ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനിർത്താൻ കഴിയുന്ന അവസ്ഥയുണ്ടെന്ന്. ലോകത്തിലെ പ്രധാനപ്പെട്ട സർവകലാശാലകളിലൊന്നായ സ്പെയിനിലെ ബാഴ്സലോണ യൂണിവേഴ്സിറ്റിയിലെ ബയോജിയോകെമിസ്റ്റ് ആയ ആൻഡ്രിയ ബുട്ടുറിനിയും സംഘവും ചുവന്ന ഗ്രഹത്തിൽ ജീവന്റെ സാധ്യതകൾ ഉറപ്പെന്ന് അഭിപ്രായപ്പെടുന്നു.
"ന്യൂ സയന്റിസ്റ്റ്' പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിലാണ് ശാസ്ത്രജ്ഞർ ഇക്കാര്യം അവകാശപ്പെടുന്നത്.പുരാതന ചൊവ്വാ സമതലമായ-അസിഡാലിയ പ്ലാനിറ്റിയ- സൂക്ഷ്മജീവികൾക്ക്, പ്രത്യേകിച്ച് മെഥനോജനുകൾക്ക് (ഓക്സിജനില്ലാത്ത സാഹചര്യങ്ങളിൽ ഉപാപചയഫലമായി മീഥെയ്ൻ ഉപോത്പന്നമായി പുറത്തുവിടുന്ന സൂക്ഷ്മാണുക്കൾ) ഉപരിതലത്തിനടിയിൽ ആഴത്തിൽ പതിയിരിക്കാവുന്ന സങ്കേതമായിരിക്കാമെന്ന് "ന്യൂ സയന്റിസ്റ്റ്' പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ പറയുന്നു.
കിലോമീറ്ററുകൾ ആഴത്തിൽ
വിവിധ ചൊവ്വാ ദൗത്യങ്ങളിൽനിന്നു ശേഖരിച്ച ഡാറ്റ വിശകലനത്തിലൂടെ, 4.3 മുതൽ 8.8 കിലോമീറ്റർ വരെ ആഴത്തിലുള്ള ഭൂഗർഭമേഖല ഗവേഷകസംഘം തിരിച്ചറിഞ്ഞു. അവിടത്തെ സാഹചര്യങ്ങൾ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെ പിന്തുണയ്ക്കുന്നു.
ചൊവ്വയിലെ ജീവന്റെ തെളിവുകൾ കണ്ടെത്താൻ, ഗവേഷകർക്ക് അതിന്റെ ഉപരിതലത്തിനടിയിൽ മൈലുകൾ തുരക്കേണ്ടതുണ്ട്. ഇതിനു വിപുലമായ ദൗത്യങ്ങളും സാങ്കേതിക വിദ്യകളും ആവശ്യമാണ്. അസിഡാലിയ പ്ലാനിറ്റിയ മേഖലയിൽ മീഥെയ്ൻ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകൾ വളരുമെന്നാണ് ഗവേഷകരുടെ പൊതു അഭിപ്രായം.
ഉയർന്ന ഊഷ്മാവ്, വികിരണം, തീവ്ര ഉപ്പുരസമുള്ള അവസ്ഥ തുടങ്ങി അത്യന്തം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നവ എക്സ്ട്രിമൊഫൈലുകൾ ഭൂമിയിൽ ഉണ്ട്. ഓക്സിജനോ സൂര്യപ്രകാശമോ ആവശ്യമില്ല. കൂടാതെ കുറഞ്ഞ പോഷകങ്ങളിൽ അതിജീവിക്കാൻ കഴിയും. ചതുപ്പുകൾ, ദ്രവിച്ചുകൊണ്ടിരിക്കുന്ന ജൈവവസ്തുക്കൾ, സസ്യഭുക്കുകളുടെ കുടൽ എന്നിവയിൽ പോലും മെഥനോജനുകൾ കാണപ്പെടുന്നു.
തുരക്കണം
2028ൽ വിക്ഷേപിക്കാനൊരുങ്ങുന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റോസലിൻഡ് ഫ്രാങ്ക്ലിൻ റോവറിൽ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഏഴടി തുളച്ചുകയറാൻ കഴിയുന്ന ഉപകരണം ഉൾപ്പെടുമെങ്കിലും ഗവേഷകർ തിരിച്ചറിഞ്ഞ വാസയോഗ്യമായ മേഖലയിലേക്ക് എത്താൻ ഇതു പര്യാപ്തമണോ എന്ന കാര്യം സംശയം.
ചൊവ്വയുടെ ഉപരിതലം വളരെ തണുപ്പുള്ളതും താഴ്ന്ന മർദമുള്ളതുമാണ്. എക്സ്ട്രിമൊഫൈലുകൾക്കു പോലും അതിജീവിക്കാൻ കഴിയില്ല, എന്നാൽ, ഉപരിതലത്തിന് താഴെ മെച്ചപ്പെട്ട സ്ഥിതിയാണ്. പുരാതന സമുദ്രങ്ങളിൽനിന്നുള്ള ജല അവശിഷ്ടങ്ങൾ തുടങ്ങിയ ഘടകങ്ങൾ അഞ്ചു മൈൽ വരെ ആഴത്തിൽ ബാക്ടീരിയകൾക്കു വാസയോഗ്യമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ബുട്ടുറിനിയും സംഘവും ചൊവ്വയുടെ ഓർബിറ്റർ ഡാറ്റ ഉപയോഗിച്ചു സൂക്ഷ്മജീവികളുടെ ജീവൻ നിലനിർത്താൻ കഴിയുന്ന ഉയർന്ന തോറിയം സാന്ദ്രതയുള്ള പ്രദേശങ്ങൾ കണ്ടെത്തി. ചൈനയുടെ ഷുറോംഗ് റോവർ ദൗത്യത്തിൽനിന്നുള്ള ഐസ് മാപ്പുമായി ചേർത്തു കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ഭൂഗർഭജല പ്രവർത്തനത്തിന്റെയും കളിമണ്ണിന്റെയും കാർബണേറ്റ് നിക്ഷേപങ്ങളുടെയും അടയാളങ്ങളുള്ള മധ്യ-അക്ഷാംശ മേഖലയായ തെക്കൻ അസിഡാലിയ പ്ലാനിറ്റിയയെ അന്യഗ്രഹജീവിസാന്നിധ്യമുള്ള ഏറ്റവും പ്രതീക്ഷ നൽകുന്ന ലക്ഷ്യമായി കണക്കാക്കുന്നു.
ഇവിടത്തെ, ആഴങ്ങളിൽ താപനില കൂടുതൽ അനുകൂലമാണ്- 32 മുതൽ 50 ഡിഗ്രി F വരെ. ചൊവ്വയിലെ മണ്ണുമായി കലർന്ന ദ്രാവക ജലം-ബാക്ടീരിയയുടെ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഘടകമാണെന്നും ബുട്ടുറിനിയും സംഘവും പറയുന്നു.
ഗവേഷണഫലങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ, ചുവന്ന ഗ്രഹത്തിൽ അന്യഗ്രഹ ജീവികളുടെ അസ്തിത്വം സ്ഥിരീകരിക്കൽ മാത്രമല്ല, ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥെയ്ൻ, ജൈവികസാന്നിധ്യം ഉണ്ടെന്നതിനു പരോക്ഷ തെളിവാകുകയും ചെയ്യും.
പി.ടി. ബിനു