ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർഷത്തിനു ശേഷം; "സാന്താക്ലോസ്' എന്ന "മൈറയിലെ വിശുദ്ധ നിക്കോളാസ്'-ന്റെ മുഖം ചിത്രീകരിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ടിൽ ഗവേഷകർ എങ്ങനെയാണ് വിശുദ്ധ നിക്കോളാസിന്റെ ചിത്രം നിർമിച്ചതെന്നു വിശദമാക്കുന്നു. തലയോട്ടിയുടെ ശേഷിപ്പുകൾ വിശദമായ പഠനത്തിനു വിധേയമാക്കിയ ശേഷം തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശുദ്ധ നിക്കോളാസിന്റെ ത്രീഡി ചിത്രം ശാസ്ത്രജ്ഞർ നിർമിച്ചത്.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഗവേഷകർ മൈറയിലെ (ഇപ്പോൾ ഡെംരെ. തുർക്കിയിലെ അന്റാലിയ പ്രവിശ്യയിലാണ് ഡെംരെ നഗരം) വിശുദ്ധ നിക്കോളാസിന്റെ മുഖം നിർമിച്ചത്. ചിത്രീകരണത്തിനു നേതൃത്വം കൊടുത്ത, മനുഷ്യവദന ചിത്രരചനാസങ്കേതങ്ങളിൽ വൈദഗ്ധ്യമുള്ള ബ്രസീലിയൻ ത്രീഡി ഡിസൈനറായ സിസെറോ മൊറേസ് വിശുദ്ധ നിക്കോളാസിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. വിശാലമായ നെറ്റിയും നേർത്ത ചുണ്ടുകളും വൃത്താകൃതിയിലുള്ള മൂക്കുമാണു വിശുദ്ധന്റേത്. അദ്ദേഹത്തിന്റെ മുഖം ശക്തവും സൗമ്യവുമായാണു കാണുന്നത്.
വിശുദ്ധ നിക്കോളാസ്
വിശുദ്ധ നിക്കോളാസ് എഡി 343ൽ കാലം ചെയ്തതായാണ് വിശ്വസിച്ചുപോരുന്നത്. ഇതുവരെ അദ്ദേഹത്തിന്റെ കൃത്യമായ ചിത്രീകരണം ഉണ്ടായിട്ടില്ല. 1823ലെ "ട്വാസ് ദ നൈറ്റ് ബിഫോർ ക്രിസ്മസ്' എന്ന കൃതിയിലെ സാന്താക്ലോസിന്റെ ആദ്യകാല വിവരണങ്ങളുമായി ചിത്രങ്ങൾ പൊരുത്തപ്പെടുന്നതായി മൊറേസ് പറഞ്ഞു. തലയോട്ടിക്ക് വളരെ ശക്തമായ രൂപമുണ്ട്. ഇതു ശക്തമായ മുഖമാണ് സൂചിപ്പിക്കുന്നത്.
കാരണം തിരശ്ചീന അക്ഷത്തിൽ അതിന്റെ അളവുകൾ ശരാശരിയേക്കാൾ വലുതാണ്. കട്ടിയുള്ള താടിയുമായി ചേർന്ന മുഖം. സാന്താക്ലോസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ മനസിൽ തെളിയുന്ന രൂപത്തെ അനുസ്മരിപ്പിക്കുന്നതായും മൊറേസ് പറഞ്ഞു. ഇറ്റലി ബാരിയിലെ ബസിലിക്കയിലുള്ള കല്ലറയിൽ നിക്കോളാസിന്റെ തലയോട്ടിയുടെ ത്രീഡി റെൻഡറിംഗ് നടത്തി. 1953ലും 1957ലും കല്ലറ നന്നാക്കാൻ എല്ലുകൾ നീക്കം ചെയ്തപ്പോൾ ലൂയിജി മാർട്ടിനോ നടത്തിയ അളവുകൾ മൊറേസ് ഉപയോഗിച്ചു.
നിക്കോളാസിനെ ആദ്യം മൈറയിലാണ് അടക്കം ചെയ്തത്. പിന്നീട്, അദ്ദേഹത്തിന്റെ അസ്ഥികൾ ഇറ്റലിയിലെ ബാരിയിലേക്കു മാറ്റി. അവിടെ അവ ഇന്നും സൂക്ഷിച്ചുപോരുന്നു.
പി.ടി.ബിനു