നളന്ദയിൽ ഏകദേശം 23 ഹെക്ടര്‍ വരുന്ന പ്രദേശമാണ് ഉദ്ഖനനം ചെയ്തെടുത്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ സര്‍വകലാശാലയുടെ ഒരംശം മാത്രമാണിതെന്നാണ് ചരിത്രകാരന്മാര് പറയുന്നത്.
തകര്‍ന്ന നിരവധി മൊണാസ്ട്രികളുടെയും ക്ഷേത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇന്നും ബക്തിയാര്‍ ഖില്‍ജിയുടെ ക്രൂരതയുടെ സാക്ഷ്യമായി നിലകൊള്ളുന്നുന്നു. ലോകത്തു വെളിച്ചം പകരേണ്ട 90 ലക്ഷം താളിയോല ഗ്രന്ഥങ്ങളാണ് അക്രമികള്‍ തീയിട്ടു നശിപ്പിച്ചത്. ടിബറ്റന്‍ ബുദ്ധമത പണ്ഡിതന് താരതന്ത്രയുടെ വിവരണമനുസരിച്ച് ഇവിടെയുണ്ടായിരുന്ന മൂന്നു ലൈബ്രറികളില്‍ ഒന്നിന് ഒമ്പതു നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു.
ആ സമയത്ത് ഇവിടെനിന്നു രക്ഷപ്പെട്ടോടിയ ചില സന്ന്യാസിമാര്‍ കൈയില്‍ കരുതിയ ഏതാനും ഗ്രന്ഥങ്ങള്‍ മാത്രമാണ് അഗ്നിബാധയില്‍നിന്നു രക്ഷപ്പെട്ടത്. ഇന്ന് അവ ലോസ് ആഞ്ചലസിലെ കണ്ട്രി മ്യൂസിയം ഓഫ് ആര്‍ട്ടിലും ടിബറ്റിലെ യാര്‍ലുംഗ് മ്യൂസിയത്തിലും സൂക്ഷിച്ചിരിക്കുന്നു.
മൂന്ന് ആക്രമണങ്ങൾ
നളന്ദ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന പ്രശസ്ത ചൈനീസ് സഞ്ചാരിയും ബുദ്ധ സന്യാസിയുമായ ഹുയാന് സാംഗ് വിദ്യാഭ്യാസ ശേഷം എഇ 645ല്‍ തിരികെ ചൈനയിലേക്കു മടങ്ങുമ്പോള്‍ ഒപ്പം കൊണ്ടുപോയത് 657 ബുദ്ധമതഗ്രന്ഥങ്ങളാണ്.
തുടര്‍ന്ന് ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള ബുദ്ധമത പണ്ഡിതരിലൊരാളായി ഹുയാന് സാംഗ് മാറി. അന്നു കൊണ്ടുപോയ ഗ്രന്ഥങ്ങളില്‍ ഒരു ഭാഗം ചൈനീസിലേക്ക് സാംഗ് വിവര്‍ത്തനം ചെയ്തു. പിന്നീട് സാംഗിന്റെ ജാപ്പനീസ് ശിഷ്യന് ഡോഷോ അവ ജപ്പാനിൽ പരിചയപ്പെടുത്തുകയും അവിടെ ബുദ്ധമതം പ്രചരിക്കുകയുംചെയ്തു.
അതേസമയം, ബക്തിയാര്‍ ഖില്‍ജിയുടെ ആക്രമണമായിരുന്നില്ല നളന്ദ നേരിട്ട ആദ്യത്തെ ആക്രമണം, അഞ്ചാം നൂറ്റാണ്ടില്‍തന്നെ മിഹിരകുലയുടെ നേതൃത്വത്തിലുള്ള ഹൂണന്മാര് നളന്ദയെ ആക്രമിച്ചു. പിന്നീട് എട്ടാം നൂറ്റാണ്ടില്‍ ബംഗാളില്‍നിന്നുള്ള ഗൗഡ രാജാവിന്റെ ആക്രമണവും നേരിടേണ്ടി വന്നു. ഹൂണന്മാരുടെ ഉദ്ദേശ്യം കൊള്ളയടിക്കുകയായിരുന്നെങ്കില് ശൈവ സമ്പ്രദായത്തിലുള്ള ഹിന്ദുക്കളും ബുദ്ധമതവും തമ്മില്‍ വളര്‍ന്നുവന്ന സ്പര്‍ധയുടെ ബാക്കിപത്രമായിരുന്നു ബംഗാള്‍ രാജാവിന്റെ ആക്രമണം. വലിയ നാശനഷ്ടങ്ങളാണ് രണ്ടാമത്തെ ആക്രമണം വരുത്തിവച്ചത്. തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടന്നു.
എന്നാല്‍, ഖില്‍ജിയുടെ മൂന്നാമത്തെ ആക്രമണം നളന്ദയെ തച്ചുതകര്‍ക്കുന്നതായിരുന്നു. ഖില്‍ജിയുടെ ആക്രമണത്തെ നേരിടുന്ന സമയമായപ്പോഴേക്കും ബുദ്ധമതം ഇന്ത്യയില്‍ ഏറെക്കുറെ തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു. ആന്തരിക അപചയവും സര്‍വകലാശാലയെ സംരക്ഷിക്കുന്ന ബുദ്ധപാല രാജവംശത്തിന്റെ പതനവും ഖില്‍ജിയുടെ ആക്രമണം നളന്ദയ്ക്കു മരണമണിയാകാന് കാരണമായി.
പുതിയ കാമ്പസ്
പിന്നീടുള്ള ആറു നൂറ്റാണ്ടു കാലം മണ്മറഞ്ഞു കിടന്ന ഈ വിസ്മയ വിദ്യാലയം 1812ല്‍ സ്കോട്ടിഷ് സര്‍വേയറായിരുന്ന ഫ്രാന്‍സിസ് ബുക്കാനന് ഹാമില്‍ട്ടനാണ് കണ്ടെത്തുന്നത്.1861ല്‍ സര് അലക്സാണ്ടര്‍ കണ്ണിംഗ്ഹാം ഇതു പുരാതന നളന്ദ സര്വകലാശാലയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. 2016ല്‍ നളന്ദ സര്‍വകലാശാല യുനസ്കോയുടെ ലോക പൈതൃക കേന്ദ്രമായും മാറി.
അതേസമയം, ഇന്നു പ്രാചീന നളന്ദ സര്‍വകലാശാലയുടെ സമീപം അതേ പേരില്‍ ഒരു പുതിയ കാന്പസ് ഉയര്‍ന്നിരിക്കുന്നു. 2024 ജൂണ്‍ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ സര്‍വകലാശാലയുടെ നിര്‍മാണം 10 വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. 455 ഏക്കറില്‍ പരന്നു കിടക്കുന്ന പുതിയ കാന്പസിൽ നിരവധി ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ ഏകദേശം 7,500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. വാഹനങ്ങള്‍ക്കു പ്രവേശനമില്ലെന്നതും പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് സൗരോര്ജത്തിലാണെന്നതും പുതിയ കാന്പസിന്റെ പ്രത്യേകതയാണ്.
അജിത് ജി. നായർ