സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, എന്താണ് സ്വപ്നം കാണാൻ പോകുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. എന്നാൽ, മുൻകൂട്ടി പ്ലാൻ ചെയ്ത് ഒരാളെ ഒരു പ്രത്യേക സ്വപ്നം കാണിക്കുന്ന സാഹചര്യം ഒരുക്കിയാലോ? കേട്ടപ്പോൾ അസാധ്യമായ ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ടോ? എന്നാൽ, ഭാവിയിൽ അതു സംഭവിച്ചാൽ അതിശയിക്കാനില്ല എന്നതാണ് പുതിയ ചില പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. സയൻസ് ഫിക്ഷനിൽ മാത്രം കണ്ടുപരിചയിച്ച ഒരു സംഭവം കലിഫോർണിയയിലെ ശാസ്ത്രജ്ഞർ പരീക്ഷിച്ചുനോക്കിയിരിക്കുന്നു. കലിഫോർണിയ ആർഇഎം-സ്പേസിലെ (REMspace) ഗവേഷകരാണ് ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഈ രംഗത്തുണ്ടാക്കിയിരിക്കുന്നത്.
പ്രത്യേകം രൂപകല്പന ചെയ്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, വ്യക്തമായ സ്വപ്നങ്ങളിലൂടെ ആശയവിനിമയം നടത്താമെന്നാണ് ഈ ഗവേഷകരുടെ അവകാശവാദം. എന്നാൽ, ഈ അവകാശവാദം ഇനിയും ശാസ്ത്രസമൂഹം അവലോകനം ചെയ്യുകയോ സാധൂകരിക്കുകയോ ചെയ്തിട്ടില്ല. ഇവരുടെ പരീക്ഷണം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ നിദ്രാസംബന്ധിയായ ഗവേഷണത്തിലെ സുപ്രധാന ഏടായിരിക്കും. മാനസികാരോഗ്യ ചികിത്സ, നൈപുണ്യപരിശീലനം തുടങ്ങിയവയിലും പ്രയോജനപ്പെടും.
ഒരു വ്യക്തി സ്വപ്നത്തിൽ മുഴുകിയിരിക്കുന്പോൾ സ്വപ്നം കാണുകയാണെന്നു തിരിച്ചറിയുന്ന സവിശേഷമായ ബോധാവസ്ഥയാണ് ഇതിൽ സൃഷ്ടിക്കപ്പെടുന്നത്. വെറുതെ കാണുന്നതിനുപരിയായി സ്വപ്നങ്ങൾ ബോധപൂർവമായ പ്രതികരണം നടത്താൻ ഇതവരെ പ്രാപ്തരാക്കുന്നു. ഈ പ്രതിഭാസം സാധാരണയായി സംഭവിക്കുന്നത് ഏറ്റവും കൂടുതൽ സ്വപ്നം കാണുന്ന ഘട്ടമായ റാപ്പിഡ് ഐ മൂവ്മെന്റ് (REM) ഉറക്കത്തിലാണ്.
പരീക്ഷണത്തിൽ പങ്കെടുത്തവരുടെ മസ്തിഷ്ക തരംഗങ്ങളും മറ്റ് ബയോളജിക്കൽ ഡാറ്റയും നിരീക്ഷിക്കാൻ രൂപകല്പന ചെയ്ത ഉപകരണമാണ് ആർഇഎം-സ്പേസ് പ്രധാനമായും ഉപയോഗിച്ചത്. കൂടാതെ, പങ്കെടുക്കുന്നവർ വ്യക്തമായ സ്വപ്നാവസ്ഥയിലേക്കു പ്രവേശിക്കുമ്പോൾ അതു കണ്ടുപിടിക്കാൻ കഴിവുള്ള ഒരു "സെർവർ' ഉപയോഗിച്ചു. എന്നിരുന്നാലും, പരീക്ഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങളേതെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സിനിമ പോലെ
ഇൻസെപ്ഷൻ എന്ന സിനിമയിലെ ഒരു രംഗത്തോടു സാമ്യമുള്ളതായിരുന്നു പരീക്ഷണം. പങ്കാളികളിലൊരാൾ വ്യക്തമായ സ്വപ്നത്തിലേക്കു പ്രവേശിച്ചെന്നു സെർവർ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, പ്രത്യേക ഭാഷയിൽ ഇയർ ബഡുകൾ വഴി ഒരു വാക്ക് കേൾപ്പിക്കും. ഇയാൾ സ്വപ്നത്തിൽ ഈ വാക്ക് ആവർത്തിക്കുന്ന പ്രതികരണം റിക്കാർഡ് ചെയ്തു സെർവറിൽ സൂക്ഷിക്കും. മിനിറ്റുകൾക്കു ശേഷം, അടുത്തയാൾ സ്വപ്നത്തിൽ പ്രവേശിച്ചു. അപ്പോൾ ആദ്യത്തെ പങ്കാളിയിൽനിന്നു സംഭരിച്ച സന്ദേശം സെർവർ അയാളെ കേൾപ്പിച്ചു. സ്വപ്നത്തിൽനിന്ന് ഉണർന്നപ്പോൾ അയാൾ ആ വാക്ക് ആവർത്തിച്ചതായി ഗവേഷകർ പറയുന്നു.
ഉറക്കം മെച്ചപ്പെടുത്താനും സ്വപ്നങ്ങൾ കാണാനും ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ആർഇഎം-സ്പേസിന്റെ ലക്ഷ്യം. കന്പനി സ്ഥാപകനും സിഇഒയുമായ മൈക്കൽ റഡുംഗയുടെ നേതൃത്വത്തിലാണു ഗവേഷണങ്ങൾ. ഉറക്കവും അതിന്റെ അനുബന്ധ പ്രതിഭാസങ്ങളായ സ്വപ്നങ്ങളും നിർമിത ബുദ്ധിക്ക് (AI) ശേഷമുള്ള വലിയ വ്യവസായമായി മാറുമെന്നും നാൽപതുകാരനായ റഡുംഗ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പി.ടി. ബിനു