പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല, ഈജിപ്ഷ്യന്‍, ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളിലെല്ലാം സൂര്യദേവ സങ്കല്പം കാണാം. ഇന്ത്യയില്‍ സൂര്യദേവനായി പണി കഴിപ്പിക്കപ്പെട്ട ഏറ്റവും പ്രധാന ക്ഷേത്രമാണ് ഒഡീഷയിലെ കൊണാര്‍ക്കിലുള്ള സൂര്യക്ഷേത്രം.
13-ാം നൂറ്റാണ്ടില്‍, കിഴക്കന്‍ ഗംഗാ രാജവംശത്തിലെ രാജാവായിരുന്ന നരസിംഹദേവന്‍ ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മധ്യാഹ്ന ഇന്ത്യയിലെ വാസ്തുശില്പികളുടെ വാസ്തുവിദ്യാ മികവിന്റെ മകുടോദാഹരണം. ഭക്തിയും ഐതിഹ്യവും വാസ്തുവൈഭവവും ഇവിടെ ഇഴപിരിയാതെ കിടക്കുന്നു. കൊണാ(മൂല), അര്‍ക്ക(സൂര്യന്) എന്നീ വാക്കുകളില്‍നിന്നാണ് "കൊണാര്‍ക്ക്'' എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചത്. കൊണാര്‍ക്ക് എന്നാല്‍, മൂലയ്ക്കുള്ള സൂര്യന് എന്നാണ് അര്‍ഥം.
1238 എഡിക്കും 1250 എഡിക്കും ഇടയിലാണ് ക്ഷേത്രനിര്മാണമെന്നു കരുതുന്നു. കിഴക്കന്‍ ഗംഗാസാമ്രാജ്യത്തിന്റെ പ്രതാപകാലം. കിഴക്കന്‍ ഇന്ത്യയുടെ വലിയൊരു ഭാഗം അവരുടെ അധീനതയിലായിരുന്നു. ഇസ്ലാമിക അധിനിവേശക്കാര്‍ ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ക്കെതിരേ നേടിയ യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായാണ് ക്ഷേത്രം പണിയാൻ നരസിംഹദേവന്‍ തീരുമാനിച്ചത്. സൂര്യപ്രകാശത്തിന്റെ ആദ്യ കിരണങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ പതിക്കും വിധം കിഴക്കന്‍ തീരത്തിനഭിമുഖമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കൂറ്റൻ ചക്രങ്ങൾ
12 കൂറ്റന്‍ ചക്രങ്ങളും ഏഴ് ശക്തിമാന്മാരായ കുതിരകളും വലിക്കുന്ന സൂര്യദേവന്റെ രഥത്തോടു സാമ്യമുള്ള രീതിയിലാണ് ക്ഷേത്രം. ഒമ്പത് അടി വ്യാസമുള്ളതാണ് 12 ചക്രങ്ങളിലൊരോന്നും. ചക്രങ്ങള്‍ 12 മാസങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കുതിരകളാവട്ടെ ആഴ്ചയിലെ ഏഴു ദിവസങ്ങളെ സൂചിപ്പിക്കുന്നു.
ഉദയസൂര്യന്റെ ആദ്യ കിരണങ്ങള്‍ പ്രധാന കവാടത്തില്‍ പതിക്കുക വഴി ക്ഷേത്രത്തിന്റെ പ്രഭാവലയം വര്‍ധിക്കുന്ന രീതിയിൽ അതിസങ്കീര്‍ണമായ നിര്‍മാണശൈലിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ഒരു കാലത്തു വലിയൊരു ഗോപുരം ഈ ക്ഷേത്രത്തെ അലങ്കരിച്ചിരുന്നു. 225 അടി ഉയരമുണ്ടായിരുന്ന ഈ മഹാഗോപുരം 19-ാം നൂറ്റാണ്ടില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഇന്നിവിടെ അവശേഷിക്കുന്നതില്‍ ഏറ്റവും ഉയരം കൂടിയ നിര്‍മിതി ''ജഗമോഹന'' എന്നറിയപ്പെടുന്ന ഓഡിയന്‍സ് ഹാളാണ്. മനോഹരമായ കൊത്തുപണികൾ അലങ്കരിക്കുന്ന വിശാലമായ ഹാള്‍ ചാരുതയാര്‍ന്നതാണ്.
ഹിന്ദു ദേവതകള്‍, അപ്സരസുകള്‍, മൃഗങ്ങള്‍, ദൈനംദിന ജീവിത ദൃശ്യങ്ങള്‍ എന്നിങ്ങനെയുള്ള ബഹുവിധ ശില്പങ്ങള് ഒഡീഷാ ശില്പികളുടെ അസാമാന്യ വൈഭവം വിളിച്ചോതുന്നു. ഖജുരാഹോ ക്ഷേത്രത്തിലേതിനു സമാനമായ ചില രതിശില്പങ്ങളും ഇവിടെ കാണാം.
അജിത് ജി. നായർ