ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്ടയാണ്. മുകള്ത്തട്ടിലെത്തിച്ചേരാന് ഒരേ പോലെയുള്ള 1024 പാതകളാണ് ഈ രാവണന്കോട്ടയ്ക്കുള്ളത്.
പ്രാധാന്യമേറിയ ചരിത്ര മന്ദിരങ്ങള്‍ രാജ്യത്തെമ്പാടുമുണ്ടെങ്കിലും അവയില്‍ പലതിനെക്കുറിച്ചും ആ പ്രദേശത്തിനു പുറത്തുള്ള സാധാരണ ജനങ്ങള്‍ക്ക് അറിവുണ്ടാകണമെന്നില്ല. അത്തരത്തിലൊന്നാണ് ഉത്തര്‍പ്രദേശിലെ ലക്നോയിലെ ബാര ഇമാംബാര. ലക്നോയിൽ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലം.
ക്ഷാമത്തെ മറികടക്കാൻ
18-ാം നൂറ്റാണ്ടില്‍ അവധിലെ നവാബായിരുന്ന അസഫ് ഉദ് ദൗളയാണ് ഈ വാസ്തുവിസ്മയം പണികഴിപ്പിച്ചത്. ശില്പിയെ നിശ്ചയിച്ചത് ഒരു മത്സരത്തിലൂടെയായിരുന്നു. ഡല്‍ഹിയില്‍നിന്നുള്ള ഖിഫായത്തുള്ളയാണ് വിജയിച്ചത്.
നിർമാണോദ്ദേശ്യമാണ് മറ്റെല്ലാ മന്ദിരങ്ങളില്‍നിന്നും ബാര ഇമാംബാരയെ വേറിട്ടു നിര്‍ത്തുന്നത്. 1774ലാണ് നിര്‍മാണം ആരംഭിക്കുന്നത്. കടുത്ത ഒരു ക്ഷാമകാലമായിരുന്നു അത്. ജനങ്ങള്‍ തൊഴിലില്ലാതെ വലഞ്ഞപ്പോള്‍ അവര്‍ക്കു ജോലി നല്‍കുക എന്നൊരു ഉദ്ദേശ്യത്തോടെയാണ് അസഫ് ഉദ് ദൗള ബാര ഇമാം ബാരയുടെ നിര്‍മാണം തുടങ്ങിയത്.
ഏകദേശം ഒരു ദശാബ്ദം എടുത്ത് 1784ല്‍ നിര്‍മാണം പൂര്‍ത്തിയായി. ഏകദേശം 20,000 ആളുകള്‍ ബാര ഇമാംബാരയുടെ നിര്‍മാണത്തില്‍ പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്. ഇസ്ലാമിക്, മുഗള്‍, ഗോഥിക് ശൈലികളുടെ സമന്വയമാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.
രാവണൻ കോട്ട
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്ടയാണ്. മുകള്ത്തട്ടിലെത്തിച്ചേരാന് ഒരേ പോലെയുള്ള 1024 പാതകളാണ് ഈ രാവണന്കോട്ടയ്ക്കുള്ളത്.
ഒരേ പോലെ തോന്നിക്കുന്ന 489 കവാടങ്ങളും ഇതിലുണ്ട്. ഭൂല്ഭൂലയ്യയ്ക്കുള്ളില് തനിച്ചു കയറുന്ന ഒരാള്‍ക്കു തിരികെ പുറത്തിറങ്ങുക അതീവ ദുഷ്കരമാണ്. രണ്ടേ രണ്ടു വഴികള്‍ മാത്രമാണ് പുറത്തിറങ്ങാനുള്ളത്. അതിനാല്‍ത്തന്നെ ഗൈഡുകളുടെ കൂടെ മാത്രമേ ഉള്ളില്‍ പ്രവേശനം അനുവദിക്കാറുള്ളൂ. നവാബിന്റെ സമ്പത്ത് ശത്രുക്കളില്‍നിന്നു സംരക്ഷിക്കാനാണ് ഇവിടെ ഇങ്ങനെയൊരു രാവണന് കോട്ട നിര്‍മിച്ചതെന്നാണ് അനുമാനം.
പടിക്കിണർ
ഷാഹി ബൗളി എന്ന പേരിലറിയപ്പെടുന്ന ഒഴുകുന്ന പടിക്കിണര്‍ മറ്റൊരു അദ്ഭുതമാണ്. ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ ഇവിടം ആക്രമിച്ചപ്പോള്‍ നവാബിന്റെ ഖജനാവ് സൂക്ഷിപ്പുകാരില്‍ ഒരാള്‍ രക്ഷപ്പെട്ടത് ഈ പടിക്കിണറില്‍ ചാടിയാണെന്നും ഒരു കഥയുണ്ട്. യഥാര്‍ഥത്തില്‍ ബാര ഇമാംബാര ഒരു മസ്ജിദോ സ്മാരകമന്ദിരമോ അല്ല. മുഹറം പോലുള്ള ചടങ്ങുകള്‍ക്കു ഷിയാ മുസ്ലിംകള്ക്ക് ഒത്തുകൂടാനുള്ള ഒരു സ്ഥലം എന്ന നിലയിലായിരുന്നു ഇതിന്റെ നിര്‍മാണം.
താങ്ങുകളില്ലാതെ
ബാര ഇമാംബാരയുടെ നിര്‍മാണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത താങ്ങുകളില്ലാത്ത നടുത്തളമാണ്. ഇവിടെയാണ് നവാബ് അസഫ് ഉദ് ദൗളയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. 50 x16 വലിപ്പത്തിലുള്ള നടുത്തളം ലോകത്തെ ഏറ്റവും വലിയ താങ്ങുകളില്ലാത്ത നിര്‍മാണമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മോസ്കുകളും പടിക്കിണറുകളും നടുമുറ്റങ്ങളും ഭംഗിയായി പരിപാലിക്കുന്ന ഉദ്യാനങ്ങളും ബാര ഇമാം ബാരയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. ഇന്നു ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ ഇവിടെയെത്തുന്നുണ്ട്.
അജിത് ജി. നായർ