ഇന്ത്യന്‍ ചരിത്രത്തില്‍ ഒളിമങ്ങാത്ത അധ്യായങ്ങളിലൊന്നാണ് ചോള സാമ്രാജ്യ കാലഘട്ടം. തമിഴ് സംസ്കാരത്തിന്റെ സുവര്‍ണയുഗം എന്നാണ് ചോളന്മാരുടെ ഭരണകാലം വാഴ്ത്തപ്പെടുന്നത്.
ഒമ്പതാം നൂറ്റാണ്ടു മുതല്‍ 13-ാം നൂറ്റാണ്ടു വരെ നീണ്ടുനിന്ന ഭരണകാലയളവില്‍ കലയ്ക്കും വാസ്തുവിദ്യയ്ക്കും ചോളന്മാര് നൽകിയ സംഭാവനകള്‍ നിസ്തുലമാണ്. ചോള രാജാക്കന്മാര് പടുത്തുയര്‍ത്തിയ വിസ്മയകരമായ ക്ഷേത്രങ്ങള്‍ കലാവൈഭവത്തിന്റെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തെയും ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രയുമൊക്കെ ഒഴിച്ചുള്ള ദക്ഷിണേന്ത്യയുടെ ചരിത്രരചനതന്നെ അസാധ്യം.
ഒമ്പതാം നൂറ്റാണ്ടില്‍ വിജയലായ ചോളന്റെ കീഴില്‍ കാവേരി ഡെല്‍റ്റാ പ്രദേശത്തു രൂപംകൊണ്ട ചോള സാമ്രാജ്യം അതിന്റെ ഔന്നത്യത്തില്‍ എത്തിയത് രാജേന്ദ്ര ചോളന് ഒന്നാമന്റെ (985-1014)യും അദ്ദേഹത്തിന്റെ മകന് രാജേന്ദ്ര ചോളന് ഒന്നാമന്റെ (1014-1044)യും കാലത്താണ്.
തഞ്ചാവൂര്‍ ആയിരുന്നു ചോളന്മാരുടെ ആദ്യ കാല തലസ്ഥാനം. പിന്നീട് ഗംഗൈക്കൊണ്ട ചോളപുരത്തേക്കു തലസ്ഥാനം മാറ്റി സ്ഥാപിച്ചു. ആസൂത്രിതമായ ഭരണവ്യവസ്ഥ, വ്യാപാര അഭിവൃദ്ധി, ആഴത്തില്‍ വേരൂന്നിയ സാംസ്കാരികവും മതപരവുമായ ജീവിതരീതി എന്നിവയായിരുന്നു ചോളന്മാരുടെ മുഖമുദ്ര. വെറും ആരാധനാ സ്ഥലങ്ങള്‍ എന്നതിലുപരി സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്രങ്ങളായാണ് അക്കാലത്തു ക്ഷേത്രങ്ങള്‍ വര്‍ത്തിച്ചിരുന്നത്. വാസ്തുവിസ്മയങ്ങളായ ക്ഷേത്രങ്ങളുടെ ശില്പികള് എന്ന നിലയിലാണ് ചരിത്രം ചോളന്മാരെ അടയാളപ്പെടുത്തുന്നത്. വിമാന എന്നറിയപ്പെടുന്ന, കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രഗോപുരങ്ങളും നിരവധി തൂണുകളുള്ള മണ്ഡപങ്ങളും ചോള വാസ്തുശൈലിയുടെ പ്രത്യേകതയാണ്.
ബൃഹദേശ്വര ക്ഷേത്രം
1010ല്‍ രാജേന്ദ്ര ചോളന് ഒന്നാമന് നിര്‍മിച്ച ബൃഹദേശ്വര ക്ഷേത്രം പകരംവയ്ക്കാനില്ലാത്ത നിര്‍മിതിയാണ്. ചോള ക്ഷേത്രനിര്‍മാണ വൈദഗ്ധ്യത്തിന്റെ അവസാന വാക്ക്. യുനസ്കോയുടെ ഒരു പൈതൃക കേന്ദ്രംകൂടിയാണ് ഇന്നിത്. 216 അടി ഉയരമുള്ള ക്ഷേത്രഗോപുരം ലോകത്തിലെതന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പരമശിവനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രത്തില്‍ മഹാ ശിവലിംഗമാണ് പ്രതിഷ്ഠ. ചുവര്‍ചിത്രങ്ങളുടെയും ശില്പങ്ങളുടെയും അദ്ഭുതക്കാഴ്ചകൾ നിറഞ്ഞ ക്ഷേത്രത്തിലെ ഏകശിലയില്‍ തീര്‍ത്ത നന്ദിയുടെ പ്രതിമ സമാനതകളില്ലാത്തതാണ്.
ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രം
രാജേന്ദ്ര ചോളന് ഒന്നാമന് നിര്‍മിച്ച ക്ഷേത്രം പ്രൗഢിയില്‍ ബൃഹദേശ്വര ക്ഷേത്രത്തോടു കിടപിടിക്കും. യുദ്ധവിജയസ്മരണയ്ക്കായാണ് രാജേന്ദ്ര ചോളന് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഗംഗാജലം കൊണ്ടുവന്നവന് എന്നര്‍ഥം വരുന്ന ഗംഗൈകൊണ്ട എന്ന സ്ഥാനപ്പേര് രാജേന്ദ്ര ചോളന് ഇക്കാലയളവില്‍ സ്വീകരിച്ചിരുന്നു. പരമശിവനുതന്നെ സമര്‍പ്പിതമായ ഈ ക്ഷേത്രവും കൊത്തുപണികളാല്‍ സമൃദ്ധമാണ്. ദുര്‍ഗ ഉള്‍പ്പെടെയുള്ള ദേവതകളുടെ മനോഹര ശില്പങ്ങളും ഇവിടെയുണ്ട്.
ഐരാവതേശ്വര ക്ഷേത്രം
രാജേന്ദ്ര ചോളന് രണ്ടാമന് 12-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം.
അസാധാരണമാം വിധം ഭംഗി തുളുമ്പുന്ന കൊത്തുപണികളും സംഗീതം പുറപ്പെടുവിക്കുന്ന പടവുകളും ഇതിനെ അനിതരസാധാരണ സൃഷ്ടിയാക്കി മാറ്റുന്നു.
തിരുഭുവനം ക്ഷേത്രം
13-ാം നൂറ്റാണ്ടില്‍ കുലോത്തുംഗ ചോളന് മൂന്നാമന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കംപകേശ്വര(ശിവന്)രാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തില്‍ പാണ്ഡ്യ വാസ്തുവിദ്യയുടെ സ്വാധീനവും കാണാന്‍ സാധിക്കും. ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശാലമായ ശില്പങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. 1987ല്‍, മൂന്നു ക്ഷേത്രങ്ങളെ ചേർത്തു "മഹത്തായ ചോള ക്ഷേത്രങ്ങള്‍' എന്ന പേരില്‍ യുനസ്കോ ലോക പൈതൃകകേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.
13-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽത്തന്നെ ചോളന്മാരുടെ തകര്‍ച്ച തുടങ്ങി. ആദ്യം പാണ്ഡ്യന്മാരുടെയും ഹൊയ്സാല രാജാക്കന്മാരുടെയും പിന്നീട് ഡല്‍ഹി സുല്ത്താന്മാരുടെയും അധിനിവേശമാണ് അവരുടെ പതനത്തിന് ഇടയാക്കിയത്. എന്നിരുന്നാലും ചോള പാരമ്പര്യത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി ക്ഷേത്രങ്ങള്‍ ഇന്നും ശോഭിക്കുന്നു. ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാ ശൈലിയുടെ തുടക്കക്കാരായ അവര്‍ പിന്നീട് വന്ന പാണ്ഡ്യ, ഹൊയ്സാല, വിജയനഗര സാമ്രാജ്യങ്ങളെയെല്ലാം വലിയ തോതില്‍ സ്വാധീനിച്ചു.
അജിത് ജി. നായർ