പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുതന്നെ ആശങ്കപ്പെടുന്നതിലൂടെ ശ്രദ്ധേയമായിരിക്കുന്നു. മനുഷ്യവംശത്തിന്റെ പ്രത്യുത്പാദനത്തെക്കുറിച്ചായിരുന്നു പഠനം. നിർണായകമായ കണ്ടെത്തലുകളിൽ ഇപ്പോൾ തുടർഗവേഷണങ്ങള്‍ നടക്കുകയാണ്.
പുരുഷലിംഗം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ Y ക്രോമസോം ക്രമേണ ചുരുങ്ങുകയും ഒടുവില്‍ അപ്രത്യക്ഷമാവുകയും ചെയ്തേക്കാമെന്നാണ് പഠനം ആശങ്കപ്പെടുന്നത്. ഇതു പെണ്‍കുഞ്ഞുങ്ങള്‍ വളരെ കൂടുതൽ ജനിക്കുന്ന ലോകത്തിനു കാരണമായേക്കാം. പുരുഷവംശം ഭൂമിയിൽനിന്ന് ഇല്ലാതാകുന്ന പ്രവണതയായിരിക്കാം ഈ സാഹചര്യം സൃഷ്ടിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
Y ക്രോമസോം ഇല്ലാതാകുമോ?
ഗവേഷകര്‍ ഇപ്പോള്‍ ഗവേഷണം നടത്തുന്ന ജനിതക മാറ്റം, ചിലപ്പോൾ ഒരു പുതിയ ലിംഗഭേദം നിര്‍ണയിക്കുന്ന ജീനിനെ വികസിപ്പിച്ചേക്കാം. അല്ലെങ്കില്‍ മറ്റു പ്രത്യുത്പാദന സംവിധാനങ്ങള്‍ വികസിച്ചുവരാം. Y ക്രോമസോം ഇല്ലാതാകുന്നതിലൂടെ പ്രത്യുത്പാദനത്തിന്റെ മുഖം മാറുകയും മനുഷ്യകുലത്തിന്റെ നിലനിൽപ്പിനെത്തന്നെ ആശങ്കപ്പെടുത്തുകയും നിലനിൽപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. പുരുഷജനനത്തിനു നിര്‍ണായകമായ Y ക്രോമസോം ചുരുങ്ങുകയാണെന്നും ഒടുവില്‍ അപ്രത്യക്ഷമാകുമെന്നും ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. സയൻസ് ഫിക്ഷൻ അല്ലെന്നും സ്ത്രീകള്‍ കൂടുതലായി ജനിക്കുന്ന ഭാവി സംഭവിച്ചേക്കാമെന്നുമാണ് അവരുടെ അഭിപ്രായം.
Y ക്രോമസോം പോയവർ
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസിൽ രണ്ടുവർഷം മുന്‍പു പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ Y ക്രോമസോം നഷ്ടപ്പെട്ടതും ഇപ്പോഴും നിലനിൽക്കുന്നതുമായ രണ്ട് എലി വംശങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. കിഴക്കൻ യൂറോപ്പിലെ മോൾ വോളുകളും ജപ്പാനിലെ സ്പൈനി എലികളുമാണ് ഇവ. അമാമി സ്പൈനി എലി (ടോക്കുഡയ ഒസിമെൻസിസ്) ജാപ്പനീസ് ദ്വീപായ അമാമി ഓഷിമയിൽ മാത്രം കാണപ്പെടുന്നു.
മനുഷ്യരുടെ ഭാവി?
മനുഷ്യർ വികസിച്ചുകൊണ്ടിരുന്ന 166 ദശലക്ഷം വര്‍ഷങ്ങളില്‍ Y ക്രോമസോമിന് 900ൽനിന്ന് 55 വരെ സജീവ ജീനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതായത് ഒരു ദശലക്ഷം വര്‍ഷത്തില്‍ അഞ്ച് ജീനുകളുടെ നഷ്ടം. ഈ നിരക്കില്‍, 11 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ അവസാന 55 ജീനുകള്‍ ഇല്ലാതായേക്കാം. അതായത് മനുഷ്യകുലം അസ്തമിച്ചേക്കാം..!
പി.ടി. ബിനു