എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്റെ ചരിത്രവും ഐതിഹ്യവും പ്രതിനിധാനം ചെയ്യുന്നവയാണ് ശില്പങ്ങളിലേറെയും. ബാദാമി കേന്ദ്രമാക്കിയുള്ള ചാലൂക്യവംശത്തിലെ വീരയോദ്ധാവായിരുന്ന പുലികേശി രണ്ടാമന്റെ കാലത്താണ് ഗുഹാ ക്ഷേത്രങ്ങളുടെ പ്രധാന ഭാഗങ്ങള്‍ പണികഴിച്ചതെന്നു പറയപ്പെടുന്നു.
ആന പ്രതിമ
എലിഫന്റ ദ്വീപ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ദ്വീപിന്റെ ആദ്യകാല നാമം ഘരപുരി എന്നായിരുന്നു. "ഗുഹകളുടെ നഗരം' എന്നാണ് ആ പേരിന്റെ അര്‍ഥം. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കോളനി ഭരണകാലത്താണ് ഘരപുരി 'എലിഫന്റ' എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യുന്നത്. തീരത്തു സ്ഥാപിക്കപ്പെട്ടിരുന്ന വമ്പന്‍ ആനപ്രതിമയില്നിന്നാണ് ആ പേര് ഉരുത്തിരിഞ്ഞത്.
പിന്നീട് പ്രതിമയ്ക്കു കേടുപാടുകള്‍ സംഭവിച്ചതോടെ മുംബൈയിലെ ജീജാമാതാ ഉദ്യാനത്തിലേക്ക് മാറ്റിസ്ഥാപിച്ചെങ്കിലും ദ്വീപിന്റെ പേര് മാറ്റമില്ലാതെ തുടർന്നു. പോർച്ചുഗീസ് കാലഘട്ടത്തിൽ ശില്പങ്ങൾ പലതും നാശത്തിന്റെ വക്കിലെത്തി. അവർ വെടിവയ്പ് പരിശീലനത്തിനും മറ്റും പ്രതിമകളെ ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ട്. 1814ൽ ബ്രിട്ടീഷുകാരാണ് ആനപ്രതിമയെ മുംബൈയിലേക്കു മാറ്റുന്നത്. തുടർന്ന് ഇവിടെ പുരാവസ്തു പര്യവേക്ഷണങ്ങൾ നടന്നു.
കുറെ പ്രദേശങ്ങൾ വീണ്ടെടുത്തു സംരക്ഷിച്ചു. എന്നാൽ, നശിച്ചുപോയ പലതും അങ്ങനെ തന്നെ തുടർന്നു. 1540ൽ ദ്വീപിന്റെ കവാടത്തിലെ പുരാതന ശിലാലിഖിതം വ്യാഖ്യാനിക്കാനെന്നും പറഞ്ഞ് അന്നത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ജാവോ ഡി കാസ്ട്രോ പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയതായി പറയുന്നു. പിന്നീട് അതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. പുരാതന ചരിത്രത്തിലേക്കു വെളിച്ചം വീശാൻ ആ ലിഖിതം സഹായിക്കുമായിരുന്നു വെന്നാണ് വിലയിരുത്തൽ.
1661ല്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന് രാജാവ് പോര്‍ച്ചുഗലിലെ ജോണ്‍ നാലാമന് രാജാവിന്റെ മകളായ കാതറീന് ഓഫ് ബ്രഗാന്‍സയെ വിവാഹം കഴിക്കുന്ന വേളയില്‍ അദ്ദേഹത്തിനു ലഭിച്ച സമ്മാനങ്ങളിലൊന്ന് എലിഫന്റ ദ്വീപായിരുന്നു. എന്നാല്‍, അതിനു ശേഷവും ദ്വീപ് പോര്‍ച്ചുഗീസ് ഔട്ട്പോസ്റ്റായി തുടര്‍ന്നു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കോളനി ഭരണത്തിന്കീഴിലാവുകയായിരുന്നു.
ഗ്രേറ്റ് കേവ്
ഏഴു ഗുഹകളാണ് എലിഫന്റയിലുള്ളത്. ഇതില്‍ ഏറ്റവും അമൂല്യമായി കണക്കാക്കുന്നത് ഒന്നാമത്തെ ഗുഹയാണ്. ഇത് "ഗ്രേറ്റ് കേവ്' എന്ന് അറിയപ്പെടുന്നു. 39 മീറ്റര്‍ നീളമുള്ള ഈ ബൃഹത്തായ ഗുഹാക്ഷേത്രത്തിന്റെ ഭീമാകാരമായ തൂണുകള്‍ ഒരു കാഴ്ചയാണ്. എല്ലോറയിലെ ദുമാര്‍ ലെനാ ഗുഹയുമായി ഏറെ സാമ്യമുള്ളതാണീ ഗുഹാക്ഷേത്രം.
ഒന്നാം ഗുഹയുടെ കവാടത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴു മീറ്റര്‍ ഉയരമുള്ള സദാശിവ ബിംബം വിഖ്യാതമാണ്. മൂന്നു മുഖങ്ങളുള്ള ശിവ പ്രതിമയാണിത്. സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെയാണ് ഓരോ മുഖങ്ങളും പ്രതിനിധാനം ചെയ്യുന്നത്. അര്ധനാരീശ്വരന്, നടരാജന്, കല്യാണസുന്ദരമൂര്ത്തി, അന്ധകാസുര വധം, യോഗീശ്വരന്, ഗംഗാധര മൂര്‍ത്തി, രാവണാനുഗ്രഹ മൂര്‍ത്തി തുടങ്ങി അനേക ശില്പങ്ങൾ ഇവിടെ കാണാം. 1987ല്‍ എലിഫന്റ ഗുഹകളെ യുനെസ്കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. ഇന്നു ഗവേഷകരും വിദ്യാര്‍ഥികളും സഞ്ചാരികളുമായി നിരവധി ആളുകൾ ഇവിടേക്ക് എത്തുന്നു.
അജിത് ജി. നായർ