ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍ സ്ഥിതി ചെയ്യുന്ന സെല്ലുലാര്‍ ജയില്‍.
കാലാപാനി (കറുത്ത ജലം) എന്നറിയപ്പെടുന്ന സെല്ലുലാര്‍ ജയിലിന്റെ ചരിത്രം രക്തം മരവിപ്പിക്കുന്ന കൊടിയ പീഡനങ്ങളുടേതു കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ അനവധി ധീരദേശാഭിമാനികളെയാണ് ബ്രിട്ടീഷുകാര്‍ ഇവിടെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കിയത്.
ഇടുങ്ങിയ തടവറകൾ
കോണ്സണ്ട്രേഷന് ക്യാമ്പിനു സമാനമായ കാലാപാനിയുടെ നിര്‍മാണം ആരംഭിച്ചത് 1896ലാണ്. 1906ല്‍ ജയില്‍ നിര്‍മാണം പൂര്‍ത്തിയായി. സപ്തഭുജങ്ങള് നടുവിലെ ഗോപുരത്തിലേക്കു സമ്മേളിക്കും വിധത്തില്‍ ഒരു നക്ഷത്രമത്സ്യത്തിനു സമാനമായ ആകാരത്തിലാണ് ജയില്‍ പണികഴിപ്പിച്ചത്.
ഓരോ ഭുജത്തിലും മൂന്നു നിലകളിലായി 693 ഏകാന്ത തടവറകള്‍ ഉണ്ടായിരുന്നു. 4.5 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയുമുള്ള വീര്‍പ്പുമുട്ടിക്കുന്ന ജയിലറകള്‍ പണിതത് തടവുകാരെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു.
ദുസ്സഹ ജീവിതം
തടവുകാരെ ചെറിയ സെല്ലില്‍ ഏകാന്തരായി പാർപ്പിച്ചത് അവർ തമ്മിലുള്ള ആശയവിനിമയം തടയാനായിരുന്നു. കൂടാതെ, ജയിലിന്റെ ഘടനയും സുരക്ഷാവ്യവസ്ഥകളും തടവുകാരെ നിരന്തരമായ നിരീക്ഷണത്തിന് കീഴിലാക്കി.സെല്ലുലാര്‍ ജയിലില്‍ അടയ്ക്കപ്പെട്ട തടവുകാര്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു.
അവര്‍ കഠിന ജോലികള്‍ ചെയ്യാന്‍ നിർബന്ധിതരായി, ആവശ്യത്തിനു ഭക്ഷണവും വെള്ളവും കിട്ടാതെയുള്ള ജീവിതം തീര്‍ത്തും ദുസ്സഹമായിരുന്നു. വൃത്തിഹീനമായ സാഹചര്യം മൂലം ജയിലില്‍ രോഗങ്ങള്‍ പടരുകയും നിരവധിപേർ മരിക്കുകയും ചെയ്തു. ബദുകേശ്വര്‍ ദത്ത്, സച്ചിന് സന്യാല്‍, ബരിന്‍ ഘോഷ്, സവര്‍ക്കര്‍ തുടങ്ങിയവരെ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ട്.
ആയിരങ്ങളുടെ ത്യാഗത്തിന്റെ കഥകള്‍ പതിഞ്ഞ ചുവരുകള്‍ കാലാപാനിയെ ചരിത്രപരമായും വൈകാരികമായും പ്രാധാന്യമുള്ള ഒരു സ്ഥലമാക്കി മാറ്റുന്നു. ഏറെ തലവേദന സൃഷ്ടിച്ച വിപ്ലവകാരികളെയായിരുന്നു രാജ്യദ്രോഹക്കുറ്റം കൂടുതലായും ഇവിടേക്ക് എത്തിച്ചിരുന്നത്.
ദേശീയ സ്മാരകം
അതികഠിന ജോലികളും ക്രൂരപീഡനങ്ങളുമായിരുന്നു അവരെ ഇവിടെ കാത്തിരുന്നത്. പാറ പൊട്ടിക്കുക, തേങ്ങയില്‍നിന്നു വെളിച്ചെണ്ണ പിഴിഞ്ഞെടുക്കുക, റോഡ് നിര്‍മാണം എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്യിച്ചു.
ദുരിതവും പീഡനവും അതിജീവിക്കാനാവാതെ പലരും മരണത്തിനു കീഴടങ്ങി. മറ്റുള്ളവരാകട്ടെ ഇന്ത്യയുടെ സ്വാതന്ത്ര്യം സ്വപ്നം കണ്ട് അതിജീവനത്തിനായി പോരാടി. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ സെല്ലുലാര്‍ ജയില്‍ തടവറയായി തുടരുന്നത് അവസാനിപ്പിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് 1969ല്‍ ഇതിനെ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.ഇന്ന്, കാലാപാനി ഒരു മ്യൂസിയമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ സ്മൃതികള്‍ ഇവിടെ കാണാം. കോളനി ഭരണക്കാലം, സ്വാതന്ത്ര്യ പോരാട്ടം എന്നിവയെക്കുറിച്ചറിയാൻ ഇവിടം സന്ദർശിക്കാം.
ജയിലില്‍ പതിവായി നടന്നുവരുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സ്വാതന്ത്ര്യ സമരകാലത്തെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും കഥകൾ വിവരിക്കുന്നു. ഒപ്പം സ്വാതന്ത്ര്യത്തിന്റെ മൂല്യം സന്ദർശകരെ ഒാർമപ്പെടുത്തുന്നു.
അജിത് ജി. നായർ