എന്നിങ്ങനെ അഞ്ചു പ്രവേശന കവാടങ്ങളും കോട്ടയ്ക്കുണ്ട്.
1828ല്‍ കോട്ട അഗ്നിക്കിരയായി. അഗ്നിബാധ അകത്തളങ്ങളിലെ ശില്പഭംഗിക്കു മങ്ങലേല്പിച്ചു. തടിനിര്മിതമായവയെല്ലാം കത്തിനശിച്ചു. എന്നാല്‍, ഗ്രാനൈറ്റില്‍ തീര്‍ത്ത മതിലുകള്‍ക്കു കേടുപാടുണ്ടായില്ല.
ഇന്നു പേടിസ്വപ്നം
എന്നാല്‍, ഇന്നു ശനിവാര്വാധ പൂനയിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നാണ്. 1740ല്‍ പേഷ്വാ ബാജിറാവുവിനു ദുര്‍മരണം സംഭവിക്കുന്നതോടെയാണ് കോട്ടയുടെ ശാപത്തിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് നിരവധി ദുര്‍മരണങ്ങള്‍ കോട്ടയില്‍ സംഭവിച്ചു. 1761ല്‍ നടന്ന മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ അന്നത്തെ പേഷ്വയായിരുന്ന വിശ്വാസ് റാവു കൊല്ലപ്പെട്ടു. നാനാസാഹിബിന്റെയും മാധവറാവുവിന്റെയും അകാലവിയോഗങ്ങളും കോട്ടയെ ചുറ്റിപ്പറ്റിയുള്ള പ്രേതകഥകള്‍ക്കു ചൂടുപിടിപ്പിച്ചു.
ശനിവാര്വാധയോ അതിന്റെ അടുത്തുള്ള ബുധ് വാര് പെത്തോ തനിച്ചോ സൂര്യാസ്തമയത്തിനു ശേഷമോ സന്ദര്‍ശിക്കരുതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു കാലത്തു വാസ്തുവിസ്മയമെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ശനിവാര്‍ വാധ ഇന്നു പ്രേതകഥകളുടെ കേന്ദ്രമാണ്.1773ല്‍ ഇവിടെ സ്വന്തം കുടുംബക്കാരാല്‍ കൊല്ലപ്പെട്ട, ബാജിറാവുവിന്റെ ചെറുമകന് നാരായണ്‍ റാവുവിന്റെ ആത്മാവ് ഇന്നും വാധയ്ക്കുള്ളില് കറങ്ങി നടപ്പുണ്ടെന്നാണ് പ്രചരിക്കുന്ന കഥകളിൽ പ്രധാനം.
ചതി, കൊലപാതകം
വിശ്വാസ് റാവുവിന്റെയും മാധവറാവുവിന്റെയും മരണത്തെത്തുടര്‍ന്ന് അവരുടെ ഇളയ സഹോദരനായ നാരായണ്‍റാവു അടുത്ത പേഷ്വയായി അധികാരമേറ്റു. എന്നാല്‍, അദ്ദേഹത്തിന്റെ രക്ഷാകര്‍ത്താവായിരുന്ന രഘുനാഥ്റാവുവിനെയും ഭാര്യ ആനന്ദിഭായിയെയും ഇത് അലോസരപ്പെടുത്തി. നാരായണ്‍ റാവുവും നായാടി ഗോത്രമായ ഗാര്ഡിയും തമ്മിലുള്ള സംഘര്‍ഷം നന്നായി അറിയാമായിരുന്ന ദമ്പതികള്‍ നാരായണ്റാവുവിനെ കെണിയിലാക്കാനായി ഒരു പദ്ധതി തയാറാക്കി.
ഗണേശ ചതുര്‍ഥി ദിനത്തില്‍ ദമ്പതികളുടെ സഹായത്തോടെ ശനിവാര്വാധയ്ക്കുള്ളില് കടന്ന ഗാര്‍ഡി ഗോത്രക്കാര്‍ നാരായണ റാവുവിനെ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്തു രഘുനാഥ് റാവുവിന്റെ സഹായം അഭ്യര്‍ഥിച്ച് നാരായണ്‍ റാവു അലമുറയിട്ടെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് നാരായണ്‍ റാവുവിന്റെ മൃതദേഹം കഷണങ്ങളാക്കി മുത്താ നദിയിലേക്കു വലിച്ചെറിഞ്ഞു. പ്രേതകഥ രൂപപ്പെടാൻ ഇതിലധികം എന്തു വേണം?
അജിത് ജി. നായർ