അധിനിവേശ ശക്തികള്‍ ഭാരത സംസ്കൃതിക്ക് ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവാണ് നളന്ദ സര്‍വകലാശാലയുടെ നാശം. ലോക സംസ്കാരത്തിനുതന്നെ ഒരു തീരാനഷ്ടം. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മഗധ രാജ്യത്ത് (ഇന്നത്തെ ബിഹാറില്‍) സ്ഥാപിക്കപ്പെട്ട നളന്ദ മഹാവിഹാര ലോകത്തെ ആദ്യത്തെ റെസിഡന്‍ഷല്‍ സര്‍വകലാശാലയായാണ് കരുതപ്പെടുന്നത്. പുരാതന ലോകത്തെ ഏറ്റവും മഹത്തായ പഠനകേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ മഹാ വിദ്യാലയം അന്നത്തെ പാടലിപുത്രത്തിന് (ഇന്നത്തെ പാറ്റ്ന) അടുത്തുള്ള രാജഗൃഹ (ഇപ്പോള്‍ രാജ്ഗിര്‍) എന്ന പട്ടണത്തിലാണ് സ്ഥിതി ചെയ്തിരുന്നത്.
നളന്ദ എന്ന പേര് ഉരുത്തിരിഞ്ഞത് "നാ'', "അളം'' എന്നീ സംസ്കൃത വാക്കുകളില്നിന്നാണെന്നു കരുതപ്പെടുന്നു. "നാ'' എന്നാല്‍ ഇല്ല എന്നും "അളം'' എന്നാല്‍ വിരാമം എന്നുമാണര്‍ഥം. "വിരാമമില്ല ജ്ഞാനം അഥവാ പഠനം ഒരിക്കലും നിലയ്ക്കാത്ത സ്ഥലം'' തന്നെയായിരുന്ന നളന്ദ. സ്ഥാപിതമായ അഞ്ചാം നൂറ്റാണ്ടു മുതല്‍ തകര്‍ക്കപ്പെടുന്ന 12-ാം നൂറ്റാണ്ടു വരെ ലോകത്തിനു നല്കിയ സംഭാവനകള്‍ അപാരം.
ഏഴു നൂറ്റാണ്ട്
ഏഴു നൂറ്റാണ്ടിലധികം നീണ്ട നളന്ദയുടെ സുവര്‍ണ കാലഘട്ടത്തില്‍ അതിനോടു കിടപിടിക്കുന്ന മറ്റൊരു വിദ്യാഭ്യാസ കേന്ദ്രം ലോകത്തില്ലായിരുന്നത്രേ. പ്രശസ്തമായ ഓക്സ്ഫഡിനും യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ സര്‍വകലാശാലയായ ബൊളോഞ്ഞയ്ക്കും 500 വര്‍ഷത്തിലധികം മുമ്പാണ് നളന്ദ സ്ഥാപിക്കപ്പെട്ടതെന്നോര്ക്കണം. ബുദ്ധവിജ്ഞാനത്തിന്റെ അവസാന വാക്കായാണ് ഏഴു നൂറ്റാണ്ടു കാലം ഈ മഹാവിദ്യാലയം വിരാജിച്ചത്. ഒമ്പതു ദശലക്ഷം ഗ്രന്ഥങ്ങളും വിജ്ഞാനദാഹികളായി, ലോകമെമ്പാടുനിന്നുമുള്ള പതിനായിരത്തില്പരം വിദ്യാര്‍ഥികളും പ്രഗല്ഭമതികളായ അധ്യാപകരും ഇവിടെയുണ്ടായിരുന്നു.
എഡി 427ല്‍ ഗുപ്ത ഭരണാധികാരിയായ കുമാര ഗുപ്തന് ഒന്നാമന്റെ കാലത്തായിരുന്നു സര്‍വകലാശാലയുടെ നിര്‍മാണം. തുടക്കത്തില്‍ ഒരു ബുദ്ധ സന്യാസ കേന്ദ്രമായിരുന്നു. പിന്നീട് ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രമായുള്ള നളന്ദയുടെ വളര്‍ച്ച അതിവേഗമായിരുന്നു. തര്‍ക്കശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങള്‍ക്ക് ഇവിടെ ശിക്ഷണം നല്കപ്പെട്ടിരുന്നു.
മറ്റൊരു രസകരമായ കാര്യം ഈ ബുദ്ധ ഗുരുകുലം സ്ഥാപിച്ച ഗുപ്ത രാജാക്കന്മാര് ഹിന്ദുമത വിശ്വാസികളായിരുന്നുവെന്നതാണ്. എന്നാല്‍, ബുദ്ധമതത്തോടും അക്കാലത്തു വളര്‍ന്നു വന്ന ബുദ്ധമത ദാര്‍ശനിക രചനകളോടും അവര്‍ ഏറെ പ്രതിപത്തി പുലര്‍ത്തിയിരുന്നു. ആയുര്‍വേദ ചികിത്സാരീതികള്‍ ഇവിടെ പഠിപ്പിച്ചിരുന്നു.
നളന്ദയുടെ ഏറ്റവും പ്രധാന സംഭാവന ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലുമായിരുന്നു. ഭാരതീയ ഗണിതശാസ്ത്രത്തിന്റെ പിതാവായിരുന്ന ആര്യഭട്ടന് ആറാം നൂറ്റാണ്ടില്‍ നളന്ദ സര്‍വകലാശാലയുടെ മേധാവിയായിരുന്നു. പൂജ്യം ഇദ്ദേഹത്തിന്റെ സംഭാവനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിന്റെ ആണിക്കല്ലായി കരുതപ്പെടുന്ന പൂജ്യം ഇല്ലായിരുന്നുവെങ്കില്‍ ഇന്നു കംപ്യൂട്ടറുകള്‍ പോലും ഉണ്ടാകില്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
ത്രികോണമിതി, ജ്യാമിതീയ ശാഖകള്‍ക്കും ആര്യഭട്ടന് നിര്‍ണായകമായ സംഭാവനകളാണ് നല്‍കിയത്. ദക്ഷിണേന്ത്യയിലും അറേബ്യന്‍ ഉപദ്വീപുകളിലും ഗണിതശാസ്ത്രത്തിന്റെ പ്രഭാവം ഉണ്ടാവാന്‍ കാരണവും നളന്ദ സര്‍വകലാശാലയായിരുന്നു.
ഖിൽജിയുടെ ക്രൂരത
ഇവിടെനിന്നു പതിവായി ചില പണ്ഡിതന്മാരെ ചൈന, കൊറിയ, ജപ്പാന്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയയ്ക്കുമായിരുന്നു. അവര്‍ ഏഷ്യയിലെമ്പാടും ബുദ്ധമതം പ്രചരിക്കാന്‍ കാരണക്കാരായി മാറുകയും ചെയ്തു. 1190ലാണ് സര്‍വകലാശാല നശിപ്പിക്കപ്പെടുന്നത്. തുര്‍ക്കോ-അഫ്ഗാന് അനിധിവേശ സൈനിക മേധാവി ബക്തിയാര്‍ ഖില്‍ജിയാണ് ഈ മഹാപാതകം ചെയ്തത്.
സര്‍വകലാശാല കാമ്പസില്‍ അതിക്രമിച്ചു കടന്ന ഖില്‍ജിയുടെ സൈന്യം ഇവിടെയുള്ള ബുദ്ധസന്യാസിമാരും അധ്യാപകരുമടക്കമുള്ളവരെ കൊലപ്പെടുത്തുകയും കെട്ടിടങ്ങള്‍ക്കു തീയിടുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്ന അമൂല്യമായ ഗ്രന്ഥശേഖരം കത്തിത്തീരാന്‍ ആറു മാസം എടുത്തെന്ന് അക്രമണകാരികള്തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അജിത് ജി. നായർ