കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്പിച്ചു. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണം. അടിക്കടിയുള്ള ആശുപത്രിവാസം, വൈദ്യപരിശോധനകള്‍, ഭക്ഷണത്തിന്റെ അത്രയും തന്നെ കഴിക്കേണ്ടിവരുന്ന മരുന്നുകള്‍...രോഗങ്ങളും അതിന്റെ പീഡകളുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴും ഒരു പുഞ്ചിരിയോടെയല്ലാതെ ഈ 74കാരിയെ കാണാന്‍ കഴിയില്ല. തന്നില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞ സംതൃപ്തിയോടെയുള്ള പുഞ്ചിരി. "ഇത്ര പെട്ടെന്ന് ഇരുന്നുപോകുമെന്ന് ഞാന്‍ കരുതിയില്ല' -കണ്ണൂര്‍ തളിപ്പറമ്പിനു സമീപം പട്ടുവത്തെ സെന്റ് ആഞ്ചല ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സിസ് അതു പറയുമ്പോഴും മുഖത്തെ ചിരി മായുന്നില്ല. സ്ത്രീകള്‍ വാഹനമോടിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്ന കാലത്തു കേരളത്തിലെ ആദ്യ വനിത ആംബുലന്‍സ് ഡ്രൈവറായി ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിയാണ് സിസ്റ്റര്‍ ഫ്രാന്‍സിസ്. സഭാവസ്ത്രമണിഞ്ഞ കാലം തൊട്ട് ഒരിടത്ത് അടങ്ങിയിരുന്നുള്ള ശീലം സിസ്റ്ററിനുണ്ടായിരുന്നില്ല. പാവങ്ങളെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ സിസ്റ്റര്‍ ഓടുകയല്ല, പറക്കുകയായിരുന്നു.
കഷ്ടപ്പാടുകളുടെ ബാല്യകാലം
ക്നാനായ കത്തോലിക്കര്‍ കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്തേക്കു നടത്തിയ ഐതിഹാസിക കുടിയേറ്റത്തിലാണ് സിസ്റ്ററിന്റെ കുടുംബം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ എത്തുന്നത്. അയലാറ്റില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകൾ. അടുക്കളപ്പണി, ഇളയ കുട്ടികളുടെ പരിചരണം... അങ്ങനെ മൂത്ത പെണ്‍കുട്ടിയായതിനാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറെ. എങ്കിലും എല്ലാ ദിവസവും പുലര്‍ച്ചെ എഴുന്നേറ്റ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന കൂടാന്‍ പോകുന്നത് മേരിയുടെ ശീലമായിരുന്നു. പഠിക്കാനും വളരെയിഷ്ടം. അന്നത്തെ സാമൂഹ്യസാഹചര്യങ്ങള്‍ നിമിത്തം നാലാം ക്ലാസിലും പിന്നെ ഏഴാം ക്ലാസിലുമൊക്കെ എത്തിയപ്പോള്‍ പഠനം നിര്‍ത്താന്‍ വീട്ടില്‍ വലിയ സമ്മര്‍ദമുണ്ടായി. എന്നാല്‍, സ്കൂളില്‍ പോകണമെന്ന വാശിയില്‍ മേരി ഉറച്ചുനിന്നതോടെ വീട്ടുകാർ വഴങ്ങി. രാജപുരം ഹോളിഫാമിലി സ്കൂളില്‍ ആറു കിലോമീറ്ററോളം ചെരുപ്പ് പോലുമില്ലാതെ നടന്നുപോയാണ് പത്താം ക്ലാസ് വരെ പഠിച്ചത്.
പത്താം ക്ലാസ് പാസായി കന്യാസ്ത്രീ ആവുകയായിരുന്നു ജീവിതാഭിലാഷം. എന്നാല്‍, പത്താം ക്ലാസിൽ തോറ്റതോടെ ആ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീണു. അക്കാലത്താണ് "പാവങ്ങളുടെ അമ്മ' എന്നറിയപ്പെടുന്ന ജര്‍മന്‍ സ്വദേശിനി മദര്‍ പേത്ര കണ്ണൂര്‍ പട്ടുവത്ത് ദീനസേവനസഭ ആരംഭിക്കുന്നത്. അവിടെ പത്താം ക്ലാസില്‍ തോറ്റവരെയും എടുക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതോടെ ദീനസേവനസഭ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.ദീനസേവനസഭയുടെ രണ്ടാമത്തെ ബാച്ചില്‍ പ്രവേശനം നേടിയത് ജീവിതത്തില്‍ വഴിത്തിരിവായി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയോടുള്ള സ്നേഹം ഫ്രാന്‍സിസ് എന്ന പേര് തെരഞ്ഞെടുക്കാന്‍ പ്രചോദനമായി.
തിരുവനന്തപുരം ലയോള കോളജില്‍നിന്നു സ്പോക്കണ് ഇംഗ്ലീഷില്‍ ഒരു മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തെ തിയോളജി പഠനത്തിനായി ഗോവയിലേക്കു പോയി. 96 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന ബാച്ചില്‍ ഒന്നാം റാങ്കോടെയാണ് സിസ്റ്റര്‍ ഫ്രാന്‍സിസ് പാസായത്.
ഡ്രൈവിംഗ് സീറ്റിലേക്ക്
പട്ടുവത്തേക്കു തിരിച്ചെത്തിയ ശേഷം ഡ്രൈവിംഗ് പഠിക്കാനായാണ് മദര്‍ പേത്ര സിസ്റ്റര്‍ ഫ്രാന്‍സിസിനെ നിയോഗിച്ചത്. അക്കാലത്തു സ്ത്രീകള്‍ ഡ്രൈവിംഗ് പഠിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. എന്നാല്‍, 1975ല്‍ സിസ്റ്റര്‍ ഡ്രൈവിംഗ് ടെസ്റ്റ് ആദ്യശ്രമത്തില്‍തന്നെ പാസായി. ദീനസേവനസഭയിലെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കാനായി സ്വന്തമായി ആംബുലന്‍സ് ഉണ്ടായിരുന്നു. ആംബുലന്‍സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്നു പിന്നീടാണ് മനസിലായത്. കോഴിക്കോട് നടന്ന ടെസ്റ്റില്‍ ബാഡ്ജ് കരസ്ഥമാക്കിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയായി സിസ്റ്റര്‍ ഫ്രാന്‍സിസ് മാറി. ഏതു പാതിരാത്രിയിലും കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ സിസ്റ്റര്‍ റെഡിയായിരുന്നു. നാട്ടില്‍ അവധിക്കു പോകുമ്പോള്‍ പെരുന്നാള്‍ പ്രദക്ഷിണത്തിനു ഗായകസംഘവുമായി പോകുന്ന ജീപ്പോടിക്കുന്ന സിസ്റ്ററിനെകണ്ട് അന്നു നാട്ടുകാര്‍ അദ്ഭുതത്തോടെ പറഞ്ഞു. "അയലാറ്റിലെ പെണ്ണാണ് പെണ്ണ്.'
കൊള്ളക്കാരുമായി നേർക്കുനേർ
ആന്ധ്രയിലെ ഖമ്മം ജില്ലയിലെ ജോജിപേട്ടില് സേവനം ചെയ്യുമ്പോഴാണ് മരണത്തെ മുഖാമുഖം കാണുന്നത്. കുഷ്ഠം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പട്ടിണിയും നടമാടുന്ന ഇവിടത്തെ ഉള്‍ഗ്രാമങ്ങളില്‍ സിസ്റ്ററും സംഘവും മരുന്നും ഭക്ഷണവും എത്തിച്ചു. അവിടുത്തെ കുട്ടികളെ പഠിപ്പിച്ചു. സായുധരായ കൊള്ളസംഘങ്ങള്‍ക്കു കുപ്രസിദ്ധമായിരുന്നു ഈ മേഖല. അതിനാല്‍ നേരമിരുട്ടിക്കഴിഞ്ഞാല്‍ യാത്ര പാടില്ലെന്നു സിസ്റ്റര്‍മാര്‍ക്കു നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, ഒരിക്കല്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പോയി മടങ്ങിവന്നപ്പോള്‍ വൈകി. ജീപ്പിലായിരുന്നു സിസ്റ്റര്‍ ഫ്രാന്‍സിസിന്റെയും സംഘത്തിന്റെയും യാത്ര. പിറകിൽനിന്നു ചീറിപ്പാഞ്ഞുവന്ന ഒരു ജീപ്പ് ഒാവർടേക്ക് ചെയ്തു കുറച്ചു മുന്നിൽ കയറ്റി റോഡിനു നടുവിൽ നിർത്തി. കൊള്ളസംഘമാണെന്നു മനസിലായതോടെ ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകള്‍ പേടിച്ചുവിറച്ചെങ്കിലും ജീപ്പോടിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സിസിനു യാതൊരു കുലുക്കവുമില്ലായിരുന്നു.
സിസ്റ്റര്‍ പറഞ്ഞു: "നിങ്ങള്‍ ധൈര്യമായിട്ടിരുന്നോ... എന്തു സംഭവിച്ചാലും നമ്മള് വണ്ടി നിര്‍ത്താന്‍ പോകുന്നില്ല.' നിർത്താൻ പോകുന്നു എന്ന രീതിയിൽ അല്പം വേഗം കുറച്ച സിസ്റ്റർ ജീപ്പിനു സമീപമെത്തിയതും വണ്ടി റോഡിനു പുറത്തേക്കു ചാടിച്ച് അതിവേഗം മുന്നോട്ടുകുതിച്ചു. അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന കൊള്ളസംഘം ഒന്ന് അമാന്തിച്ചു. പിന്നെ കുതിപ്പുപാഞ്ഞ ജീപ്പിനു നേരേ കലികയറി കരിങ്കല്ലുകൾ എടുത്തെറിഞ്ഞു. എന്നാൽ, ഒരാൾക്കും ഒരു പോറൽ പോലുമേൽക്കാതെ സിസ്റ്റർ വാഹനം സുരക്ഷിതസ്ഥാനത്ത് എത്തിച്ചു.
മരണവുമായി മുഖാമുഖം
മറ്റൊരിക്കല്‍ ഇതുപോലെ ഒരു ഗ്രാമത്തില്‍ പോയി മടങ്ങവേയാണ് മരണത്തെ മുഖാമുഖം കാണുന്നത്. പുഴയ്ക്കു കുറുകെ കൈവരിയില്ലാത്ത പാലം കടന്നുവേണം യാത്ര ചെയ്യാന്‍. അങ്ങോട്ടുപോകുമ്പോള്‍ പുഴയില്‍ വെള്ളം തീരെ കുറവ്. എന്നാല്‍, തിരിച്ചുവരുമ്പോഴാകട്ടെ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്നു. അപ്രതീക്ഷിതമായി ഡാം തുറന്നുവിട്ടതായിരുന്നു ജലനിരപ്പുയരാന്‍ കാരണം. ഇതു സംബന്ധിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമൊന്നും അന്നുണ്ടായിരുന്നില്ല. കുഴപ്പമുണ്ടാകില്ലെന്നു കരുതി സിസ്റ്റര്‍ ജീപ്പ് പാലത്തിലേക്കു കയറ്റിയതോടെയാണ് അപകടം മനസിലായത്. വെള്ളം കൂടുതല്‍ ശക്തിയോടെ ആര്‍ത്തലച്ചെത്തി. പുഴയുടെ അക്കരെയുള്ളവര്‍ ജീപ്പ് പിറകോട്ടെടുക്കാനാവശ്യപ്പെട്ട് അലറിവിളിക്കുന്നുണ്ടായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരുടെ അഭിപ്രായവും അതുതന്നെയായിരുന്നു. എന്നാല്‍, മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു സിസ്റ്ററുടെ തീരുമാനം. മരിക്കാന്‍ തയാറായിക്കോ എന്നു പറഞ്ഞു സിസ്റ്റര്‍ ഫ്രാന്‍സിസ് രണ്ടുംകല്പിച്ച് ഫുള്‍ സ്പീഡില്‍ ജീപ്പെടുത്തു. അതു ശരിയായ തീരുമാനം തന്നെയായിരുന്നു. അപകടമൊന്നും പറ്റാതെ അവര്‍ കരപറ്റി.
സിസ്റ്റര്‍ കുടുംബം
അയലാറ്റില്‍ മത്തായി- അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് ഉള്‍പ്പെടെ മൂന്നു പേര് കന്യാസ്ത്രീമാരാണ്. മറ്റു രണ്ടുപേരും വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് അംഗങ്ങളാണ്. അഞ്ചാമത്തെ മകള്‍ സിസ്റ്റര്‍ ഫ്രാന്‍സിന് റിട്ട.സംഗീതാധ്യാപികയാണ്. നിലവില്‍ പയ്യാവൂരില്‍ വിശ്രമജീവിതം നയിക്കുന്നു. ഏറ്റവും ഇളയമകളായ സിസ്റ്റര്‍ ജെസ്വിന് ശ്രീപുരം നഴ്സറി സ്കൂള്‍ പ്രിന്‍സിപ്പലാണ്.
ഷൈബിന് ജോസഫ്